അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ കെ.എസ്. സേതുമാധവനെ അനുസ്മരിച്ച് സിനിമാ ലോകം. മലയാളസിനിമയുടെ ഗതി നിര്‍ണയിച്ച സിനിമകളുടെ സൃഷ്ടാവായ അദ്ദേഹം മമ്മൂട്ടിയും കമല്‍ ഹാസനും ഉള്‍പ്പെടെയുള്ള നിരവധി താരങ്ങളെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും കമല്‍ഹാസനും ഉള്‍പ്പെടെയുള്ള താരങ്ങള്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
‘മലയാള സിനിമയെ മാറ്റത്തിന്റെ പാതയിലൂടെ നയിക്കുകയും, സാഹിത്യത്തെ ഈ കലാരൂപത്തോട് അടുപ്പിക്കുകയും ചെയ്ത അനുഗ്രഹീത ചലച്ചിത്രകാരന്‍ ശ്രീ കെ.എസ് സേതുമാധവന്‍ സാറിന് ആദരാഞ്ജലികള്‍. മലയാളം ഉള്‍പ്പെടെ അഞ്ചുഭാഷകളില്‍ തന്റെ പ്രതിഭ തെളിയിച്ച അദ്ദേഹം ചലച്ചിത്ര ലോകത്തെ ഗുരുവും മാര്‍ഗ്ഗദര്‍ശിയുമായിരുന്നു. സാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം,’ എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
സുരേഷ് ഗോപിയെ ആദ്യമായി ബാലതാരമായി തന്റെ ചിത്രത്തിലൂടെയാണ് സേതുമാധവന്‍ സിനിമയിലേക്ക് എത്തിച്ചത്. ‘ആറ് വയസ്സ് പ്രായമുള്ള എന്നെ സംവിധാനം ചെയ്യുന്നതിന്റെ മധ്യേ സെറ്റില്‍ എടുത്തു നടന്ന് എന്നെ ആദ്യമായി ഫ്രെയിമിലേക്ക് കൊണ്ടുവന്ന വ്യക്തി. എന്റെ അച്ഛന്റെ ഏറ്റവുമടുത്ത സുഹൃത്ത്. സെല്ലുലോയ്ഡുമായുള്ള എന്റെ പൊക്കിള്‍ക്കൊടി ബന്ധം സ്ഥാപിച്ച എന്റെ അമ്മ. സേതുമാധവന്‍ സാറിന് ഒരായിരം ആദരാഞ്ജലികള്‍,’ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് സുരേഷ് ഗോപി എഴുതി.
‘സ്‌ക്രീനില്‍ അനശ്വരമായ ഇതിഹാസങ്ങള്‍ സൃഷ്ടിച്ച സംവിധായകനാണ് കെ.എസ്. നവതംരഗ സിനിമകള്‍ക്ക് അദ്ദേഹം അടിസ്ഥാനമിട്ടു. അവ മലയാളസിനിമയുടെ തന്നെ ഗതി തീരുമാനിച്ചു. തന്റെ സൃഷ്ടികളിലൂടെ അദ്ദേഹം എന്നന്നേക്കും ഓര്‍മിക്കപ്പെടും. നല്ല സിനിമ എന്നാല്‍ എന്തെന്ന് പഠിപ്പിച്ച എന്റെ സേതുസാറിന് ആദരാഞ്ജലികള്‍,’ കമല്‍ ഹാസന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സേതുമാധവന്റെ ആദ്യ ചിത്രമായ കണ്ണും കരളിലുമാണ് കമല്‍ഹാസന്‍ ആദ്യമായി മലയാളത്തില്‍ ബാലതാരമായി അഭിനയിക്കുന്നത്. ചിത്രത്തില്‍ സത്യന്റെ മകനായിട്ടായിരുന്നു കമല്‍ അഭിനയിച്ചത്.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം യുവാവായ കമലിനെ മലയാളത്തില്‍ ആദ്യമായി നായകനാക്കിയതും സേതുമാധവനായിരുന്നു. കന്യാകുമാരി എന്ന സിനിമയിലാണ് കമല്‍ മലയാളത്തില്‍ ആദ്യമായി നായകനാകുന്നത്.
1971 ല്‍ സേതുമാധവന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയും അഭിനയരംഗത്തേക്ക് എത്തുന്നത്. ദേശീയ പുരസ്‌കാരം നേടിയ ഓടയില്‍ നിന്ന് എന്ന സിനിമയിലൂടെയാണ് സുരേഷ് ഗോപി ബാലതാരമായി എത്തുന്നത്.