| Wednesday, 25th December 2024, 4:21 pm

ഏത് പാട്ടിനും ചേരും എന്നതാണ് എന്റെ ആ ഡാന്‍സ് സ്റ്റെപ്പിന്റെ പ്രത്യേകത: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ എന്ന നടനെക്കുറിച്ച് പറയുമ്പോള്‍ എടുത്തുപറയുന്ന ഒന്നാണ് അയാളുടെ നൃത്തരംഗങ്ങളിലെ അനായാസത. പ്രൊഫഷണല്‍ ഡാന്‍സര്‍ അല്ലാതിരുന്നിട്ടും ഏത് പാട്ടിനും മോഹന്‍ലാല്‍ ചുവടുവെക്കുമ്പോള്‍ കണ്ടിരിക്കാന്‍ പ്രത്യേകരസമാണ്. സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ പുതിയ പാട്ടുകള്‍ക്ക് മോഹന്‍ലാലിന്റെ പഴയ സിനിമകളിലെ ഡാന്‍സ് മിക്‌സ് ചെയ്ത എഡിറ്റഡ് വീഡിയോകള്‍ ധാരാളമായി പുറത്തിറങ്ങുന്നുണ്ട്.

അതില്‍ എടുത്തുപറയേണ്ട ഒന്നാണ് ഒന്നാമന്‍ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ ഡാന്‍സ്. സൗത്ത് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയില്‍ ഏത് ഫാസ്റ്റ് നമ്പര്‍ പാട്ട് പുറത്തിറങ്ങിയാലും ഒന്നാമനിലെ മോഹന്‍ലാലിന്റെ ഡാന്‍സ് മിക്‌സ് ചെയ്തിട്ടുള്ള വീഡിയോ വൈറലാകാറുണ്ട്. അത്തരം വീഡിയോകളോട് പ്രതികരിക്കുകയാണ് മോഹന്‍ലാല്‍.

22 വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രത്തിലെ സ്റ്റെപ്പാണ് അതെന്നും റാമോജി റാവു ഫിലിം സിറ്റിയില്‍ വെച്ചാണ് ആ പാട്ട് ചിത്രീകരിച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഏത് ഫാസ്റ്റ് നമ്പര്‍ പാട്ടിനും ആ സ്റ്റെപ്പ് ചേരുമെന്നതാണ് അതിന്റെ പ്രത്യേകതയെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ഗുണ്ടൂര്‍ കാരം എന്ന ചിത്രത്തിലെ പാട്ടിന് ആ ഡാന്‍സ് സ്റ്റെപ്പ് മിക്‌സ് ചെയ്ത വീഡിയോ താന്‍ കണ്ടിരുന്നെന്നും നല്ല രസമുണ്ടായിരുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു. ബാറോസിന്റെ തെലുങ്ക് പ്രൊമോഷനിടെയാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.

‘ആ ഡാന്‍സ് 22 വര്‍ഷം മുമ്പ് ഷൂട്ട് ചെയ്തതാണ്. ഒന്നാമന്‍ എന്ന സിനിമയിലെ പാട്ടിലാണ് ആ ഡാന്‍സ് വരുന്നത്. റാമോജി റാവു ഫിലിം സിറ്റിയിലായിരുന്നു ഷൂട്ട്. ആ ഡാന്‍സിന്റെ പ്രത്യേകതയാണ് അത്. ആ വീഡിയോക്ക് വേറെ പാട്ടുകള്‍ വെച്ചുകൊണ്ടുള്ള എഡിറ്റ് വീഡിയോകള്‍ എല്ലാം ഞാന്‍ കാണാറുണ്ട്. എല്ലാം കണ്ടിരിക്കാന്‍ നല്ല രസമാണ്,’ മോഹന്‍ലാല്‍ പറയുന്നു.

മോഹന്‍ലാല്‍ ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ചിത്രമായ ബാറോസ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ത്രീ.ഡി. ചിത്രമെന്ന നിലയില്‍ മികച്ച പ്രതികരണമാണ് ബാറോസിന് ലഭിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. ബാറോസ് എന്ന ടൈറ്റില്‍ കഥാപാത്രമായി വേഷമിട്ടത് മോഹന്‍ലാല്‍ തന്നെയാണ്.

Content Highlight: Mohanlal reacts to the edited video of Onnaman movie song and his dance

We use cookies to give you the best possible experience. Learn more