മോഹന്‍ലാല്‍ എന്ന നടനും അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചതരാണ്. മോഹന്‍ലാലിന്റെ പങ്കാളി സുചിത്രയോടും പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക അടുപ്പമുണ്ട്. പ്രണവ് നായകനായി സിനിമയില്‍ എത്തിയ ശേഷമാണ് സുചിത്ര മാധ്യമങ്ങള്‍ക്ക് മുന്‍പിലേക്ക് കൂടുതലായി വരാന്‍ തുടങ്ങിയത്.
പ്രണവ് സിനിമകള്‍ കാണാനും അഭിമുഖങ്ങള്‍ തരാനുമൊന്നും വരാത്തതുകൊണ്ട് താനെങ്കിലും സംസാരിക്കണ്ടേ എന്നാണ് സുചിത്ര പറയുന്നത്. സിനിമയെ കുറിച്ച് അഭിപ്രായം പറയുന്നത് സന്തോഷത്തോടെയാണെന്നും പ്രണവിന്റെ കരിയറില്‍ സന്തോഷമുണ്ടെന്നും സുചിത്ര പറഞ്ഞിരുന്നു.
സിനിമകളിലൂടെ പ്രണവ് സജീവമായപ്പോഴും സഹോദരി വിസ്മയ സിനിമാ മേഖലയിലേക്ക് എത്തിയിട്ടില്ല. പഠിത്തവും ജോലിയുമൊക്കെയായി ബന്ധപ്പെട്ട് തായ്‌ലന്റിലാണ് മായ.
മക്കളെ കുറിച്ചും അവരുടെ ഭാവിയെ കുറിച്ചുമൊക്കെയുള്ള പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുചിത്ര. അമ്മയെന്ന നിലയില്‍ മക്കളുടെ വിവാഹം പോലെയുള്ള സ്വപ്‌നങ്ങളൊക്കെ മനസിലുണ്ടോ എന്ന ചോദ്യത്തിനാണ് സുചിത്രയുടെ മറുപടി.
‘ സത്യം പറഞ്ഞാല്‍ അവര്‍ക്ക് എപ്പോഴാണ് കല്യാണം കഴിക്കേണ്ടത്, ആരെയാണ് വിവാഹം കഴിക്കേണ്ടത് എന്ന കാര്യമൊക്കെ അവര്‍ക്ക് തന്നെ വിട്ടിരിക്കുകയാണ്. എന്നാണ് വിവാഹം എന്നാണ് വിവാഹം എന്ന് ഇവരോട് ചിലരൊക്കെ ചോദിക്കുന്നുണ്ട്. പക്ഷേ ഞാന്‍ അവരോട് ചോദിച്ചിട്ടില്ല. നിങ്ങള്‍ക്ക് സെറ്റില്‍ ആവണം എന്ന് തോന്നുമ്പോള്‍ നിങ്ങള്‍ വന്നു പറയൂ എന്നാണ് പറഞ്ഞിരിക്കുന്നത്. രണ്ടുപേരോടും അത് തന്നെയാണ് പറഞ്ഞത്.
ഇത്ര വയസായി കല്യാണം കഴിച്ചേ പറ്റൂ എന്നൊക്കെപറഞ്ഞ് ഫോഴ്‌സ് ചെയ്ത് കല്യാണം കഴിപ്പിച്ച ശേഷം എന്തെങ്കിലും വിഷയങ്ങള്‍ ഉണ്ടായാല്‍ എന്തുചെയ്യും. ഇപ്പോഴത്തെ കാലമല്ലേ, നമുക്ക് ഒന്നും പറയാന്‍ പറ്റില്ല. അന്നത്തെ കാലമൊക്കെ നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും കോമ്പ്രമൈസ് ചെയ്യുകയും അഡ്ജസ്റ്റ് ചെയ്യുകയും ചെയ്യും. എന്നാല്‍ ഇന്ന് അങ്ങനെയാണോ എന്ന് അറിയില്ല.
രണ്ട് സൈഡില്‍ നിന്നും ഇത് ഉണ്ടായാലേ ഒരു മാര്യേജ് ലൈഫൊക്കെ മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റുള്ളൂ. ഇപ്പോഴത്തെ പിള്ളേരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സാഹചര്യവും അവരുടെ മൈന്‍ഡ് സെറ്റുമെല്ലാം വേറെയാണ്. അവര്‍ അങ്ങനെ കോംപ്രമൈസിനൊന്നും തയ്യാറാവണമെന്നില്ല. അതിപ്പോള്‍ എന്റെ മക്കള്‍ ആയാല്‍ പോലും. അവരുടെ മൈന്‍ഡ് സെറ്റ് വേറെയാണ്. ഫോഴ്‌സ് ചെയ്ത് വിവാഹം കഴിപ്പിച്ച് നാളെ അത് ശരിയായില്ല എന്നുണ്ടെങ്കില്‍ ജീവിതകാലം മുഴുവന്‍ ഞാന്‍ അതിന്റെ പഴി കേള്‍ക്കേണ്ടി വരും.
ചേട്ടന്‍ ഷൂട്ടിങ് എന്ന് പറഞ്ഞ് ബിസിയായിരിക്കും. നമ്മള്‍ ഇത് കേള്‍ക്കേണ്ടി വരും. (ചിരി). അവരുടെ വിവാഹക്കാര്യം അവരാണ് തീരുമാനിക്കേണ്ടത്. കുട്ടികള്‍ക്ക് ആ സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. നിങ്ങള്‍ക്ക് സമയമാകുമ്പോള്‍ പറയാം. അപ്പോള്‍ ഞങ്ങളും റെഡിയാണ് എന്നാണ് പറഞ്ഞത്,’ സുചിത്ര പറയുന്നു.
Content Highlight: Mohanlal Partner Suchithra about Pranav and Vismayas marriage