Advertisement
Film News
തലമുറമാറ്റത്തിന് ലാലേട്ടനും; പുതിയ ചിത്രം ആഷിഖ് അബുവിനും ടിനു പാപ്പച്ചനും ഒപ്പം; ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കില്ല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 23, 02:23 pm
Wednesday, 23rd February 2022, 7:53 pm

പുതിയ തലമുറയിലെ സംവിധായകര്‍ക്കൊപ്പം കൈകോര്‍ക്കാനൊരുങ്ങി മോഹന്‍ലാല്‍. ബറോസിന് ശേഷം പുതിയ തലമുറയിലെ സംവിധായകരായ ആഷിഖ് അബുവിനും ടിനു പാപ്പച്ചനുമൊപ്പമായിരിക്കും മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇരുവര്‍ക്കും മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയതായി ‘കേരള കൗമുദി’ റിപ്പോര്‍ട്ട് ചെയ്തു. ആഷിഖ് അബുവിന്റെയും ടിനു പാപ്പച്ചന്റെയും സിനിമകളില്‍ ആദ്യമായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.

യുവസംവിധായകരുടെ സിനിമകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുക എന്ന ഉദ്ദേശത്തിലാണ് മോഹന്‍ലാല്‍ ഇരുവര്‍ക്കും ഡേറ്റ് നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.ആശിര്‍വാദ് സിനിമാസായിരിക്കില്ല രണ്ട് ചിത്രവും നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ബോക്‌സിംഗിന്റെ പശ്ചാത്തലത്തില്‍ ഒരുക്കാന്‍ തീരുമാനിച്ചിരുന്ന സിനിമ ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തിനായി മോഹന്‍ലാല്‍ ബോക്‌സിംഗ് പരിശീലനം നടത്തുന്നതിന്റെയും വര്‍ക്ക ഔട്ട് ചെയ്യുന്നതിന്റെയും വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയായിരിക്കും പ്രിയദര്‍ശന്‍ ചിത്രവും നിര്‍മിക്കുക എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ബറോസിന് ശേഷം ചിത്രം പൂര്‍ത്തിയാക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

ആറാട്ടാണ് മോഹന്‍ലാലിന്റെതായി പുറത്തു വന്ന അവസാന സിനിമ. തിയേറ്ററിലൂടെ പുറത്തിറങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.

ടൊവിനോ തോമസ്, അന്ന ബെന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നാരദന്‍ ആണ് ആഷിഖ് അബുവിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വത്തോടൊപ്പം ക്ലാഷ് റിലീസായി മാര്‍ച്ച് മൂന്നിന് നാരദന്‍ റിലീസ് ചെയ്യും.

അജഗജാന്തരം ആണ് ടിനു പാപ്പച്ചന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം. പെപ്പെ, അര്‍ജുന്‍ അശോകന്‍, സാബു തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം തിയേറ്ററില്‍ വന്‍വിജയമായിരുന്നു.

Content Highlight: Mohanlal new movie with Ashiq Abu and Tinu Pappachan