| Wednesday, 29th May 2024, 3:36 pm

ഐ.എം.ഡി.ബിയിലും ഒരേയൊരു രാജാവ് മോഹന്‍ലാല്‍ തന്നെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകത്ത് ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട ഇന്ത്യന്‍ താരങ്ങളില്‍ ആദ്യ 50ല്‍ മോഹന്‍ലാലും. പ്രശ്‌സത മൂവി വെബ്‌സൈറ്റായ ഐ.എം.ഡി.ബിയാണ് ഈ കണക്ക് പുറത്തുവിട്ടത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ആഗോളതലത്തില്‍ ആളുകള്‍ സെര്‍ച്ച് ചെയ്ത താരങ്ങളുടെ ലിസ്റ്റിലാണ് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും ഉള്‍പ്പെട്ടത്. ആദ്യ 50 പേരില്‍ മലയാളത്തില്‍ നിന്ന് വേറൊരു അഭിനേതാവും ഇല്ല എന്നുള്ളതും മോഹന്‍ലാലിന്റെ നേട്ടത്തെ കൂടുതല്‍ മികച്ചതാക്കുന്നു. 48ാം സ്ഥാനത്താണ് മോഹന്‍ലാല്‍.

ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് ദീപികാ പദുകോണാണ്. ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരെ പിന്തള്ളിയാണ് ദീപിക ഒന്നാം സ്ഥാനത്തെത്തിയത്.
ആലിയ ഭട്ട് നാലാം സ്ഥാനത്തുണ്ട്. സൗത്ത് ഇന്ത്യന്‍ താരങ്ങളില്‍ ആരും ആദ്യ 10ല്‍ ഇല്ല. സമന്ത 13ാം സ്ഥാനത്തും നയന്‍താര 18ാം സ്ഥാനത്തും ഉണ്ട്. തമിഴ് സൂപ്പര്‍ താരം വിജയ് 35ാം സ്ഥാനത്താണുള്ളത്. ധനുഷ് 30ാം സ്ഥാനവും നേടി.

മലയാള സിനിമയില്‍ നിന്ന് ദുല്‍ഖറും മമ്മൂട്ടിയും ഫഹദും പൃഥ്വിയും ലിസ്റ്റിലുണ്ട്. ദുല്‍ഖര്‍ 59ാം സ്ഥാനത്തും, മമ്മൂട്ടി 63ാം സ്ഥാനത്തും എത്തിയപ്പോള്‍ ഫഹദ് 81ാം സ്ഥാനത്തും പൃഥ്വി 100ാം സ്ഥാനത്തും എത്തി. 2014 ജനുവരി മുതല്‍ 2024 ഏപ്രില്‍ വരെയുള്ള റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക് പുറത്തുവിട്ടത്.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ പേരിടാത്ത ചിത്രത്തില്‍ ശോഭനയാണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. തരുണ്‍ മൂര്‍ത്തി ചിത്രത്തിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും. 2019ല്‍ പുറത്തിറങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.

Content Highlight: Mohanlal in the 48th place in IMDB’s most searched Indian starts of last decade

We use cookies to give you the best possible experience. Learn more