തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് മോഹന്‍ലാല്‍. താന്‍ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടിയതല്ലെന്നും ഗുജറാത്തിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭാര്യയുടെ ശസ്ത്രക്രിയ ഉണ്ടായിരുന്നതിനാല്‍ തനിക്ക് പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല. ഒപ്പം തന്റെ പുതിയ സിനിമയായ ബറോസിന്റെ നിര്‍മാണത്തിരക്കിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അമ്മ സംഘടന പിരിച്ചു വിട്ടത് ശരിരായില്ലെന്ന് പറയുന്നവര്‍ വന്ന് സ്ഥാനം ഏറ്റെടുക്കട്ടെയെന്നും മോഹന്‍ലാല്‍ പറഞ്ഞു. അങ്ങനെ പറഞ്ഞവര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടോ അല്ലാതെയോ സംഘടനയുടെ നേതൃത്വം ഏറ്റെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല ഞാന്‍ നിങ്ങളോടൊപ്പം കഴിഞ്ഞ 47 വര്‍ഷങ്ങളായി സഞ്ചരിക്കുന്ന വ്യക്തിയാണ്. എന്റെ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ ഈ വിഷയത്തെക്കുറിച്ച് ആധികാരികമായി സംസാരിക്കാതിരുന്നത്.
ഞാന്‍ കഴിഞ്ഞ കുറെ നാളുകളായി കേരളത്തില്‍ ഇല്ലായിരുന്നു. ഞാന്‍ ഗുജറാത്തിലും ബോംബയിലുമായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാല്‍ എന്റെ ഭാര്യയുടെ ശസ്ത്രക്രിയ ആയിരുന്നു. ഒപ്പം എന്റെ സിനിമയായ ബറോസിന്റെ തിരക്കുകളിലായിരുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.
തന്റെ അഭിനയ ജീവിതം ആരംഭിച്ചത് 1978ലാണ്. താന്‍ അഭിനയത്തിലേക്ക് കടന്ന് വന്ന് 47 വര്‍ഷങ്ങള്‍ക്കിപ്പുറം താന്‍ ഉള്‍പ്പെടുന്ന ഒരു വ്യവസായ മേഖലയില്‍ ഉണ്ടായ ദൗര്‍ഭാഗ്യകരമായ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ ഇടവന്നെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം മറ്റെല്ലാ മേഖലകളിലും നടക്കുന്ന ഒരു കാര്യമാണ് മലയാളം സിനിമയിലും നടന്നതെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വളരെയധികം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്മ ഒരു ട്രേഡ് യൂണിയന്‍ സ്വഭാവമുള്ള സംഘടനയല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
‘കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഇന്‍ടസ്ട്രിയാണ്, ദയവ് ചെയ്ത് ഞങ്ങളിലേക്ക് മാത്രം ഫോക്കസ് ചെയ്യരുത്. സര്‍ക്കാറും പൊലീസും ഇതിനെ പിന്നാലെയുണ്ട്. അതുകൊണ്ട് തന്നെ ആധികാരികമായി ഒരു അഭിപ്രായം ചോദിച്ചാല്‍ എനിക്ക് മറുപടി പറയാനാകില്ല. രാജിവെച്ചത് ശരിയായില്ലെന്ന് പറയുന്നവര്‍ മുന്നോട്ട് വരട്ടെ, തെരഞ്ഞെടുപ്പിനെ നേരിട്ടോ അല്ലാതെയോ അവര്‍ക്ക് അമ്മയെ നയിക്കാം. അമ്മ മാത്രമല്ല ഉത്തരം പറയേണ്ടത്. എല്ലാവരും ചേര്‍ന്നാണ് മറുപടി പറയേണ്ടത്. അത് കൊണ്ടാണ് മാറിനിന്നത്.
