ബ്രോ ഡാഡി, ആറാട്ട്, ട്വല്‍ത്ത് മാന്‍; പ്രസന്‍സും പെര്‍ഫോമന്‍സും കൊണ്ട് പിടിച്ചിരുത്തിയ മോഹന്‍ലാല്‍
Film News
ബ്രോ ഡാഡി, ആറാട്ട്, ട്വല്‍ത്ത് മാന്‍; പ്രസന്‍സും പെര്‍ഫോമന്‍സും കൊണ്ട് പിടിച്ചിരുത്തിയ മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th May 2022, 11:21 am

ദൃശ്യം രണ്ടാം ഭാഗത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിച്ച ട്വല്‍ത്ത് മാന്‍ മെയ് 20ന് റിലീസ് ചെയ്തിരിക്കുകയാണ്. നേരിട്ട് ഒ.ടി.ടി റിലീസ് ചെയ്ത ചിത്രം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലാണ് പ്രദര്‍ശനം തുടങ്ങിയത്.

കുറച്ച് സുഹൃത്തുക്കള്‍ ഒരു രാത്രി ഒരു റിസോര്‍ട്ടില്‍ ഒത്തുചേരുന്നതും. അവിടേക്ക് അവിചാരിതമായി എത്തിച്ചേരുന്ന ഒരു ട്വല്‍ത്ത് മാനും ആ രാത്രിയില് നടക്കുന്ന ഒരു കൊലപാതകവും, ആ കൊലപാതകത്തിനു പിന്നിലെ കൊലയാളിയെ തേടിയുള്ള അന്വേഷണവുമാണ് ചിത്രം.

ചിത്രത്തെ പറ്റിയുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ചിത്രത്തെ പറ്റി പല അഭിപ്രായങ്ങള്‍ ഉയരുന്നുണ്ടെങ്കിലും മോഹന്‍ലാലിന്റെ പ്രകടനത്തിന്റെ കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടും മികച്ച പെര്‍ഫോമന്‍സ് കൊണ്ടും മോഹന്‍ലാല്‍ ട്വല്‍ത്ത് മാനില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്.

ആദ്യഭാഗങ്ങളില്‍ മുഴുകുടിയനായി എത്തുന്ന മോഹന്‍ലാലിന്റെ കഥാപാത്രം മുന്‍കാല മോഹന്‍ലാല്‍ ചിത്രങ്ങളിലേത് പോലെയുള്ള കുറുമ്പും കുട്ടിക്കളിയുമൊക്കെ കാണിക്കുന്നുണ്ട്. ഒരു കൊലപാതകത്തിന് ശേഷം ഈ കഥാപാത്രം മറ്റൊരു തലത്തിലേക്കാണ് മാറുന്നത്.

ആദ്യഭാഗത്തെ മാനറിസത്തില്‍ നിന്നും തികച്ചും വ്യത്യസ്തനായ മോഹന്‍ലാലിന്റെ കഥാപാത്രമാണ് കൊലപാതകത്തിന് ശേഷം എത്തുന്നത്.

അടുത്ത കാലത്തു കണ്ട മോഹന്‍ലാലിന്റെ മികച്ച പെര്‍ഫോമന്‍സായിരുന്നു ട്വല്‍ത്ത് മാനിലേത്. ഇതിന് മുമ്പ് ഇറങ്ങിയ ബി. ഉണ്ണികൃഷ്ണന്‍ ചിത്രം ആറാട്ടിന് സമ്മിശ്രപ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും മോഹന്‍ലാലിന്റെ ഊര്‍ജസ്വലതയോടുകൂടിയുള്ള പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വര്‍ഷം ആദ്യം പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബ്രോ ഡാഡിയിലും പ്രസരിപ്പോടെയാണ് മോഹന്‍ലാല്‍ എത്തിയത്. ട്വല്‍ത്ത് മാനിലും ഇത് ആവര്‍ത്തിക്കപ്പെടുകയാണ്.

ജീത്തു ജോസഫിന്റെ മുന്‍കാല ചിത്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഒരു വൗ ഫാക്ടറില്ലെങ്കിലും പിടിച്ചിരുത്താന്‍ കഴിയുന്ന ചിത്രമാണ് ട്വല്‍ത്ത് മാന്‍ എന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ആദ്യാവസാനം പ്രേക്ഷകനെ എന്‍ഗേജ് ചെയ്യിപ്പിച്ചു ഒരു ഡീസെന്റ് ക്ലൈമാക്‌സില്‍ ചിത്രം അവസാനിക്കുന്നു.

അതിഥി രവി, ശിവദ, ലിയോണ ലിഷോയ്, അനു മോഹന്‍, പ്രിയങ്ക, ഉണ്ണി മുകുന്ദന്‍, അനു സിത്താര, അനുശ്രീ, രാഹുല്‍ മാധവ്, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight:  Mohanlal noticed by audience In 12th man with screen presence and excellent performance