നാണമില്ലല്ലോ ഇത് പറയാന്‍; നിങ്ങളൊക്കെ എത്ര ഓവര്‍ ഹൈപ്പ് കൊടുത്ത് നശിപ്പിക്കാന്‍ നോക്കിയാലും നല്ലതാണെങ്കില്‍ മോണ്‍സ്റ്റര്‍ ജയിക്കും: വൈശാഖ്
Entertainment
നാണമില്ലല്ലോ ഇത് പറയാന്‍; നിങ്ങളൊക്കെ എത്ര ഓവര്‍ ഹൈപ്പ് കൊടുത്ത് നശിപ്പിക്കാന്‍ നോക്കിയാലും നല്ലതാണെങ്കില്‍ മോണ്‍സ്റ്റര്‍ ജയിക്കും: വൈശാഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 19th October 2022, 5:02 pm

മോഹന്‍ലാലിന്റെ പുതിയ ചിത്രമായ മോണ്‍സ്റ്റര്‍ സോംബി പടമാണെന്ന കമന്റിന് കണക്കിന് മറുപടി നല്‍കി സംവിധായകന്‍ വൈശാഖ്.

ഒക്ടോബര്‍ 21 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ‘Monster is close to you’ എന്ന എന്ന ക്യാപ്ഷനോടെ പോസ്റ്റര്‍ വൈശാഖ് പങ്കുവെച്ചിരുന്നു.

ഈ പോസ്റ്ററിന് താഴെയാണ് മോണ്‍സ്റ്റര്‍ സോംബി പടമാണെന്ന കമന്റുമായി ആന്‍ഡ്രേ പിരിയോ എന്ന പ്രൊഫൈലെത്തിയത്. ‘സോംബി വരുന്നു…സോംബി വരുന്നു. കേരളത്തിലെ തിയേറ്ററുകളില്‍ 21ന് സോംബി ഇറങ്ങുന്നു, സിങ് സിങ് ലക്കി സിങ്. വെറും എട്ട് കോടി ബജറ്റില്‍ സോംബി എത്തുന്നു,’ എന്നായിരുന്നു ഈ കമന്റ്. ഇതിന് വൈശാഖ് മറുപടി നല്‍കി.

‘എന്റെ പേജില്‍ വന്ന് സോംബി എന്നൊക്കെ എഴുതാന്‍ ഒരു നാണവും തോന്നുന്നില്ലേ സുഹൃത്തേ… ഇത് ഒരു സോംബി പടം ഒന്നുമല്ലെന്നും ഒരു സാധാരണ ത്രില്ലറാണെന്നും ഞാന്‍ ഇതിന് മുമ്പും പല തവണ പറഞ്ഞതാണ്.

പിന്നെ നിങ്ങള്‍ എത്ര ഓവര്‍ ഹൈപ്പ് കൊടുത്ത് നശിപ്പിക്കാന്‍ ശ്രമിച്ചാലും ഈ സിനിമ നല്ലതാണെങ്കില്‍, അത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ പിന്നെയത് വിജയിക്കുക തന്നെ ചെയ്യും. ലവ് യു ബ്രോ,’ വൈശാഖിന്റെ മറുപടി കമന്റില്‍ പറയുന്നു.

ഒരുപാട് പ്രത്യേകതകളുള്ള സിനിമയാണ് മോണ്‍സ്റ്ററെന്നും മലയാളത്തില്‍ ആദ്യമായിട്ടായിരിക്കും ഇത്ര ധൈര്യപൂര്‍വം ഇങ്ങനെയൊരു പ്രമേയം അവതരിപ്പിക്കുന്നതെന്നും കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

അതേസമയം എല്‍.ജി.ബി.ടി.ക്യു രംഗങ്ങള്‍ ഉള്ളതിനാല്‍ ഗള്‍ഫ് മേഖലയില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കുകയും തുടര്‍ന്ന് റീസെന്‍സറിങ് ചെയ്ത് ചില ഭാഗങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് മോണ്‍സ്റ്ററിലെ പ്രമേയത്തെ കുറിച്ച് ചില ട്രോളുകളും ഫാന്‍ തിയറികളും ഊഹങ്ങളുമെല്ലാം വ്യാപകമായത്.

അതേസമയം മോണ്‍സ്റ്ററിലെ നായകനും വില്ലനും തിരക്കഥ തന്നെയാണെന്നായിരുന്നു കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പറഞ്ഞത്.

‘ഏറെ പ്രത്യേകതകളുള്ള ചിത്രമാണ് മോണ്‍സ്റ്റര്‍. ഒരുപാട് സര്‍പ്രൈസ് എലമെന്റുകളുണ്ട്. പ്രമേയമാണ് ഇതിലെ പ്രത്യേകത. ഒരുപക്ഷേ മലയാളത്തില്‍ ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു പ്രമേയം ഇത്ര ധൈര്യപൂര്‍വം അവതരിപ്പിച്ചിരിക്കുന്നത്. തിരക്കഥ തന്നെയാണ് താരം.

ഹീറോ, വില്ലന്‍ കോണ്‍സെപ്റ്റൊക്കെ ഈ സിനിമയിലുണ്ടോന്ന് ചോദിച്ചാല്‍ തിരക്കഥ തന്നെയാണ് നായകന്‍, തിരക്കഥ തന്നെയാണ് വില്ലന്‍. ആ സിനിമയെ പറ്റി ഇത്രയേ പറയാനുള്ളൂ. വളരെ അപൂര്‍വമാണ് ഇത്തരം സിനിമകളില്‍ ഒരു ആക്ടറെന്ന നിലയില്‍ അഭിനയിക്കാന്‍ സാധിക്കുന്നത്. ഈ സിനിമയില്‍ അഭിനയിച്ചതില്‍ വളരെയധികം ഹാപ്പിയാണ് ഞാന്‍,’ മോഹന്‍ലാല്‍ പറഞ്ഞു.

പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ഉദയകൃഷ്ണയാണ് തിരക്കഥ. സതീഷ് കുറുപ്പ് ആണ് മോണ്‍സ്റ്ററിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് ഷമീര്‍ മുഹമ്മദും സംഗീതം ദീപക് ദേവും നിര്‍വഹിക്കുന്നു.

Content Highlight: Mohanlal movie Monster’s director Vysakh gives a fiery reply to a comment calling the movie a zombie movie