|

ആരാണ് ഖുറേഷി അബ്രാം? എന്താണ് അയാളുടെ ബിസിനസ്? മറുപടിയുമായി മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യൽ മീഡിയ എവിടെ നോക്കിയാലും എമ്പുരാൻ ആണ് ചർച്ച. റിലീസിന് മുമ്പ് തന്നെ റെക്കോർഡ് നേട്ടം സ്വന്തമാക്കിയാണ് എമ്പുരാൻ റിലീസിനൊരുങ്ങുന്നത്. 6,45,000 അധികം ടിക്കറ്റുകളാണ് ചിത്രത്തിൻ്റെ ആദ്യദിവസം വിറ്റുപോയത്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് വെബ്സെറ്റായ ബുക്ക് മൈ ഷോയിൽ ആദ്യ ദിവസത്തിൽ ഏറ്റവും അധികം ബുക്ക് ചെയ്യപ്പെടുന്ന ഇന്ത്യൻ ചിത്രമാണ് എമ്പുരാൻ.

ഇപ്പോൾ എമ്പുരാൻ ചിത്രം തീർത്തും വ്യത്യസ്തമാണെന്ന് പറയുകയാണ് മോഹൻലാൽ. ലൂസിഫർ ചിത്രം ആരംഭിച്ചത് സ്റ്റീഫൻ നെടുമ്പള്ളിയുടെ ക്യാരക്ടർ കാണിച്ചുകൊണ്ടാണെന്നും എന്നാൽ ചിത്രം അവസാനിക്കുന്നത് ഖുറേഷി അബ്രാമിനെ കാണിച്ചാണെന്നും പറയുകയാണ് മോഹൻലാൽ.

എമ്പുരാൻ പറയുന്നത് ഖുറേഷി അബ്രാമിൻ്റെ കഥയാണെന്നും ചിത്രമൊരു എൻ്റർടെയ്ൻമെൻ്റ് സിനിമയാണെന്നും മോഹൻലാൽ പറയുന്നു. ഖുറേഷി അബ്രാം ഒരു മിസ്റ്ററിയാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

എമ്പുരാൻ ചിത്രത്തിൻ്റെ പ്രസ് മീറ്റിലാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്.

‘ഈ ചിത്രം തീർത്തും വ്യത്യസ്തമാണ്. ലൂസിഫർ എന്ന ചിത്രം ആരംഭിച്ചത് സ്റ്റീഫൻ നെടുമ്പള്ളി എന്ന ക്യാരക്ടറിലൂടെയാണ്. എന്നാൽ ചിത്രം അവസാനിച്ചത് ഖുറേഷി അബ്രാം എന്ന സ്റ്റീഫൻ നെടുമ്പള്ളിയുടെ വേറെ മുഖം കാണിച്ചു കൊണ്ടാണ്.

അപ്പോൾ ഈ സിനിമ ഖുറേഷി അബ്രാമിൻ്റെ കഥയാണ്. എമ്പുരാനിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമുണ്ട്. പക്ഷെ എന്നാലും ഈ സിനിമ പറയുന്നത് ആരാണ് ഖുറേഷി അബ്രാം, എന്താണ് അയാളുടെ ബിസിനസ്, എന്താണ് അയാളുടെ ഡീലിങ്സ്, അയാൾ എങ്ങനെയാണ് പൊളിറ്റിക്സുമായി ബന്ധപ്പെട്ടിരിക്കുന്നത്.

ഖുറേഷി അബ്രാം ഒരു മിസ്റ്ററിയാണ്. ഇതൊരു എൻ്റർടെയ്ൻമെൻ്റ് സിനിമയാണ്. ഇതിൽ പൊളിറ്റിക്സ് ഉണ്ട്, ആക്ഷൻസ് ഉണ്ട്, സെൻ്റിമെൻ്റ്സ് ഉണ്ട് നിങ്ങൾക്ക് തെരഞ്ഞെടുക്കാം എന്താണെന്ന്.

എൻ്റർടെയ്ൻമെൻ്റ് എന്നുവെച്ചാൽ എല്ലാ കാര്യങ്ങളും വേണം അതുകൊണ്ട് ഇക്കാര്യങ്ങളെല്ലാം സിനിമയിൽ ഉൾപ്പെടുത്താൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്,’ മോഹൻലാൽ പറഞ്ഞു.

Content Highlight: Mohanlal is Talking about Empuraan