ഒടുവില്‍ അവനെത്തുന്നു; മോഹന്‍ലാല്‍ - ജീത്തു ജോസഫ് ചിത്രം റാം; അപ്‌ഡേറ്റ്
Cinema
ഒടുവില്‍ അവനെത്തുന്നു; മോഹന്‍ലാല്‍ - ജീത്തു ജോസഫ് ചിത്രം റാം; അപ്‌ഡേറ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th May 2024, 11:03 pm

മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ വമ്പന്‍ പ്രതീക്ഷയോടെ അനൗണ്‍സ് ചെയ്ത ചിത്രമായിരുന്നു റാം. 2020ല്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം പിന്നീട് കൊവിഡ്കാലത്ത് മുടങ്ങുകയായിരുന്നു.

കൊവിഡിന് ശേഷം വീണ്ടും ഷൂട്ടിങ് തുടങ്ങിയെങ്കിലും സിനിമയെ കുറിച്ചുള്ള യാതൊരു അപ്‌ഡേഷനും ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. സിനിമാ പ്രേമികളും മോഹന്‍ലാല്‍ ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുമെന്ന് പറഞ്ഞിരുന്നു.

മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ തന്നെ ശേഷം റിലീസ് ചെയ്ത ചിത്രങ്ങളായിരുന്നു ദൃശ്യം 2, ട്വല്‍ത്ത് മാന്‍, നേര്. ഈ ചിത്രങ്ങളെല്ലാം പുറത്തിറങ്ങി കഴിഞ്ഞു. ഇപ്പോള്‍ കാത്തിരിപ്പിന് ശേഷം റാമിന്റെ പുതിയ വിശേഷങ്ങളാണ് പുറത്തുവരുന്നത്.

ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ഓഗസ്റ്റ് ആദ്യം ആരംഭിച്ചേക്കും. ടുണീഷ്യയില്‍ 22 ദിവസവും ലണ്ടനില്‍ 15 ദിവസവും ഷൂട്ട് ചെയ്യാനാണ് പദ്ധതി. ചില ഭാഗങ്ങള്‍ കേരളത്തിലും മുംബൈയിലും ചെന്നൈയിലുമായി നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമാ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റാമിന്റെ ആദ്യ ഭാഗം ക്രിസ്മസ് റിലീസായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ഭാഗം 2025ലാകും എത്തുന്നത്.

Content Highlight: Mohanlal – Jeethu Joseph Movie Ram’s Update