1000 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന”മഹാഭാരതം” സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ചോ കാസ്റ്റിങ്ങിനെ കുറിച്ചോ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഐശ്വര്യ റായിയുടെയും അമിതാഭ് ബച്ചന്റെയും പ്രഭാസിന്റെയും പേരുകള്‍ ഇതിനിടയില്‍ ഉയര്‍ന്നു കേട്ടു. എന്നാല്‍ ഇപ്പോഴിതാ സിനിമയിലെ കര്‍ണന്‍ ആരെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുന്നു. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനായാകും സിനിമയില്‍ കര്‍ണനായി എത്തുകയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
രാരോണ്ടി വെഡുക ചുധം എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടികള്‍ക്കിടെ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് നാഗാര്‍ജുന മഹാഭാരതത്തെക്കുറിച്ച് മനസ്സ് തുറന്നത്.
Dont Miss മോദി ഭരണത്തിന് കീഴില്‍ യോഗ ഗുരു ബാബ രാം ദേവിന് വഴിവിട്ട് സഹായ ലഭിച്ചെന്ന് റിപ്പോര്‍ട്ട്
“മുമ്പൊരിക്കല്‍ കര്‍ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിക്കുമോ എന്ന് എംടി സാര്‍ എന്നോട് ചോദിച്ചിരുന്നു. ഏകദേശം രണ്ടുവര്‍ഷം മുമ്പ്. മഹാഭാരതം എന്ന സിനിമ സാക്ഷാത്കരിക്കുന്നതിന് വേണ്ടി ശ്രീകുമാര്‍ കഴിഞ്ഞ നാലുവര്‍ഷമായി നടത്തുന്ന പരിശ്രമങ്ങളെക്കുറിച്ച് എനിക്ക് നന്നായി അറിയാം.
ഈയിടെ എംടി സാര്‍ വീണ്ടും ഈ സിനിമയെക്കുറിച്ച് സംസാരിച്ചു. എന്റെ കഥാപാത്രത്തിനും ചിത്രത്തില്‍ പ്രാധാന്യമുണ്ടെങ്കില്‍ ഞാന്‍ അത് അവതരിപ്പിക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്. പ്രൊജക്ട് ഇപ്പോള്‍ പ്രാഥമിക ഘട്ടത്തിലാണ്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താറായിട്ടില്ല”-നാഗാര്‍ജുന വ്യക്തമാക്കി.
മോഹന്‍ലാല്‍ ഭീമനായി എത്തുന്ന ചിത്രം എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി എടുക്കുന്ന ചിത്രമാണ്. എം.ടി.യുടെ തന്നെ തിരക്കഥയില്‍ പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ ആണ് സംവിധാനം.
ചിത്രം നിര്‍മിക്കുന്നത് പ്രമുഖ പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയാണ്. 2018 സെപ്റ്റംബറില്‍ സിനിമയുെട ചിത്രീകരണം ആരംഭിക്കും. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.
ആദ്യഭാഗത്തിന്റെ ചിത്രീകരണം അബുദാബിയില്‍ അടുത്തവര്‍ഷം സെപ്റ്റംബറില്‍ തുടങ്ങും. ശ്രീലങ്ക, മുംബൈ, രാജസ്ഥാന്‍, കേരളം എന്നിവിടങ്ങളാണ് പ്രധാനലൊക്കേഷനുകള്‍.