പുതിയ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യാതിരിക്കുന്നതിനെ പറ്റി സംസാരിക്കുകയാണ് മോഹന്‍ലാല്‍. താന്‍ സ്വന്തം പ്രൊഡക്ഷനില്‍ ജോലി ചെയ്യാനിഷ്ടപ്പെടുന്ന ആളാണെന്നും അപ്പോള്‍ പല തരത്തിലുമുള്ള സ്വാതന്ത്ര്യം ലഭിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. പുതിയ ആളുകള്‍ പറയുന്ന കഥകള്‍ കേള്‍ക്കാറുണ്ടെന്നും എന്നാല്‍ അതൊന്നും തന്നെ എക്‌സൈറ്റ് ചെയ്യിക്കാറില്ലെന്നും മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.
മമ്മൂട്ടി പുതിയ ആളുകള്‍ക്കൊപ്പം സിനിമകള്‍ ചെയ്യുമ്പോള്‍ മോഹന്‍ലാല്‍ അറിയാവുന്ന ആളുകള്‍ക്കൊപ്പം കംഫര്‍ട്ട് സോണില്‍ വര്‍ക്ക് ചെയ്യുന്നു എന്ന താരതമ്യങ്ങളെ പറ്റിയുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘എന്റെ തന്നെ പ്രൊഡക്ഷനില്‍ വര്‍ക്ക് ചെയ്യാന് ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. അപ്പോള്‍ നമുക്ക് നമ്മുടേതായ ഒരുപാട് സ്വാതന്ത്ര്യങ്ങളുണ്ടാവാം, നമുക്ക് ഇഷ്ടമുള്ള സിനിമ ചെയ്യാം. നേര് ഞങ്ങളുടെ സിനിമയാണ്. എമ്പുരാന്‍, ബറോസ് പിന്നെ ചെയ്യാനിരിക്കുന്ന സിനിമകളൊക്കെ ഞങ്ങള്‍ തന്നെയാണ് ചെയ്യുന്നത്.
പുതിയ കുട്ടികളുടെ കഥകള്‍ ഞാന്‍ കേള്‍ക്കാറുണ്ട്, എന്നാല്‍ അതൊന്നും എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്ന രീതിയിലുള്ളതല്ല. പിന്നെ മറ്റൊരു പ്രൊഡ്യൂസറോട് പുതിയ ആളുകളെ വെച്ചുള്ള കഥ പറഞ്ഞാലും പറഞ്ഞ ദിവസത്തിനുള്ളില്‍ ചെയ്യാനും ബിസിനസ് തലത്തിലുമൊക്കെ പ്രയാസമുണ്ടാവാം. അതുകൊണ്ട് അവരെ നമ്മള്‍ ഒരിക്കലും മോശമായി കാണുന്നില്ല.
പുതുതായി ലിജോ ജോസ് പെല്ലിശ്ശേരിയോടൊപ്പം ചെയ്യുന്ന സിനിമ എത്രയോ കാലം സംസാരിച്ചിട്ട് ചെയ്യുന്നതാണ്. അടുത്ത കാലത്ത് ഒരു പത്ത് കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ടാവാം. അതൊന്നും മോശമാണെന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ നമ്മളെ എക്‌സൈറ്റ് ചെയ്യിക്കുന്ന സിനിമകള്‍ അതിലുണ്ടായിരുന്നില്ല. പല സിനിമകള്‍ ചേര്‍ത്തുവെച്ചിട്ടുള്ള സിനിമയാണ് പലരും പറയുന്നത്.
പിന്നെ ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് പലരും ചിന്തിക്കുന്നുണ്ട്. പക്ഷേ അതൊന്നും നമുക്ക് താങ്ങാനാവുന്ന സിനിമകളാവില്ല. നേര് എന്ന സിനിമ രസകരമായി പുതിയ ഒരാളാണ് വന്ന് പറയുന്നതെങ്കില്‍ ഞാനത് ചെയ്യാന്‍ തയാറാവും,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal is talking about not doing films with new directors