| Wednesday, 9th November 2022, 7:00 pm

എലോണ്‍ പ്രേക്ഷകര്‍ കാണേണ്ട സിനിമ, വളരെ വ്യത്യസ്തമായാണ് ഷാജി കൈലാസ് ഒരുക്കിയിരിക്കുന്നത്: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിന്റേതായി ഉടന്‍ റിലീസിനൊരുങ്ങുന്ന ചിത്രമാണ് എലോണ്‍. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രമാണ് അഭിനയിക്കുന്നത് എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. എലോണ്‍ പ്രേക്ഷകര്‍ കാണേണ്ട സിനിമയാണെന്ന് പറയുകയാണ് മോഹന്‍ലാല്‍. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് എലോണ്‍ എന്ന ചിത്രത്തെ പറ്റി മോഹന്‍ലാല്‍ പറഞ്ഞത്.

‘എലോണ്‍ എന്ന് പറയുന്നത് വളരെ വ്യത്യസ്തമായ സിനിമയാണ്. നേരത്തെ കമല്‍ ഹാസനൊക്കെ തനിച്ച് ചെയ്തിട്ടുള്ളതാണ്. പക്ഷേ അതില്‍ വേറെ ആള്‍ക്കാര്‍ ഉണ്ടായിരുന്നു, ശബ്ദങ്ങളായിട്ട്. പക്ഷേ ഈ ചിത്രത്തില്‍ ഞാന്‍ മാത്രമേ ഉള്ളൂ. അതുകൊണ്ടാണ് എലോണ്‍ എന്ന് പേരിട്ടിരിക്കുന്നത്.

ഇത് കാണേണ്ട സിനിമയാണ്. വളരെ വ്യത്യസ്തമായാണ് ഷാജി കൈലാസ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംഭവിക്കുന്ന കഥയാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.

പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാനെ പറ്റിയും മോഹന്‍ലാല്‍ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ‘പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്‍. ലൂസിഫറിന്റെ സെക്കന്റ് പാര്‍ട്ട് എന്ന് ഞങ്ങള്‍ പറയുന്നില്ല. സ്വീക്കലായിട്ടല്ല. മുരളി ഗോപി ഇതിനെ സെക്കന്റ് ഇന്‍സ്റ്റാള്‍മെന്റെന്നാണ് പറഞ്ഞിരിക്കുന്നത്,’ മോഹന്‍ലാല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം എമ്പുരാനുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു.
തിരക്കഥയുടെ ലാസ്റ്റ് ഭാഗത്തിന്റെ ഫോട്ടോയാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. ‘ഷോട്ട് അവസാനിക്കുന്നു Black out, Title – L L2E E.M.P.U.R.A.A.N’, എന്നാണ് ഫോട്ടോയില്‍ ദൃശ്യമാകുന്നത്.

എമ്പുരാന്റെ ഷൂട്ടിങ് 2023 പകുതിയോടെ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രം 2024 പകുതിയോടെ തിയേറ്ററുകളില്‍ എത്തുമെന്നും വിവരമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. ഈ വര്‍ഷം ഓഗസ്റ്റില്‍ ആയിരുന്നു എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. അവകാശവാദങ്ങളൊന്നുമില്ലെന്നും ഒരു കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറാണ് ചിത്രമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. മലയാളത്തിന് പുറമെ ഇതര ഭാഷകളിലും എമ്പുരാന്‍ റിലീസ് ചെയ്യും.

Content Highlight: Mohanlal is saying that Alone is a must watch movie for the audience

We use cookies to give you the best possible experience. Learn more