| Thursday, 28th March 2019, 7:35 pm

'ലൂസിഫര്‍' മോഹന്‍ലാലിന് പൃഥ്വിരാജ് എന്ന ഫാന്‍ ബോയിയുടെ ട്രിബ്യൂട്ട്

അശ്വിന്‍ രാജ്

പ്രഖ്യാപിച്ച അന്ന് മുതല്‍ ലൂസിഫറിനോളം ചര്‍ച്ചയായ മറ്റൊരു സിനിമയുണ്ടോ എന്ന് സംശയമാണ്. ഒരു ഇന്‍ഡ്രസ്ട്രിയിലെ ഒരു യംങ് സുപ്പര്‍ സ്റ്റാര്‍ അതേ ഇന്‍ഡ്രസ്ട്രിയിലെ എറ്റവും വലിയ സൂപ്പര്‍ താരത്തിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നു. കൂടെ മലയാള സിനിമയെ തന്നെ മറ്റൊരു ദിശയിലേക്ക് തിരിച്ച ഒരു തിരക്കഥാകൃത്തിന്റെ കഥയും തിരക്കഥയും.

പക്ഷേ സത്യം പറഞ്ഞാല്‍ അതിനും മുമ്പ് ലൂസിഫര്‍ എന്ന ചിത്രം മനസില്‍ കയറിക്കൂടിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് രാഷ്ട്രദീപിക എന്ന പത്രത്തിലെ ഉള്‍പേജിലാണ് ആദ്യമായി രാജേഷ് പിള്ളയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി ലൂസിഫര്‍ എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത വായിച്ചത്. ട്രാഫിക് എന്ന ചിത്രത്തിലൂടെ ആ പേര് മനസില്‍ പതിഞ്ഞിരുന്നു. പക്ഷേ പിന്നീട് ഒന്നും ആ ചിത്രത്തെ കുറിച്ച് കേട്ടില്ല.

സംവിധായകന്‍ രാജേഷ് പിള്ളയുടെ മരണ ശേഷം ആ ചിത്രം അവസാനിച്ചു എന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിന്നീട് സിനിമ പ്രേക്ഷകരെ ഒന്നടങ്കം ഞ്ഞെട്ടിച്ചുകൊണ്ടാണ് ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്യുന്നു എന്ന വിവരം പുറത്തുവന്നത്.

എന്നാല്‍ അന്നത്തെ ആ ലൂസിഫര്‍ അല്ല പുതിയ ലൂസിഫര്‍, നായകനും തിരക്കഥാകൃത്തും ടൈറ്റിലും ഒന്നാണ് കഥ അടിമുടി മാറി.

**********

താന്‍ കാണാന്‍ ആഗ്രഹിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രം എന്നാണ് ലൂസിഫറിനെ കുറിച്ച് പൃഥ്വിരാജ് വിവിധ അഭിമുഖങ്ങളില്‍ പറഞ്ഞത്. പൃഥ്വി മാത്രമല്ല ഒരു ശരാശരി മോഹന്‍ലാല്‍ ഫാന്‍ ആഗ്രഹിക്കുന്നതിലും കൂടുതലായി ലൂസിഫറിലൂടെ സംവിധായകന് നല്‍കാനായിട്ടുണ്ട്.

ഒരു പക്ക ത്രില്ലര്‍ ആയത് കൊണ്ട് തന്നെ കഥ പറയുന്നതിന് നല്ല പരിമതിയുണ്ട് എങ്കിലും ട്രെയ്‌ലറില്‍ നിന്നും ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററില്‍ നിന്നും പ്രേക്ഷകര്‍ ഊഹിച്ച കഥയാണ് അടിസ്ഥാനമായി ലൂസിഫറിന്റെത്. പക്ഷേ അത് എങ്ങിനെ അവതരിപ്പിക്കുന്നു എന്നതും വലിയ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.

മുമ്പിറങ്ങിയ ട്രെയ്‌ലറില്‍ സൂചിപ്പിക്കുന്ന പോലെ പി.കെ രാംദാസ് എന്ന അതികായന്റെ മരണത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. രാംദാസിന്റെ മരണ ശേഷം പാര്‍ട്ടിയിലെ തലപ്പത്തേക്ക് ഏറ്റവും പ്രധാനപ്പെട്ട അഞ്ച് പേരാണ് ഉള്ളത്. വര്‍മ്മ സാര്‍ എന്ന മഹേശ വര്‍മ്മ, മകള്‍ പ്രിയദര്‍ശിനി രാം ദാസ്, മകന്‍ ജതിന്‍ രാംദാസ്, പ്രിയദര്‍ശിനിയുടെ ഭര്‍ത്താവ് ബോബി, പിന്നെ രാംദാസ് കൈപിടിച്ച് പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന സ്റ്റീഫന്‍ നെടുമ്പുള്ളി.

