ഈയാംപാറ്റ വിവാദങ്ങള്‍ക്ക് സ്ഥാനമില്ല, ഞാന്‍ എന്റെ അടുത്ത ജോലിയിലേക്ക് കടക്കുന്നു; സിനിമ കാണുകയോ അതിനെക്കുറിച്ച് അറിയുകയോ ചെയ്യുന്നവരല്ല ബഹളംവെച്ചത്: മോഹന്‍ലാല്‍
റിലീസ് സംബന്ധിച്ച നീണ്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം തിയേറ്ററുകളിലെത്തുകയാണ്. ഡിസംബര്‍ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്റെ റിലീസ് തിയതി അടുത്തിരിക്കെ മരക്കാറിന് വേണ്ടി നടത്തിയ കാത്തിരിപ്പിനെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും മനസ് തുറക്കുകയാണ് നടന്‍ മോഹന്‍ലാല്‍. മാതൃഭൂമിയ്ക്ക് വേണ്ടി എഴുതിയ കുറിപ്പിലാണ് താരം സംസാരിക്കുന്നത്.
സിനിമയുടെ റിലീസിങ്ങ് സംബന്ധിച്ച് ഇവിടെ ബഹളമുണ്ടാക്കിയവര്‍ സിനിമയെക്കുറിച്ച് അറിയാത്തവരാണെന്നും സിനിമ വ്യവസായം മാത്രമല്ല എന്നാല്‍ വ്യവസായവും കൂടിയാണ് എന്നാണ് താന്‍ മനസിലാക്കിയതെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്.
”സിനിമ കാണുകയോ അതിനെക്കുറിച്ച് എന്തെങ്കിലും അറിയുകയോ ചെയ്യുന്നവരല്ല ഈ ബഹളംവെച്ചവര്‍ എന്നതാണ് കൗതുകകരമായ കാര്യം. മോഹന്‍ലാല്‍ ബിസിനസുകാരനാണ്, എന്നായിരുന്നു ഏറ്റവും വലിയ ആക്ഷേപം. സിനിമ വ്യവസായം മാത്രമല്ല, എന്നാല്‍ വ്യവസായവും കൂടിയാണ് എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്,” മോഹന്‍ലാല്‍ പറഞ്ഞു.
സിനിമയ്ക്ക് വേണ്ടിയുള്ള സമര്‍പ്പണം അറിയാവുന്നതിനാല്‍ ആരോപണങ്ങള്‍ക്ക് മറുപടി പറയില്ലെന്നും ഈയാംപാറ്റ വിവാദങ്ങള്‍ക്ക് സ്ഥാനമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ” ഇത്തരമൊരു സിനിമ സൃഷ്ടിക്കാനുള്ള അധ്വാനവും സമര്‍പ്പണവും നന്നായി അറിയാവുന്നത് കൊണ്ട് എന്നെക്കുറിച്ചുള്ള ഒരാരോപണത്തിനും ഞാന്‍ മറുപടി പറഞ്ഞില്ല, പറയുകയുമില്ല.
ഈയാംപാറ്റ വിവാദങ്ങള്‍ക്ക് അവിടെ സ്ഥാനമില്ല. ഞാന്‍ എന്റെ അടുത്ത ജോലികളിലേക്ക് കടക്കുന്നു,” താരം കൂട്ടിച്ചേര്‍ത്തു.
കുഞ്ഞാലിമരക്കാര്‍ ചെറിയ പ്രായം മുതല്‍ പ്രിയദര്‍ശന്റെ മനസിലുള്ള നായകനാണെന്നും മരക്കാരെപ്പറ്റി സിനിമ ചെയ്യണമെന്നത് വര്‍ഷങ്ങളായി തങ്ങള്‍ രണ്ടുപേരും ആഗ്രഹിച്ചിരുന്നതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. മരക്കാര്‍ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ബഡ്ജറ്റിന്റെ കാര്യത്തില്‍ ഉണ്ടായ പ്രതിസന്ധിയെക്കുറിച്ച് മോഹന്‍ലാല്‍ കുറിപ്പില്‍ തുറന്ന് പറയുന്നുണ്ട്.
”മരക്കാര്‍ ചെയ്യാന്‍ തീരുമാനിച്ച് തിരിഞ്ഞ് നോക്കിയപ്പോഴാണ് മനസിലായത്, കാലാപാനി സിനിമയൊക്കെ കഴിഞ്ഞ് കാലം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. സിനിമ ഒരുപാട് മാറി. അതിന്റെ ചെലവുകള്‍ ഭീമമായി കൂടി. വൃത്തിയോടെയും ഭംഗിയോടെയും മരക്കാര്‍ എടുക്കണമെങ്കിലുള്ള ഏകദേശ ബജറ്റ് കണക്കുകൂട്ടിയിട്ട് തന്നെ ഞങ്ങളുടെ തല കറങ്ങിപ്പോയി.
മുന്നോട്ടും പിന്നോട്ടും പോകാന്‍ വയ്യാത്ത തരത്തില്‍ കുറെ ദിവസങ്ങള്‍. ഒടുവില്‍ ആന്റണി പെരുമ്പാവൂരിനോട് ബജറ്റിന്റെ കാര്യം പറഞ്ഞു. ഒരുപാട് പ്രയാസപ്പെടുമെങ്കിലും ഒരു സ്വപ്‌നം സാക്ഷാത്കരിക്കാന്‍ അതൊക്കെ വേണ്ടിവരും എന്നായിരുന്നു ആന്റണി പറഞ്ഞത്. അങ്ങനെ രണ്ടും കല്‍പിച്ച് ഞങ്ങള്‍ മുന്നോട്ട് നീങ്ങി,” മോഹന്‍ലാല്‍ പറഞ്ഞു.
പടം ചെയ്ത് കഴിഞ്ഞ് റിലീസിന് ഒരുങ്ങി നിന്നപ്പോള്‍ കൊവിഡ് വന്ന് എല്ലാം അടച്ചിട്ടത് ഒരു ഷോക്കായിരുന്നെന്നും എന്നാല്‍, റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞാണ് മഹാമാരി പൊട്ടിപ്പുറപ്പെട്ടിരുന്നതെങ്കിലോ, എന്ന് ആലോചിച്ചപ്പോള്‍ ആശ്വാസം തോന്നിയെന്നും താരം പറഞ്ഞു.
വെറുമൊരു സിനിമ ജനങ്ങള്‍ക്ക് കൊടുക്കുക എന്നതല്ല ഉദ്ദേശമെന്നും നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ഒരു വലിയ കടല്‍പ്പോരാളിയെ വരും തലമുറകളില്‍ ദേശസ്‌നേഹമുണര്‍ത്തുന്ന രീതിയില്‍ കൊത്തിവെക്കുക എന്നതാണ് ലക്ഷ്യമെന്നും താരം പറഞ്ഞു. സാധാരണ കഥാപാത്രങ്ങള്‍ ചെയ്താല്‍ അവ തന്നില്‍ നിന്നും പിരിഞ്ഞ് പോവാറുണ്ടെന്നും എന്നാല്‍ മരക്കാര്‍ ഇപ്പോഴും തന്റെയുള്ളില്‍ ജീവിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.