മോഹന്‍ലാല്‍- എല്‍.ജെ.പി ചിത്രത്തിന്റെ ടൈറ്റില്‍; ഡീകോഡ് ചെയ്ത രൂപം പുറത്ത്; സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച
Film News
മോഹന്‍ലാല്‍- എല്‍.ജെ.പി ചിത്രത്തിന്റെ ടൈറ്റില്‍; ഡീകോഡ് ചെയ്ത രൂപം പുറത്ത്; സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st December 2022, 8:35 pm

ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മലയാളത്തില്‍ ഏറ്റവും മികച്ച സംവിധായകരിലൊരാളും നടന്മാരില്‍ ഒരാളും ഒന്നിക്കുന്നത് തന്നെയാണ് അതിന് ഒരു കാരണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഡിസംബര്‍ 23നാണ് റിലീസ് ചെയ്യുന്നത്. എന്നാല്‍ അതിനും രണ്ട് ദിവസം മുമ്പ് തന്നെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ പറ്റിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയാണ്.

മോഹന്‍ലാല്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. പൂഴിയുടെ മാത്രമുള്ള ഫോട്ടോയെ പറ്റി പല നിഗമനങ്ങളാണ് ഉയര്‍ന്നത്. സ്ഫടികം റീറിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പോസ്റ്ററാണ് ഇതെന്ന് പോലും ചിലര്‍ കമന്റ് ചെയ്തു. എന്നാല്‍ മിനിട്ടുകളുടെ ഇടവേളയില്‍ മോഹന്‍ലാല്‍ വീണ്ടും പല ഫോട്ടോകളും പോസ്റ്റ് ചെയ്തതോടെ എല്‍.ജെ.പി പടത്തിന്റെ ടൈറ്റിലിനെ പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായി.

ഏഴ് ഫോട്ടോകളാണ് ഇതിനോടകം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ടൈറ്റില്‍ റിലീസിന് തന്നെ ഇത്ര ഹൈപ്പാണെങ്കില്‍ ചിത്രം തന്നെ റിലീസ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഹൈപ്പ് എന്താകുമെന്ന് സോഷ്യല്‍ മീഡിയ അത്ഭുതപ്പെടുകയാണ്. ഡീകോഡ് ചെയ്ത് ഒന്നിപ്പിച്ച ചിത്രങ്ങളും പലരും പങ്കുവെക്കുന്നുണ്ട്.

ചിത്രത്തിന്റെ നിര്‍മാതാക്കളായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റിനെ പറ്റിയുള്ള പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഇതിനൊപ്പം ‘പ്രതിഭയും പ്രതിഭാസവും കൈ കോര്‍ത്തപ്പോള്‍ …………………………… എന്നറിയപ്പെട്ടു’, എന്നെഴുതിയ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ചിത്രത്തില്‍ സിനിമയുടെ ടൈറ്റില്‍ 23ന് റിലീസ് ചെയ്യുമെന്നും പറയുന്നുണ്ട്.

‘ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ ഉണ്ടായതല്ല റോമാ സാമ്രാജ്യം. മനുഷ്യന്റെ കഠിനധ്വാനത്തിന്റെ, പോരാട്ടങ്ങളുടെ ശ്രമഫലമാണ് ഓരോ വിജയവും. രണ്ടു മാസങ്ങള്‍ക്കു മുന്‍പ് മലയാളക്കര ആഘോഷിച്ച മോഹന്‍ലാല്‍ ലിജോ ജോസ് കൂട്ടുകെട്ടിലുള്ള ചിത്രത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ പലരും അക്ഷമരായി കാത്തിരിക്കുകയാണ് എന്നറിയാം.

ഒരു രാത്രി കൊണ്ടോ ഒരാഴ്ച കൊണ്ടോ കനവില്‍ നെയ്യുന്ന സ്വപ്നമല്ല സിനിമ. ദിവസങ്ങളുടെ ചിലപ്പോള്‍ വര്‍ഷങ്ങളുടെ ശ്രമഫലമാണ് നമ്മളീ കാണുന്ന സിനിമ. പ്രതിഭയും പ്രതിഭാസവും ഒന്നാകുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയുടെ ഭാരം എത്രത്തോളമുണ്ടെന്ന പൂര്‍ണ ബോധ്യത്തില്‍ ഞങ്ങളിവിടെ തുടക്കം കുറിക്കുകയാണ്.

അണിയറയില്‍ തകൃതിയായി വേണ്ട ചേരുവകള്‍ കൂട്ടിയും കുറച്ചും പാകമാക്കി കൊണ്ടിരിക്കുന്നു. പ്രകൃതിയും മനുഷ്യരും ഒരുപോലെ കുളിരുന്ന ഈ ക്രിസ്മസ് നാളുകളില്‍ ആകാംക്ഷയുടെ ആദ്യ സമ്മാനപൊതി പൊട്ടിക്കാന്‍ ഞങ്ങളെത്തുന്നു. കാത്തിരിപ്പിന് വിരാമമിടാം, ചോദ്യങ്ങളും ആശങ്കകളുമില്ലാത്ത ആ ഉത്തരത്തിനായി കുറച്ചു മണിക്കൂറുകള്‍ കൂടി ക്ഷമയോടെ കാത്തിരിക്കുക,’ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

Content Highlight: mohanlal-lijo jose pellisser movie title became a discussion in social media