പി.കെയുടെ മരണത്തിന് പിന്നാലെ മാലാഖയെ പോലെ പലരും അധികാര കസേരയ്ക്കായി കൊതിച്ചു. പക്ഷേ അധികാരത്തിനേക്കാള്‍ പണത്തിനായിരുന്നു അവിടെ വില കൂടുതല്‍. പണം കാര്യങ്ങള്‍ തീരുമാനിച്ചു തുടങ്ങി. പണത്തിനായി അവര്‍ പലതും ചെയ്തു. അവിടെ രക്ഷകനായി “ദൈവ”ത്തിന് അകറ്റി നിര്‍ത്തേണ്ടി വന്ന “ലൂസിഫര്‍” മാലാഖ എത്തി.

ഒരു കംപ്ലീറ്റ് എന്റര്‍ടൈന്‍മെന്റ് പാക്കേജ് ആണ് ലൂസിഫര്‍. മുരളി ഗോപിയെന്ന തിരക്കഥാകൃത്തിന്റെ ആദ്യ മാസ് സിനിമ. മുമ്പ് ചെയ്ത പടത്തില്‍ നിന്നെല്ലാം വ്യത്യസ്ഥമാണിത്.

പൃഥ്വിരാജ് എന്ന മോഹന്‍ലാല്‍ ഫാന്‍ ആയ സംവിധായകനും സുജിത് വാസുദേവ് എന്ന എക്‌സ്ട്രാ ഓഡിനറി ക്യാമറമാനും മുരളി ഗോപിയെന്ന ബ്രില്ല്യന്റ് എഴുത്തുകാരനും കൂടിചേര്‍ന്നപ്പോള്‍. മോഹന്‍ലാല്‍ എന്ന 41 വര്‍ഷത്തിലധികമായി മലയാള സിനിമയുടെ നെടുംതൂണായ ഒരു നടനും അദ്ദേഹത്തിന്റെ ഫാന്‍സിനും നല്‍കിയ ഒരു സമര്‍പ്പണമായി ലൂസിഫര്‍ മാറി.

പക്ക മോഹന്‍ലാല്‍ സിനിമ എന്ന അടിവരയിട്ടു പറയാവുന്ന ഘടകങ്ങള്‍ എല്ലാം ലൂസിഫറില്‍ ഉണ്ട്. ഇത്രയും മാസായിട്ട് മോഹന്‍ലാലിനെ അടുത്ത് ഒന്നും കണ്ടിട്ടില്ല.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മികച്ച് നിന്നു. 26 ദിവസങ്ങളിലായി അല്ല 27 ദിവസങ്ങളിലായിട്ടായിരുന്നു ലൂസിഫറിലെ കഥാപാത്രങ്ങളെ പ്രേക്ഷകനെ പരിചയപ്പെടുത്തിയത്. നെടുമ്പുള്ളിയിലെ മുരുകന്‍ മുതല്‍ ജേര്‍ണലിസ്റ്റ് അഞ്ജലി വരെ പെര്‍ഫക്റ്റ് കാസ്റ്റിംഗ്.

തിരിച്ച് വരവിന് ശേഷം മഞ്ജുവിന് ലഭിച്ച മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് പ്രിയദര്‍ശിനി രാംദാസ്. വിവിധ ഷേഡുകള്‍ ആ കഥാപാത്രത്തിന് ഉണ്ട്. അത് ഏറ്റവും മികച്ച രീതിയില്‍ മഞ്ജുവിന് അവതരിപ്പിക്കാന്‍ കഴിഞ്ഞു.

വിവേക് ഓബ്രോയുടെ ബോബിയും ചിത്രത്തിലെ നിര്‍ണായകമായ കഥാപാത്രമാണ്. ചിത്രത്തില്‍ സ്റ്റീഫന്റെ വാക്കുകള്‍ കടമെടുത്താല്‍ വലിയ തിന്മ. വിവേകിന്റെ അഭിനയവും വിനീതിന്റെ ശബ്ദവും കൂടി ചേര്‍ന്നപ്പോള്‍ ആ കഥാപാത്രം വ്യത്യസ്ഥ അനുഭവമായി മാറി.

ഇന്ദ്രജിത്തിന്‍റെ ഗോവര്‍ദ്ധന്‍ എന്ന സ്വല്‍പം സെെക്കിക് ആയ കഥാപാത്രത്തിലൂടെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പ്രേക്ഷകന് പരിചയപ്പെടുത്തുന്നത്.

