ഏറ്റവും ആദരവ് തോന്നിയിട്ടുള്ള നേതാവ് പിണറായി; നായനാര്‍ സഖാവിന് തന്നോട് ഉണ്ടായിരുന്നത് പ്രത്യേക വാത്സല്യം: മോഹന്‍ലാല്‍
Kerala
ഏറ്റവും ആദരവ് തോന്നിയിട്ടുള്ള നേതാവ് പിണറായി; നായനാര്‍ സഖാവിന് തന്നോട് ഉണ്ടായിരുന്നത് പ്രത്യേക വാത്സല്യം: മോഹന്‍ലാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st May 2017, 12:37 pm

തനിക്ക് വളരെയധികം ആദരവ് തോന്നിയ രാഷ്ട്രീയനേതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് നടനവിസ്മയം മോഹന്‍ലാല്‍. ഒരുപാട് അഗ്നിപരീക്ഷണങ്ങള്‍ അതിജീവിച്ച അദ്ദേഹവുമായി അടുത്ത സൗഹൃദമുണ്ടെന്നും ലാല്‍ പറയുന്നു.പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് ദേശാഭിമാനിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറയുന്നത്.

സിനിമ തന്ന സൗഹൃദങ്ങളെപ്പോലെ തന്നെ കേരളത്തിലെ ജനതനേതാക്കളുമായുള്ള വ്യക്തിപരമായ സൗഹൃദങ്ങളും ഏറെ വിലമതിക്കുന്നതാണ് . അതിലേറെയും തന്റെ അച്ഛനിലൂടെയായിരുന്നെന്നും ലാല്‍ പറയുന്നു. ഗവ. ലോ സെക്രട്ടറിയായിരുന്നു എന്റെ അച്ഛന്‍. ഇ.എം.എസ് നമ്പൂതിരിപ്പാടിനെ കാണാനോ സംസാരിക്കാനോ ഉള്ള അവസരം കഎനിക്കുണ്ടായില്ല. കെ. കരുണാകരനുമായി വ്യക്തിപരമായി അടുപ്പമുണ്ടായിരുന്നു.


Dont Miss പിണറായി മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചു ; ജനവിരുദ്ധന്‍ ,മനസിന് സുഖമില്ലാത്തവന്‍ എന്നീ പരാമര്‍ശങ്ങള്‍ക്ക് വിധേയനായെന്നും ജേക്കബ്ബ് തോമസ്


“നായനാര്‍ സഖാവിന് ഒരു പ്രത്യേക വാത്സല്യം എന്നോടുണ്ടായിരുന്നു. നേരില്‍ കാണുമ്പോള്‍ “വിശ്വനാഥന്‍നായരുടെ മോനേ” എന്നാണ് എന്നെ വിളിച്ചിരുന്നത്”-മോഹന്‍ലാല്‍ പറയുന്നു.
“38 വര്‍ഷമായി താന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട്. അതിപ്പോഴും തുടരുന്നു. കേരളപ്പിറവിക്കു മുമ്പും ശേഷവുമുണ്ടായ എത്രയോ വലിയ നടീനടന്മാരോടൊപ്പം ഇക്കാലത്തിനിടയില്‍ അഭിനയിക്കാന്‍ സാധിച്ചുവെന്നത് വലിയൊരു ഭാഗ്യം തന്നെയാണ്. സിനിമയുടെ വളര്‍ച്ചയോടൊപ്പം ഇപ്പോഴും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ എത്രയോ വിഷയങ്ങള്‍ കൈകാര്യംചെയ്ത പല സിനിമകളിലും അഭിനയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ” മോഹന്‍ലാല്‍ പറയുന്നു.

ഇതുവരെ ചെയ്തതിലും വലിയ വേഷങ്ങളൊന്നും ഇനി ചെയ്യാനില്ലെന്നും ലഭിക്കാനില്ലെന്നും ബോധ്യമായി അഭിനയം നിര്‍ത്തിയ എത്രോ വലിയ നടന്മാര്‍ ലോക സിനിമയിലുണ്ട്. അവരില്‍ പലരും കുറേക്കാലും വെറുതെയിരുന്ന് വീണ്ടും അഭിനയ രംഗത്തേക്ക് മടങ്ങിവന്ന ചരിത്രവുമുണ്ട്. സ്വരം നന്നാകുമ്പോള്‍ പാട്ട് നിര്‍ത്തുക എന്നാണല്ലോ പറയാറുള്ളത്. ഈ നിമിഷം വരെ അഭിനയത്തോട് എനിക്കൊരു മടുപ്പും തോന്നിയിട്ടില്ല. എന്നെങ്കിലും അങ്ങനെ തോന്നിയാല്‍ അന്ന് നിര്‍ത്തും. പിന്നടുള്ളയാത്ര എന്തെന്ന് ഇപ്പോള്‍ പറയാനാവില്ല. ജീവിതം ഇപ്പോഴും എനിക്കൊരു വിസ്മയമാണ് ” ലാല്‍ പറയുന്നു.