| Friday, 1st September 2023, 11:56 pm

ഇനി മോഹന്‍ലാല്‍ നേരിനൊപ്പം; ജീത്തു ജോസ്ഫ് ചിത്രത്തെ കുറിച്ചുള്ള പുതിയ അപ്ഡേറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രമാണ് നേര്. ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

ശാന്തി മായദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

മോഹന്‍ലാല്‍ സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്തു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഒരു കോര്‍ട്ട് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായിരിക്കും നേരേന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

സതീഷ് കുറുപ്പാണ് സിനിമയുടെ ഡി.ഒ.പി. നീതി തേടുന്നു (seeking justice) എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.
ചിത്രത്തിന്റെ പൂജാ ചിത്രങ്ങള്‍ മോഹന്‍ലാല്‍ തന്നെ പങ്കുവെച്ചിരുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും അഭ്യര്‍ഥിക്കുന്നുവെന്നും ഫോട്ടോയ്‌ക്കൊപ്പം മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നു.

ജയിലറാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ മോഹന്‍ലാലിന്റെ ചിത്രം. പത്ത് മിനിട്ട് മാത്രമുള്ള മോഹന്‍ലാലിന്റെ കാമിയോ അപ്പിയറന്‍സ് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. നെല്‍സണ്‍ ദിലിപ് കുമാര്‍ സംവിധാനം ചെയ്ത രജിനികാന്ത് ചിത്രത്തില്‍ കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവ രാജ്കുമാറിന്റെ കാമിയോ റോളും ചര്‍ച്ചയായിരുന്നു.

വിനായകനാണ് ചിത്രത്തില്‍ വില്ലനായത്. രമ്യ കൃഷ്ണ, തമന്ന, മിര്‍ണ, ജാക്കി ഷ്‌റോഫ്, യോഗി ബാബു തുടങ്ങിയ വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ എത്തിയത്.

ഷൂട്ടിങ് പൂര്‍ത്തീകരിച്ച മൈലക്കോട്ട വാലിബന്‍, ബാറോസ് എന്നീ ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. റാമിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്, എമ്പുരാന്റെ ഷൂട്ട് ഉടന്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മോഹന്‍ലാലിന്റേതായി പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ചിത്രം വൃഷഭ’യും ചിത്രീകരണം പുരോഗമിക്കുന്നുണ്ട്. നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം.

സഹ്‌റ എസ് ഖാന്‍ നായികയായുണ്ടാകും. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനം. എ.വി.എസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകലില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

റോഷന്‍ മെക, ഷനയ കപൂര്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ വൃഷഭ തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണെന്ന് റിപ്പോര്‍ട്ടുണ്ട്.

Content Highlight: Mohanlal joined in the set of jeethu joseph’s Neru

We use cookies to give you the best possible experience. Learn more