Film News
റാം പുനരാരംഭിക്കുന്നു; മോഹന്‍ലാലും തൃഷയും യു.കെയിലേക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 20, 07:11 am
Friday, 20th May 2022, 12:41 pm

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് അനൗണ്‍സ് ചെയ്ത ബിഗ് ബജറ്റ് ചിത്രമാണ് റാം. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നെങ്കിലും കൊവിഡ് പടര്‍ന്നതിനെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്നു. റാമിന്റെ സെക്കന്‍ഡ് ഷെഡ്യൂള്‍ യു.കെയില്‍ തുടങ്ങാനൊരുങ്ങുകയാണെന്ന് കാന്‍ചാനല്‍മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂണ്‍ അവസാനം അല്ലെങ്കില്‍ ജൂലൈ ആദ്യം എന്നിങ്ങനെയാണ് ഷെഡ്യൂള്‍ പ്ലാന്‍ ചെയ്യുന്നത്. മോഹന്‍ലാല്‍, സുമന്‍, ഇന്ദ്രജിത്ത്, തൃഷ എന്നിവരാണ് യു.കെ. ഷെഡ്യൂളില്‍ പങ്കെടുക്കുന്ന താരങ്ങള്‍. ഇവര്‍ക്കൊപ്പം വിദേശ താരങ്ങളും സെക്കന്‍ഡ് ഷെഡ്യൂളിലെത്തും.

ഷൂട്ടിന് മുന്നോടിയായി ലൊക്കേഷന്‍ ഹണ്ടിന് ഒരുങ്ങുകയാണ് ജീത്തുവും ടീമും. മെയ് അവസാനത്തോടെ അവര്‍ യു.കെയിലേയ്ക്ക് തിരിക്കും. ഇതിനായി വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്.

സംവിധായകന്‍ ജീത്തു ജോസഫ്, നിര്‍മാതാക്കളായ രമേഷ് പി. പിള്ള, സുധന്‍, ക്യാമറാമാന്‍ സതീഷ് കുറുപ്പ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അര്‍ഫാസ് അയൂബ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് മംഗലത്ത് എന്നിവരാണ് ഈ സംഘത്തിലുണ്ടാവുക. ലണ്ടന് പുറമെ സ്‌കോട്ട്ലാന്‍ഡിലും ലൊക്കേഷന്‍ തേടുന്നുണ്ട്. 60 ദിവസത്തെ ഷൂട്ടാണ് അവിടെ അവശേഷിക്കുന്നത്.

2020 ജനുവരിയിലാണ് റാമിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. എറണാകുളം, രാമേശ്വരം, ദല്‍ഹി, ഷിംല എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായി. സെക്കന്‍ഡ് ഷെഡ്യൂളിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നതിനിടയിലാണ് കൊവിഡ് പൊട്ടിപ്പുറപ്പെട്ടത്. അതോടെ ഷൂട്ടിംഗ് ബ്രേക്കായി. അതാണിപ്പോള്‍ പുനരാരംഭിക്കാന്‍ പോകുന്നത്.

അതേസമയം മോഹന്‍ലാലും ജീത്തും ജോസഫും വീണ്ടും ഒന്നിച്ച ട്വല്‍ത്ത് മാന്‍ റിലീസ് ചെയ്തിരിക്കുകയാണ്. അതിഥി രവി, ശിവദ, ലിയോണ ലിഷോയ്, അനു മോഹന്‍, പ്രിയങ്ക, ഉണ്ണി മുകുന്ദന്‍, അനു സിത്താര, അനുശ്രീ, രാഹുല്‍ മാധവ്, സൈജു കുറുപ്പ് എന്നിങ്ങനെ വലിയ താരനിര എത്തിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിച്ചത്.

Content Highlight: mohanlal movie Ram’s second schedule shootting is set tostart in UK