ആരാധകര്‍ കാത്തിരുന്ന മോഹന്‍ലാലിന്റെ മാസ് എന്റര്‍ടൈനര്‍ ചിത്രം ആറാട്ടിന്റെ ട്രെയ്‌ലര്‍ പുറത്ത്. മോഹന്‍ലാലിന്റെ നെയ്യാന്‍കര ഗോപന്‍ എന്ന കഥാപാത്രത്തിന്റെ ആറാട്ട് തന്നെയാണ് ട്രെയ്‌ലറില്‍.
ഒപ്പം മോഹന്‍ലാലിന്റെ തന്നെ ഹിറ്റ് ചിത്രം ലൂസിഫറിലെ ‘നിന്റെ തന്തയല്ല, എന്റെ തന്ത’ എന്നതുള്‍പ്പെടെയുള്ള ഡയലോഗുകളും ട്രെയ്‌ലറിലുണ്ട്. സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാനും ട്രെയ്‌ലറിലുണ്ട്.
ബി. ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം. ഉദയകൃഷ്ണയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഫെബ്രുവരി 10നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. ബ്രോ ഡാഡിക്ക് ശേഷം
മോഹന്‍ലാല്‍ അഭിനയിക്കുന്ന കോമഡിക്ക് പ്രാധാന്യമുള്ള ചിത്രവുമാണ് ഇത്.
ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദീഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ്
മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കെ.ജി.എഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് മറ്റൊരു ശ്രദ്ധേയ സാന്നിധ്യം. ചിത്രത്തിന്റെ നേരത്തെ പുറത്തെത്തിയ ഫസ്റ്റ് ലുക്കും ടീസറുമൊക്കെ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.