ഹേമ കമ്മിറ്റിക്ക് മുമ്പില്‍ ഞാനും മൊഴി നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്. എല്ലാ മേഖലയിലും ഇത്തരത്തിലുള്ള കമ്മിറ്റിയുണ്ടാകണമെന്നാണ് കരുതുന്നത്. കുറ്റം ചെയ്തിട്ടുള്ള ആളുകള്‍ ശിക്ഷിക്കപ്പെടണം. ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് അസോസിയേഷന്‍ ഉണ്ടാകണം. അവരെ ഇപ്പോള്‍ ഏജന്‍സികളാണ് കൈകാര്യം ചെയ്യുന്നത്. ആര്‍ടിസ്റ്റുകള്‍ പെട്ടെന്ന് തളര്‍ന്ന് പോകുന്നവരാണ്.
അമ്മയുടെ പ്രസിഡന്റ് ആയിരുന്ന വ്യക്തി എന്ന നിലയിലല്ല. 47 വര്‍ഷം സിനിമയിലുണ്ടാകുന്ന ആള്‍ എന്ന നിലയിലാണ് സംസാരിക്കുന്നത്. കാനിലടക്കം സാന്നിദ്ധ്യമറിയിച്ച ഇന്‍ഡസ്ട്രിയാണ് മലയാളം. ലോകത്തിന് മുന്നില്‍ ഇത്തരം വാര്‍ത്തകള്‍ വരുന്നത് ഇന്‍ഡസ്ട്രിയുടെ തകര്‍ച്ചക്ക് കാരണമാകും. നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും എനിക്ക് മറുപടിയില്ല. നിങ്ങള്‍ക്ക് ഞങ്ങളെ അറിയാം. ഒരു ദിവസം കൊണ്ട് എങ്ങനെയാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് അന്യരാകുന്നത്.
ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്. ഒരു ഇന്‍ഡസ്ട്രി തകര്‍ന്ന് പോവുന്ന കാര്യമാണിത്. പതിനായിരക്കണക്കിനാളുകള്‍ ജോലി ചെയ്യുന്ന മേഖലയാണ് മലയാള സിനിമ. എന്റെ സിനിമ ജീവിതം തുടങ്ങുന്നത് മദ്രാസില്‍ നിന്നാണ്. അന്നൊന്നും ഒരു വിധത്തിലുള്ള സൗകര്യങ്ങളും ഇല്ലായിരുന്നു. കഷ്ടപ്പാടിനെ കുറിച്ച് പറയുകയല്ല. വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഒരു ഇന്‍ഡസ്ട്രിയാണ്.
ഒരുപാട് അഭിനേതാക്കള്‍ ഉണ്ടായിരുന്ന, ഇപ്പോഴുമുള്ള, ഇനിയും വരാനിരിക്കുന്ന ഒരു ഇന്‍ഡസ്ട്രിയാണ്. മറ്റ് ഭാഷകളിലേക്ക് പോവുമ്പോഴാണ് നമ്മുടെ ഇന്‍ഡസ്ട്രിയുടെ മഹത്വം അറിയുന്നത്. ഇതിന് പുറമേ ഒരു സര്‍ക്കാറുണ്ട്, അവര്‍ നിയമിച്ച ഒരു കമ്മിറ്റിയുണ്ട്. പൊലീസുണ്ട്, സര്‍ക്കാര്‍ അതിനുള്ള തീരുമാനം എടുക്കുന്നുണ്ട്. അത് കോടതി വരെ എത്തി നില്‍ക്കുന്നുണ്ട്. അതില്‍ ആധികാരികമായി ഒരു അഭിപ്രായം ചോദിച്ച് കഴിഞ്ഞാല്‍ അതെ, അല്ല എന്ന് പറയാനുള്ള അവസരം എനിക്കില്ല. ഞാന്‍ പറയില്ല, മോഹന്‍ലാല്‍ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷ ആദ്യമായാണ് മോഹന്‍ലാല്‍ സംസാരിക്കുന്നത്. നേരത്തെ അമ്മയുടെ പ്രതികരണമുണ്ടായ സമയത്തും ജനറല്‍ സെക്രട്ടറിയായ സിദ്ദീഖാണ് മാധ്യമങ്ങളെ അഭിമുഖീകരിച്ചിരുന്നത്. പിന്നാലെ എക്‌സിക്യൂട്ടീവ് പിരിച്ചുവിട്ട് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹന്‍ലാല്‍ രാജിവെക്കുകയാണുണ്ടായത്.
content highlights: Mohanlal reacts to the Hema committee report