ആദ്യ സിനിമയായ വെള്ളിമൂങ്ങയിലൂടെ തന്നെ മലയാളത്തില്‍ കാലുറപ്പിച്ച സംവിധായകനായ ജിബു ജേക്കബിന്റെ രണ്ടാമത്തെ ചിത്രം മോഹന്‍ലാലിനൊപ്പം. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ചിത്രത്തില്‍ ഒരു പഞ്ചായത്ത് സെക്രട്ടറിയായാണ് അദ്ദേഹം അഭിനയിക്കുക.
പ്രശസ്ത സാഹിത്യകാരനായ ജെയിംസ്.വി.ജെയുടെ “പ്രണയോപനിഷത്” എന്ന കഥയാണ് ചിത്രം ആധാരമാക്കുന്നത്. തിരക്കഥയൊരുക്കുന്നത് എം.സിന്ധുരാജ്. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ സഹനിര്‍മ്മാതാവായിരുന്ന സോഫിയാ പോള്‍ വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു.
ഹാസ്യാത്മകമായാകും ചിത്രം അവതരിപ്പിക്കുകയെന്ന് തിരക്കഥാകൃത്തായ സിന്ധുരാജ് പറയുന്നു. മലയാളത്തില്‍ ഏറ്റവും നന്നായി ഹാസ്യം കൈകാര്യം ചെയ്യാന്‍ കഴിയുന്ന നടന്മാരിലൊരാളാണ് മോഹന്‍ലാല്‍ എന്നും, നല്ല ടൈമിങ്ങാണ് ലാലിന്റേത് എന്നുമാണ് സിന്ധുരാജിന്റെ അഭിപ്രായം. എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ലാല്‍ ജോസ് ഹിറ്റുകളുടെ തിരക്കഥാകൃത്താണ് സിന്ധുരാജ്.
2016 ജനുവരിയോടെ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം മലയാളികള്‍ക്ക് മോഹന്‍ലാലിന്റെ വിഷുക്കൈനീട്ടമായാകും തിയറ്ററുകളിലെത്തുക.