തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് എതിര്‍ക്കപ്പടേണ്ട ഒന്നല്ലെന്ന് നടന്‍ മോഹന്‍ലാല്‍.
തിരുവനന്തപുരം: തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് എതിര്‍ക്കപ്പടേണ്ട ഒന്നല്ലെന്ന് നടന്‍ മോഹന്‍ലാല്‍. സിനിമയോടുള്ള ആദരം കൂടിയാണ് ഇതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
ദേശീയഗാനത്തിന്റെ പേരില്‍ വിവാദമുണ്ടാകുന്നത് ശരിയല്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ദേശീയഗാന വിവാദത്തോട് പ്രതികരിച്ചത്.
കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനക്കേസുകളില്‍ തനിക്ക് ഉത്കണ്ഠയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. കാലിക പ്രസക്തിയുള്ള പുതിയ സിനിമയില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയാണ് താന്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യതമാക്കി. മകന്‍ പ്രണവിന്റെ നായകനായുള്ള വരവിന് താനും കാത്തിരിക്കുകയാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ നോട്ട് നിരോധന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചുകൊണ്ടെഴുതിയ ബ്ലോഗിന്റെ പേരില്‍ മോഹന്‍ലാല്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഈ കുറിപ്പിനെതിരെ സിനിമാരംഗത്ത് നിന്ന് പോലും വിമര്‍ശനമുയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ദേശീയഗാന വിവാദത്തിലും അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
മദ്യഷോപ്പിനും തിയേറ്ററുകള്‍ക്കും ആരാധനാ കേന്ദ്രങ്ങള്‍ക്കും മുന്നില്‍ വരിനില്‍ക്കുന്നവര്‍ ഒരു നല്ല കാര്യത്തിന് വേണ്ടി അല്‍പമെങ്കിലും വരി നിന്നാല്‍ കുഴപ്പമില്ലെന്ന അദ്ദേഹത്തിന്റെ നിലപാടായിരുന്നു ഏറെ വിമര്‍ശിക്കപ്പെട്ടത്. സൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ ബ്ലോഗെഴുത്തിനെതിരെ ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
എന്നാല്‍ ഈമാസം താന്‍ ബ്ലോഗെഴുതുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. തന്റെ ബ്ലോഗിലൂടെ തന്നെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. യാത്രയിലായതിനാലാണ് ഇത്തവണ എഴുതാത്തതെന്ന് അദ്ദേഹം ബ്ലോഗിലെഴുതിയിട്ടുണ്ട്. എല്ലാ മാസവും 21-ാം തീയതിയാണ് മോഹന്‍ലാല്‍ ബ്ലോഗെഴുതാറുള്ളത്.