| Monday, 18th March 2024, 7:39 pm

ഇത് 360ാം ചിത്രം; തന്റെ പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്തുവിട്ട് മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ രണ്ട് സിനിമകളിലൂടെ മലയാളികള്‍ക്കിടയില്‍ ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ലുക്മാന്‍ അവറാന്‍, ബാലു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ഓപ്പറേഷന്‍ ജാവ. സിനിമ വലിയ ശ്രദ്ധ നേടിയിരുന്നു.

2022ല്‍ പുറത്തിറങ്ങിയ തരുണിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു സൗദി വെള്ളക്ക. ഓപ്പറേഷന്‍ ജാവയില്‍ നിന്ന് വ്യത്യസ്തമായ സിനിമയായിരുന്നു ഇത്. വലിയ നിരൂപക പ്രശംസകളും അവാര്‍ഡുകളും നേടാന്‍ സൗദി വെള്ളക്കക്ക് സാധിച്ചിരുന്നു.

തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്കക്ക് ശേഷം വരുന്ന സിനിമക്കുള്ള കാത്തിരിപ്പിലായിരുന്നു സിനിമാ പ്രേമികള്‍. കഴിഞ്ഞ ദിവസം തരുണ്‍ തന്റെ പുതിയ സിനിമയുടെ അപ്‌ഡേറ്റ് പുറത്ത് വിട്ടിരുന്നു. അത് വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

L360 എന്ന പോസ്റ്ററായിരുന്നു ആ ചര്‍ച്ചക്ക് കാരണമായത്. രജപുത്ര വിശ്വല്‍ മീഡിയ വിതരണം ചെയ്യുന്ന എം. രഞ്ജിത്ത് നിര്‍മിക്കുന്ന ചിത്രത്തില്‍ നായകനാകുന്നത് മലയാളത്തിന്റെ മോഹന്‍ലാല്‍ ആണെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

തരുണ്‍ മൂര്‍ത്തി, മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരു സിനിമ സംഭവിക്കാം എന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ മോഹന്‍ലാല്‍ തന്നെ ആ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടു.

തന്റെ 360ാം ചിത്രത്തിനായി തരുണ്‍ മൂര്‍ത്തിക്കും എം. രഞ്ജിത്തിനും ഒപ്പം പ്രവര്‍ത്തിക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് മോഹന്‍ലാല്‍ എക്‌സില്‍ കുറിച്ചു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കെ.ആര്‍. സുനിലും സംവിധായകനും ചേര്‍ന്നാണാണെന്നും താരം പറയുന്നു.

ചിത്രത്തിന്റെ പേര് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഏപ്രിലില്‍ ഷൂട്ടിങ്ങ് ആരംഭിക്കുമെന്ന് മോഹന്‍ലാല്‍ പോസ്റ്റില്‍ പറയുന്നു. അങ്ങനെ എമ്പുരാന്‍, ബറോസ്, റമ്പാന്‍ തുടങ്ങിയ വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളുടെ ലിസ്റ്റിലേക്ക് പുതിയ ഒരു സിനിമ കൂടെ വന്നിരിക്കുകയാണ്.

Content Highlight: Mohanlal Post His 360th Movie Update Out

Latest Stories

We use cookies to give you the best possible experience. Learn more