| Friday, 4th December 2020, 10:30 am

താമരശ്ശേരിയിലെ തെരഞ്ഞെടുപ്പ് പ്രചരണച്ചൂടില്‍ മോഹന്‍ലാലും

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിനിമാ താരം മോഹന്‍ലാല്‍ താമരശ്ശേരി പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണിപ്പോള്‍. എന്താ കാര്യമെന്നല്ലേ? പഞ്ചായത്തിലെ വികസന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒടു ട്രോളാണ് പ്രദേശത്തെ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ അടക്കമുള്ള നവമാധ്യമങ്ങളില്‍ ഹിറ്റായത്.

നേരത്തെ താമരശേരി പഴയ ബസ് സ്റ്റാന്‍ഡില്‍ ഷൂട്ട് ചെയ്ത ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന സിനിമയിലെ മോഹന്‍ ലാലിന്റെ ദൃശ്യമാണ് ട്രോളായി മാറിയത്. പഴയ ബസ് സ്റ്റാന്‍ഡില്‍ ബസ്സിറങ്ങിയ മോഹന്‍ലാല്‍ മൂത്രമൊഴിക്കാനായി പുതിയ സ്റ്റാന്‍ഡില്‍ വരണമെന്ന് ഫോണില്‍ മറ്റാരോടോ പറയുന്ന രീതിയിലാണ് ട്രോള്‍.

വര്‍ഷങ്ങളായി പഞ്ചായത്ത് ഭരിക്കുന്നവരുടെ കെടുകാര്യസ്ഥതയെയാണ് ട്രോളന്‍മാര്‍ കളിയാക്കിയിരിക്കുന്നത്. മലയോരത്തെ വിവിധ പ്രദേശങ്ങളിലേക്കുള്ള ബസ്സുകളുടെ ഹബ്ബ് കൂടിയാണ് താമരശ്ശേരി ടൗണ്‍. എന്നിട്ടും താമരശേരി പഴയ സ്റ്റാന്‍ഡില്‍ ഒരു കംഫര്‍ട്ട് സ്‌റ്റേഷന്‍ ഇല്ലാത്തത് ജനങ്ങളെ വലിയ രീതിയില്‍ ബുദ്ധിമുട്ടിക്കുന്നുണ്ട്.

കോഴിക്കോട് വയനാട് ദേശീയപാത കടന്നുപോകുന്ന താമരശ്ശേരിയില്‍ ദീര്‍ഘ ദൂര ബസ്സുകളെല്ലാം നിര്‍ത്തുന്നത് പഴയ ബസ് സ്റ്റാന്‍ഡില്‍ മാത്രമാണ്. ഇവിടെ ബസ് കാത്തുനില്‍ക്കുന്ന സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുളളവര്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ യാതൊരു നിവൃത്തിയുമില്ല. ഈ ഗതികേടിനെയാണ് താമരശ്ശേരിക്കാര്‍ മോഹന്‍ലാലിനെ വെച്ച് ട്രോളാക്കി മാറ്റിയത്.

താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമൊക്കെ ഷൂട്ട് ചെയ്ത ചിത്രത്തിലെ രംഗം കൂടിയായതിനാല്‍ ട്രോള്‍ നാട്ടുകാര്‍ ഏറ്റെടുത്തിരിക്കുകയാണ്. താമരശ്ശേരി പഴയ സ്റ്റാന്‍ഡില്‍ നേരത്തെ ഇ ടോയ്ലെറ്റ് നിര്‍മിച്ചെങ്കിലും വൈകാതെ അത് പ്രവര്‍ത്തന രഹിതമാവുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mohan Lal in Thamarassery Trolls

We use cookies to give you the best possible experience. Learn more