|

മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം; തന്റെ ഇച്ചാക്കയ്ക്ക് വേണ്ടി ശബരിമലയില്‍ വഴിപാട് നടത്തി മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശബരിമല ദര്‍ശനത്തിനിടെ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തി മോഹന്‍ലാല്‍. മമ്മൂട്ടിക്കായി ഉഷപൂജ വഴിപാടാണ് മോഹന്‍ലാല്‍ നടത്തിയത്. മുഹമ്മദ് കുട്ടി എന്ന പേരില്‍ വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹന്‍ലാല്‍ വഴിപാട് നടത്തിയത്.

പങ്കാളിയായ സുചിത്രയുടെ പേരിലും നടന്‍ വഴിപാട് നടത്തി. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു മോഹന്‍ലാല്‍ ശബരിമലയില്‍ എത്തിയത്. എമ്പുരാന്‍ സിനിമ റിലീസിന് ഒരുങ്ങുന്നതിന് ഇടയില്‍ നടന്‍ ശബരിമല ദര്‍ശനം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു.

അതേസമയം നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ നയന്‍താര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി മികച്ച താരനിരയാണ് ഒന്നിക്കുന്നത്. നിലവില്‍ ആ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

എമ്പുരാന്‍:

മലയാളികള്‍ ഇപ്പോള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു സിനിമയാണ് എമ്പുരാന്‍. 2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഇത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍.

മുരളി ഗോപി തിരക്കഥയെഴുതി സിനിമ നിര്‍മിച്ചത് ആന്റണി പെരുമ്പാവൂര്‍ ആയിരുന്നു. സുജിത്ത് വാസുദേവാണ് ലൂസിഫറിനും എമ്പുരാനും വേണ്ടി ക്യാമറ ചലിപ്പിച്ചത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോക നായകനായും എത്തിയത്. മാര്‍ച്ച് 27നാണ് എമ്പുരാന്‍ തിയേറ്ററില്‍ എത്തുന്നത്.

Content Highlight: Mohanlal Offers Prayers At  Sabarimala For Mammootty