| Friday, 8th November 2024, 3:55 pm

അജയന്റെ രണ്ടാം മോഷണത്തിലെ മോഹൻലാൽ റഫറൻസുകൾ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ഒ.ടി.ടിയിൽ റിലീസായ ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം ഗംഭീര പ്രതികരണമാണ് തിയേറ്ററിൽ നിന്ന് നേടുന്നത്. ബേസിൽ ജോസഫിന്റെ സംവിധാന സഹായിയായിരുന്ന നവാഗതാനായ ജിതിൻ ലാൽ ആദ്യമായി സംവിധാനം ചെയുന്ന ചിത്രം അജയൻ, മണിയൻ, കുഞ്ഞിക്കേളു എന്നീ മൂന്ന് കഥാപാത്രങ്ങളുടെ കഥയാണ് പറയുന്നത്. മൂന്ന് വേഷവും അവതരിപ്പിക്കുന്നത് ടൊവിനോ തന്നെയാണ്. ത്രീ.ഡിയിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്.

റിലീസിന് മുന്നോടിയായി നൽകിയ പ്രൊമോഷന് അഭിമുഖങ്ങളിൽ സംവിധായകൻ ജിതിൻ ലാൽ താനൊരു കടുത്ത മോഹൻലാൽ ഫാൻ ബോയ് ആണെന്ന് ക്ലബ് എഫ്.എമ്മിനോട് പറഞ്ഞിരുന്നു. ചെറുപ്പം മുതല്‍ മോഹന്‍ലാലിന്റെ വലിയൊരു ആരാധകനായിരുന്നു താനെന്നും സ്‌കൂളില്‍ ചേര്‍ക്കാന്‍ നേരം എന്താണ് പേരെന്ന് ടീച്ചര്‍ ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ എന്നായിരുന്നു താൻ പേര് പറഞ്ഞതെന്നും ജിതിൻ അഭിമുഖത്തിൽ പറയുന്നുണ്ട്.

ആ പേര് ശരിയാവില്ലെന്നും അച്ഛന്റെയോ അമ്മയുടെയോ പേരുമായി യാതൊരു സാമ്യവുമില്ലാത്ത പേരാണെന്നും അത് മാറ്റണമെന്ന് പറഞ്ഞപ്പോള്‍ അച്ഛന്റെ ബുദ്ധിയാണ് ജിതിന്‍ എന്ന പേരിനൊപ്പം ലാൽ എന്ന് ചേർത്തതെന്നും ജിതിൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഒടുവിൽ അജയന്റെ രണ്ടാം മോഷണം റിലീസ് ആയതിന് ശേഷം ചിത്രത്തിലുടനീളം ജിതിൻ എന്ന മോഹൻലാൽ ഫാനിനെ കാണാൻ കഴിയുന്നുണ്ട് എന്നതാണ് സത്യം. മൂന്ന് കാലഘട്ടങ്ങളിൽ നടക്കുന്ന കഥയിൽ അജയൻ എന്ന കഥാപാത്രത്തിന്റെ കഥാ പശ്ചാത്തലം തൊണ്ണൂറുകളാണ്. തൊണ്ണൂറുകൾ എന്ന് പറഞ്ഞാൽ മോഹൻലാലും മമ്മൂട്ടിയും മലയാള സിനിമയിൽ കത്തി നിൽക്കുന്ന സമയം.

അജയന്റെ രണ്ടാം മോഷണം തുടങ്ങുന്നത് തന്നെ മോഹൻലാലിൻറെ വോയിസ് ഓവറിലാണ്. ത്രീ.ഡിയുടെ മായിക ലോകത്തേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടുപോവാൻ അദ്ദേഹത്തിന്റെ വോയിസ് ഓവർ തന്നെ ധാരാളമായിരുന്നു. പ്രധാന കഥാപാത്രമായ അജയന്റെ കാമുകിയുടെ വേഷത്തിൽ എത്തുന്നത് കൃതി ഷെട്ടിയാണ്. കൃതിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് അജയന്റെ രണ്ടാം മോഷണം.

ചിത്രത്തിൽ അജയൻ ലക്ഷ്മിയെന്ന കഥാപാത്രത്തോട് പറയുന്ന ഡയലോഗ് മോഹൻലാലിൻറെ ഏറ്റവും സ്വീകാര്യത നേടിയ റൊമാന്റിക് ഡയലോഗായ ‘നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം’ എന്ന് തുടങ്ങുന്ന നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന പത്മരാജൻ ചിത്രത്തിലെ ഡയലോഗാണ്. റേഡിയോയിലൂടെ ടൊവിനോ ഇത് പറയുമ്പോൾ ലക്ഷ്മിയുടെ അച്ഛൻ അത് കേൾക്കുന്നുണ്ട്. പക്ഷെ അയാൾ ചോദിക്കുന്നത്, ഇത് മോഹൻലാൽ അല്ലേയെന്നാണ്.

അതുപോലെ അജയന്റെ റൂമിൽ ചുവരിലായി തൊണ്ണൂറുകളിലെ മോഹൻലാലിൻറെ ചിത്രം കാണിക്കുന്നുണ്ട്. ചില സീനുകളിൽ പ്രത്യക്ഷപ്പെടുന്ന മൂവീ പോസ്റ്ററുകളിൽ മോഹൻലാൽ സിനിമകളും കാണുന്നുണ്ട്. മറ്റൊരു റഫറൻസ് കാണാൻ സാധിക്കുന്നത് ചിത്രത്തിലെ ഒരു പാട്ട് സീനിലാണ്. അജയനും ലക്ഷ്മിയും സഞ്ചരിക്കുന്ന ബസിന്റെ പേര് ഗൾഫ് മോട്ടോർസ് എന്നാണ്. മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നായ വരവേൽപ്പ് എന്ന ചിത്രത്തിലാണ് മുമ്പ് മലയാളികൾ ഗൾഫ് മോട്ടോർസ് എന്ന ബസ് കാണുന്നത്.

അതുപോലെ ചിത്രത്തിലെ ബേസിൽ ജോസഫിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന സീൻ മണിച്ചിത്രത്താഴ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ മോഹൻലാലിൻറെ ഇൻട്രോയോട് ചെറിയ സാമ്യം തോന്നി. സുരേഷ് എന്ന കഥാപാത്രത്തെയായിരുന്നു ബേസിൽ സിനിമയിൽ അവതരിപ്പിച്ചത്. ഒടുവിൽ സിനിമ അവസാനിക്കുമ്പോൾ മോഹൻലാലിൻറെ വോയിസ് ഓവറിൽ തന്നെയാണ് സിനിമ അവസാനിക്കുന്നത്.

തീർച്ചയായും മലയാളത്തിൽ ഇറങ്ങിയതിൽ മികച്ച വിഷ്വൽ ട്രീറ്റ് ഡിമാൻഡ് ചെയ്യുന്ന സിനിമ തന്നെയാണ് അജയന്റെ രണ്ടാം മോഷണം. . ആക്ഷനും റൊമാൻസും ത്രില്ലിങ് രംഗങ്ങളും നിറഞ്ഞ ഈ ഓണക്കാലത്തിന് പറ്റിയ കംപ്ലീറ്റ് പാക്കേജ് തന്നെയായി മാറുന്നുണ്ട് അജയന്റെ രണ്ടാം മോഷണം.

Content Highlight: Mohanlal Reference In Ajayante Randam Moshanam Movie

We use cookies to give you the best possible experience. Learn more