ടൊവിനോയുടെ ജതിന്‍ രാംദാസ്, ഫാസിലിന്റെ ഫാദര്‍ നെടുമ്പുള്ളി, സാനിയ ഇയ്യപ്പന്റെ ജാഹ്നവി തുടങ്ങിയ കഥാപാത്രങ്ങളും ചിത്രത്തില്‍ മികച്ച് നിന്നു.

പൃഥ്വിരാജ് എന്ന സംവിധായകന് പണിയറിയാം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തെളിയിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ എന്ന താരത്തിനെയും നടനെയും ഒരുപോലെ പൃഥ്വി ലൂസിഫറിനായി ഉപയോഗിച്ചു. മുമ്പ് സൂചിപ്പിച്ച പോലെ ഒരു ഫാന്‍ ബോയി മോഹന്‍ലാലിനെ എങ്ങിനെ കാണാന്‍ ആഗ്രഹിക്കുന്നുവോ അത് ലൂസിഫറിലൂടെ തരാന്‍ സാധിച്ചു. ഇരുപതാംനുറ്റാണ്ട് മുതല്‍ നരസിംഹം വരെ ചിത്രത്തില്‍ റഫറന്‍സായി വരുന്നുണ്ട്. പക്ഷേ ചില ചിത്രങ്ങളിലെ പോലെ അത് ഒരിക്കലും ബോറാവുന്നില്ല. കൂടെ സയിദ് മസൂദ് എന്ന ക്യാരക്ടറും.

എന്നാല്‍ പൃഥ്വിക്ക് മാത്രം ഈ ക്രെഡിറ്റ് നല്‍കാന്‍ കഴിയില്ല. സുജിത് വാസുദേവ് എന്ന ക്യാമറാമാന്റെ ബ്രില്ല്യന്‍സ് ചിത്രത്തിന്റെ അനുഭവം മറ്റൊരു ലെവലില്‍ എത്തിക്കുന്നുണ്ട്. ഒരോ ഷോട്ടിലും ചിത്രത്തിന്റെ മൂഡ് കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു പൊളിറ്റിക്കല്‍ പശ്ചാത്തലത്തില്‍ ഉള്ള സിനിമയായത് കൊണ്ട് തന്നെ ആള്‍കൂട്ടത്തിനെയും മറ്റും അദ്ദേഹം തന്റെ ക്യാമറയില്‍ ഒപ്പിയ രീതി പ്രശംസനീയമാണ്. മോഹന്‍ലാലിന്റെ ചില നോട്ടങ്ങള്‍ പോലും മാസാക്കാന്‍ അദ്ദേഹത്തിന്റെ ക്യാമറകള്‍ക്കായി. ആക്ഷന്‍ രംങ്ങളിലെ ചടുലതയും മറ്റും എടുത്ത് പറയേണ്ടതാണ്.

സംഗീതസംവിധായകന്‍ ദീപക് ദേവ് ഒരുക്കിയ പശ്ചാത്തല സംഗീതം മികച്ചതായിരുന്നു. ചിത്രത്തിന്റെ മാസ് മൂഡിന് അനുസരിച്ച് ദീപക്കിന്റെ സംഗീതം കൂടി ചേരുമ്പോള്‍ പ്രേക്ഷകന്‍ ആവേശ കൊടുമുടിയിലെത്തും. ഒരു പൊളിറ്റിക്കല്‍ പശ്ചാത്തലത്തിലാണ് കഥ പറയുന്നതെങ്കിലും പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്ന ലൂസിഫറിനെ വിശേഷിപ്പിക്കാന്‍ കഴിയില്ല. ചിത്രത്തില്‍ സ്റ്റീഫന്‍ പറയുമ്പോലെ ചെറിയ തിന്മയും വലിയ തിന്മയും തമ്മിലുള്ള മത്സരമാകുമ്പോഴും വലിയ തിന്മ പലപ്പോഴും നിശ്പ്രഭമാകുകയും അവസാനമാകുമ്പോഴേക്കും തീര്‍ത്തും തോറ്റുപോകുകയും ചെയ്യുന്നുണ്ട്. ചെറിയ തിന്മയക്ക് ഒരല്‍പം കൂടുതല്‍ നന്മയുടെ ബാധ്യതയും.

NB: “നന്നായി പൃഥ്വിയുടെ സസ്‌പെന്‍സ് ആദ്യമേ പുറത്ത് വിട്ടത് അല്ലെങ്കില്‍ അതിനുകൂടി കൈയ്യടിച്ചും കൂവിയും ഉള്ള ശബ്ദം കൂടി പോയേനെ”

DoolNews Video

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more