| Wednesday, 11th July 2018, 6:13 pm

രേഖാമൂലം പരാതി നല്‍കിയില്ലെന്ന പ്രസ്താവന; മോഹന്‍ലാലിന് മറുപടിയുമായി ആക്രമിക്കപ്പെട്ട നടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട നടി രേഖാമൂലം പരാതി നല്‍കിയില്ലെന്ന മോഹന്‍ലാലിന്റെ പ്രസ്താവനയ്‌ക്കെതിരെ ആക്രമിക്കപ്പെട്ട നടി. എ.എം.എം.എ ഒരു കുടുംബമാണെങ്കില്‍ ദിലീപിനെതിരേ വാക്കാല്‍ പരാതി നല്‍കിയാല്‍ സംഘടന പരിഗണിക്കില്ലേ എന്നാണ് സുഹൃത്ത് (ആക്രമിക്കപ്പെട്ട നടി) തന്നോട് ചോദിച്ചതെന്ന് എ.എം.എം.എയുടെ മുന്‍ എക്സിക്യൂട്ടീവ് അംഗവും നടിയുടെ അടുത്ത സുഹൃത്തുമായ രമ്യ നമ്പീശന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

വാര്‍ത്താസമ്മേളം കണ്ടതിന് ശേഷം ഞാന്‍ അവളുമായി സംസാരിച്ചിരുന്നെന്നും അവള്‍ എന്നോട് പറഞ്ഞത് “”എ.എം.എം.എ കുടുംബമാണെങ്കില്‍ വാക്കാലുള്ള പരാതി മതിയായിരുന്നില്ലേ എന്നുമാണെന്ന് രമ്യ പറഞ്ഞു.

“ആരും ആരോപണം ഉന്നയിക്കുകയോ എന്തിനെങ്കിലും വേണ്ടി സംഘടനയെ സമീപിക്കുകയോ ചെയ്യാറില്ല. അവര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്നാണ് പറഞ്ഞത്. ചിലപ്പോള്‍ അവര്‍ അന്വേഷിച്ചുകാണും. ആരോപണവിധേയനായ നടന്‍ അത് തള്ളിക്കളഞ്ഞിട്ടുണ്ടാകും. എഴുതിക്കൊടുക്കാത്തതിനാല്‍ നടപടി സ്വീകരിച്ചില്ല എന്ന ന്യായമാണ് പ്രസിഡന്റ് പറയുന്നത്. പരാതി എഴുതി നല്‍കിയാലും നടപടി എടുക്കില്ല എന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്. നടി പറഞ്ഞു.


Read Also : “നീയൊന്നും വിചാരിച്ചാല്‍ സൂപ്പര്‍ സ്റ്റാറുകളെ ഒരു പിണ്ണാക്കും ചെയ്യാന്‍ സാധിക്കില്ലെടീ””; ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് പേജില്‍ തെറിവിളിയുമായി ലാല്‍ ആരാധകര്‍


ദിലീപിനെ തിരിച്ചെടുക്കുന്നത് എ.എം.എം.എ ജനറല്‍ ബോഡി യോഗത്തിലെ അജണ്ടയിലുണ്ടായിരുന്നു എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. അജണ്ടയുടെ പ്രിന്റഡ് കോപ്പിയിലുണ്ടായിരുന്ന ഏഴ് വിഷയങ്ങളില്‍ ദിലീപിന്റെ കാര്യം ഉണ്ടായിരുന്നില്ലെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ അടിസ്ഥാനപരമായ അവകാശങ്ങളുടെ കാര്യത്തില്‍ പോലും സംഘടന വിവേചനം കാണിക്കുന്നത് ഒരിക്കലും സ്വീകാര്യമല്ലെന്നും ആക്രമിക്കപ്പെട്ട ആള്‍ എങ്ങനെയാണ് ആരോപണം നേരിടുന്ന ആള്‍ ഉള്‍പ്പെടുന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുക എന്നും രമ്യ ചോദിച്ചു.

പരാതി ലഭിച്ചില്ല എന്നു പറഞ്ഞ് ഒരാള്‍ നേരിടുന്ന പ്രശ്നത്തെ തള്ളുന്നത് അനീതിയാണ്. ചിലര്‍ക്കു വേണ്ടി മാത്രം പ്രത്യേക നിയമങ്ങള്‍ കൊണ്ടുവരുന്നത് എന്തുകൊണ്ടാണെന്നും രമ്യ ചോദിച്ചു.

കുറ്റാരോപിതനെ തിരിച്ചെടുക്കാന്‍ ആലോചിക്കുമ്പോള്‍ അതിക്രമത്തെ അതിജീവിച്ച വ്യക്തിയും അയാളും ഒരേ സംഘടനയില്‍ തുടരുന്നതിലെ പ്രശ്‌നം അവിടെയുള്ളവര്‍ കണക്കിലെടുക്കാത്തത് ഖേദകരമാണെന്നായിരുന്നു ഡബ്ല്യു.സി.സി പറഞ്ഞത്.

ജനറല്‍ ബോഡിയില്‍ നടനെ തിരിച്ചെടുക്കുന്ന വിഷയം അജണ്ടയിലുണ്ടായിരുന്നു എന്നാണ് മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അത്തരമൊരു വിഷയം അജണ്ടയില്‍ ഇല്ലായിരുന്നു എന്നാണു തങ്ങള്‍ക്കറിയാന്‍ സാധിച്ചതെന്നും ഡബ്ല്യു.സി.സി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.

രണ്ട് നടിമാരുടെ രാജി മാത്രമേ ലഭിച്ചിരുന്നുവെന്നും മോഹന്‍ലാലിന്റെ വാദത്തെ ഡബ്ല്യു.സി.സി എതിര്‍ത്തിരുന്നു. അവളോടൊപ്പം രാജി വെച്ച ഡബ്ല്യു.സി.സി അംഗങ്ങള്‍, രാജി വച്ച കാര്യം പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് ഇമെയില്‍ വഴി നാലുപേരും എ.എം.എം.എയുടെ ഒഫീഷ്യല്‍ ഇമെയില്‍ ഐഡിയിലേക്ക് അയച്ചു ഉറപ്പുവരുത്തിയതാണെന്നും ഡബ്ല്യു.സി.സി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more