തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ തലസ്ഥാന നഗരിയില്‍ സംഘടിപ്പിച്ച കേരളീയം 2023 ന് ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. കേരളത്തിന്റെ പൈതൃക പ്രൗഡിയും ഭാഷയുടെ മഹത്വവും ലോകത്തിനും മനുഷ്യരാശിക്കും മുന്‍പില്‍ ഓര്‍മപ്പെടുത്താനായി സര്‍ക്കാര്‍ ആദ്യമായി സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയുടെ വേദിയില്‍ തനിക്കും ഇടമുണ്ടായതില്‍ മുഖ്യമന്ത്രിയോടും ബന്ധപ്പെട്ടവരോടുമുള്ള നന്ദി രേഖപ്പെടുത്തുകയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
മലയാളിയായതിലും കേരളത്തില്‍ ജനിച്ചതിലും താന്‍ അഭിമാനിക്കുന്നെന്നും കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം പരിപാടിക്ക് എല്ലാ മംഗളാശംസകളും നേരുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാലിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം
എല്ലാവര്‍ക്കും എന്റെ കേരളപിറവി ആശംസകള്‍.
എന്റെ ഓര്‍മയില്‍ ഇതാദ്യമാണ് ഇത്രയും നിറഞ്ഞ വേദിയും സദസും. എവിടെ നോക്കിയാലും പരിചയമുള്ള മുഖങ്ങള്‍ എന്നാല്‍ ഇത് സ്വാഭാവികം മാത്രം. കാരണം കേരളപ്പിറവിയും അതിനോട് അനുബന്ധിച്ചുള്ള ചടങ്ങുമാണല്ലോ ഇത്. കേരളത്തിന്റെ പൈതൃക പ്രൗഡിയും ഭാഷയുടെ മഹത്വവും ലോകത്തിനും മനുഷ്യരാശിക്കും മുന്‍പില്‍ ഒരു ഓര്‍മപ്പെടുത്തലായി മാറുകയാണ്. സര്‍ക്കാര്‍ ആദ്യമായി സംഘടിപ്പിക്കുന്ന കേരളീയം വേദിയില്‍ എനിക്കും ഇടമുണ്ടായതില്‍ മുഖ്യമന്ത്രിയോടും ബന്ധപ്പെട്ടവരോടുമുള്ള നന്ദി രേഖപ്പെടുത്തുന്നു.
എന്നെ സംബന്ധിച്ചിടത്തോളം ഇതെന്റെ നഗരമാണ്. ഇത് എന്റേയും കൂടി സ്വന്തം തിരുവനന്തപുരമാണ്. തിരുവനന്തപുരത്തോളം എനിക്ക് പരിചിതമായ മറ്റൊരു നഗരവുമില്ല. ഇവിടുത്തെ ഓരോ മുക്കും മൂലയും എനിക്കറിയാം. ഇവിടുത്തുകാരേയും ഇവിടുത്തുകാരുടെ സംസ്‌ക്കാരവും എനിക്ക് ഏറെ പരിചിതമാണ്.
കേരളീയം എന്ന സാംസ്‌ക്കാരിക പദ്ധതിക്കായി തിരുവനന്തപുത്തെ തന്നെ തിരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ട്. കേളത്തിലെ ഏറ്റവും കൂടുതല്‍ സാസ്‌ക്കാരിക പരിപാടികളും ഒത്തുചേരലുകളും നടക്കുന്നത് ഈ തലസ്ഥാന നഗരിയിലാണ്. നാളത്തെ കേരളം എങ്ങനെ എന്ന ചിന്തയാണ് കേരളീയം 2023 മുന്നോട്ടുവെച്ചത്.
സ്വാഭാവികമായി സാംസ്‌ക്കാരിക കേരളത്തെ കുറിച്ചുള്ള ഭാവിചിന്തനം അതില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഞാന്‍ പ്രതിനിധീകരിക്കുന്ന സിനിമയെ സംബന്ധിച്ചാണെങ്കില്‍ ഭൂമിശാസ്ത്രപരവും ഭാഷാ അടിസ്ഥാനത്തിലുമുള്ള അതിരുകള്‍ ഭേദിച്ച് പാന്‍ ഇന്ത്യന്‍ സിനിമകള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്.
പ്രേക്ഷകവൃന്ദത്തെ ശക്തിപ്പെടുത്താന്‍ ഉപകാരപ്പെടുത്തുംവിധം ഇത്തരത്തിലുള്ള ശ്രമങ്ങള്‍ക്ക് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരള ഘടകത്തിന് മുന്‍കൈ എടുക്കാവുന്നതേയുള്ളൂ. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനും ചലച്ചിത്ര അക്കാദമിയും പോലെ പല കാര്യങ്ങളും ആദ്യം നടപ്പിലാക്കിയ സംസ്ഥാനമെന്ന നിലയില്‍ നമുക്ക് ഇത്തരമൊരു നീക്കത്തിലും വഴികാട്ടികളാകാം. മലയാളിയായതില്‍ ഞാന്‍ അഭിമാനിക്കുന്നു. കേരളത്തില്‍ ജനിച്ചതിലും. ഈ കേരളപ്പിറവിക്ക് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയത്തിന് എല്ലാ മംഗളാശംസകളും.
ജയ്ഹിന്ദ്.