കോഴിക്കോട്: മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് നടന്‍ മോഹന്‍ലാല്‍.
തന്റെ ജീവിതത്തിലെ പിതൃ തുല്യനായി കരുതിയിരുന്ന അദ്ദേഹം മടങ്ങിയതോടെ മഴ തോര്‍ന്നത് പോലെയുള്ള ഏകാന്തതയാണ് ഇപ്പോള്‍ മനസില്‍ നിഴലിക്കുന്നതെന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ എഴുതിയത്. എം.ടിയുടെ വീട്ടിലെത്തി ഭൗതിക ശരീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചതിന് ശേഷമാണ് മോഹന്‍ലാലിന്റെ കുറിപ്പ് പുറത്തുവന്നത്.
ആര്‍ത്തിയോടെ താന്‍ വായിച്ച പുസ്തകങ്ങളില്‍ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളില്‍ നിന്ന് എം.ടി സാര്‍ പോയല്ലോ എന്നോര്‍ക്കുമ്പോള്‍ അഗാധമായ ദുഖം തോന്നുന്നതായി മോഹന്‍ലാല്‍ പറയുന്നു. അരങ്ങില്‍ നിന്നിറങ്ങിയിട്ടും ഹൃദയത്തില്‍ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളായിരുന്നു എന്നും എം.ടി സമ്മാനിച്ചത്.
കണ്ടുമുട്ടിയ ഇടവേളകളിലെല്ലാം ചേര്‍ത്തുപിടിക്കുമ്പോള്‍ മറ്റാര്‍ക്കും നല്‍കാനാവാത്ത സമാധാനവും സ്‌നേഹവും നെഞ്ചിലേക്ക് പകര്‍ന്നുതന്ന പിതൃതുല്യനായിരുന്നു തനിക്ക് എം.ടി എന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്.
എം.ടി സാര്‍ തനിക്ക് ആരായിരുന്നു എന്ന് പറയാന്‍ പോലും ഈ ഘട്ടത്തില്‍ ആവുന്നില്ലെന്നും എല്ലാമായിരുന്നു എന്നുപറഞ്ഞാല്‍ കുറഞ്ഞുപോവും എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
പഞ്ചാഗ്‌നിയിലെ റഷീദിനെയും സദയത്തിലെ സത്യനാഥനെയും അവതരിപ്പിക്കാന്‍, എം.ടി മനസില്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ കഴിഞ്ഞതില്‍പ്പരം ഒരു ഭാഗ്യം ഇനി തനിക്ക് കിട്ടാനില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തില്‍ അനശ്വരനായ ഒരു ബഹുമുഖ പ്രതിഭയ്ക്ക് താന്‍ എപ്രകാരമാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കുക എന്ന് വേദനയോട് ചോദിച്ചാണ് മോഹന്‍ലാല്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മലയാളത്തിന്റെ പ്രിയ സാഹിത്യകാരനായ എം.ടി യുടെ വിയോഗം. കുറച്ച് ദിവസങ്ങളായി ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് എം.ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. കിഡ്‌നിയുടെയും ഹൃദയത്തിന്റേയും പ്രവര്‍ത്തനം വഷളായതിനാല്‍ നില ഗുരുതരമായി തുടരുകയായിരുന്നു.
അദ്ദേഹത്തിന് വിദഗ്ദ ചികിത്സ നല്‍കുന്നതിനായി പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ചിരുന്നു. മരണസമയത്ത് ഭാര്യയും മക്കളുമടക്കമുള്ള കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു.
വൈകീട്ട് അഞ്ച് മണിയോട് കൂടി എം.ടിയുടെ ഭൗതിക ശരീരം മാവൂര്‍ ശ്മശാനത്തില്‍ സംസ്‌കരിക്കും.
Content Highlight: Mohanlal on MT, if I say he was my everything it will be less