പൂരം കൊടിയേറി മക്കളേ; പുതിയ ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍; സോഷ്യല്‍ മീഡിയയില്‍ ലാലേട്ടന്റെ ആറാട്ടെന്ന് ആരാധകര്‍
Entertainment news
പൂരം കൊടിയേറി മക്കളേ; പുതിയ ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍; സോഷ്യല്‍ മീഡിയയില്‍ ലാലേട്ടന്റെ ആറാട്ടെന്ന് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th February 2022, 8:47 pm

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്. ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങുന്ന കംപ്ലീറ്റ് ആക്ഷന്‍ പാക്ക്ഡ് എന്റര്‍ടെയ്‌നറായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

ഫെബ്രുവരി 18ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും ആരാധകര്‍ ഏറെ ആവേശത്തോടെയാണ് വരവേല്‍ക്കുന്നത്.

ഇതിനിടയില്‍ മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ആറാട്ട് എന്ന ചിത്രത്തിലെ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. രാജാവിന്റെ പ്രൗഡിയോടെയുള്ള മോഹന്‍ലാല്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തു വന്നിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ മോഹന്‍ലാലിന്റെ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തിന്റെ ആറാട്ട് തന്നെയാണ് ട്രെയ്‌ലറില്‍.

ലാലേട്ടന്റെ മുന്‍കാല കഥാപാത്രങ്ങളുടെ നിരവധി റഫറന്‍സും ട്രെയ്‌ലറിലുണ്ട്. ലൂസിഫറിലെ ‘നിന്റെ തന്തയല്ല, എന്റെ തന്ത’ എന്നതുള്‍പ്പെടെയുള്ള ഡയലോഗുകളും ട്രെയ്‌ലറിലുണ്ട്.

അതിഥി വേഷത്തില്‍ ദി ലെജന്‍ഡ് എ.ആര്‍. റഹ്‌മാനും ചിത്രത്തിലെത്തുന്നുണ്ട്.

സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. ബ്രോ ഡാഡിക്ക് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന കോമഡിക്ക് പ്രാധാന്യമുള്ള ചിത്രവുമാണ് ഇത്.

 

ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദീഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

കെ.ജി.എഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് മറ്റൊരു ശ്രദ്ധേയ സാന്നിധ്യം. ചിത്രത്തിന്റെ നേരത്തെ പുറത്തെത്തിയ ഫസ്റ്റ് ലുക്കും ടീസറുമൊക്കെ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

Content highlight: Mohanlal new stills from Aarattu