| Tuesday, 17th August 2021, 11:19 am

മോഹന്‍ലാലിന്റെ 12th മാന്‍ ഷൂട്ടിംഗ് തുടങ്ങി; ചിത്രങ്ങള്‍ പുറത്തുവിട്ട് ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുക്കെട്ടിന്റെ പുതിയ ചിത്രമായ 12th മാന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ സംവിധായകന്‍ ജീത്തു ജോസഫ് സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പങ്കുവെച്ചു.

നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, ഉണ്ണി മുകുന്ദന്‍, പ്രിയങ്ക, രാഹുല്‍ മാധവ്, ശിവദ തുടങ്ങിയവരെല്ലാം ആദ്യ ദിവസം ലൊക്കേഷനിലെത്തിയിട്ടുണ്ട്.

മിസ്റ്ററി ത്രില്ലറായിട്ടാണ് ചിത്രമൊരുങ്ങുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

നിഗൂഢത നിറഞ്ഞ ഒരു വീടിന്റെ പശ്ചാത്തലത്തിലായിരുന്നു പോസ്റ്റര്‍. വീടിനകത്തുള്ള 11 പേരുടെ രൂപവും അവിടേയ്ക്ക് നടന്ന് എത്തുന്ന മോഹന്‍ലാലിന്റെ രൂപവുമായിരുന്നു പോസ്റ്ററിലുള്ളത്.

ദൃശ്യം 2വാണ് ജീത്തുവും മോഹന്‍ലാലും ഒന്നിച്ച അവസാന ചിത്രം. നേരത്തെ മോഹന്‍ലാലിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ചിത്രം അനൗണ്‍സ് ചെയ്തിരുന്നു.

ദൃശ്യം 2 വിന്റെ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് തന്നെ മറ്റൊരു കഥയും ജീത്തു പറഞ്ഞിരുന്നെന്നും ദൃശ്യം 2 കഴിഞ്ഞ ശേഷം ഇതിനെ കുറിച്ച് ആലോചിക്കാം എന്നായിരുന്നു തങ്ങളുടെ തീരുമാനം എന്നുമായിരുന്നു ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്.

അതേസമയം ജീത്തു ജോസഫ് മോഹന്‍ലാല്‍ ടീമിന്റെ റാം എന്ന സിനിമ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ വിദേശത്തടക്കം ചിത്രീകരിക്കേണ്ടതിനാല്‍ തല്‍ക്കാലം ചിത്രം മാറ്റി വെയ്ക്കുകയായിരുന്നു.

നിലവില്‍ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണവും നിര്‍ത്തി വെച്ചിരിക്കുകയാണ്. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്നാണ് ബറോസിന്റെ ചിത്രീകരണവും നിര്‍ത്തിവെച്ചത്. പൃഥ്വിരാജ് ചിത്രമായ ബ്രോ ഡാഡിയുടെ ഷൂട്ടിലാണ് മോഹന്‍ലാലിപ്പോള്‍.

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട്, പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളാണ് മോഹന്‍ലാലിന്റെതായി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Mohanlal – Jeethu Joseph movie 12th Man shooting started

We use cookies to give you the best possible experience. Learn more