Advertisement
Kerala News
ആനക്കൊമ്പ് കൈവശംവെച്ച കേസില്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 27, 01:49 pm
Saturday, 27th August 2022, 7:19 pm

കൊച്ചി: ആനക്കൊമ്പ് കൈവശംവെച്ച കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹരജി തള്ളിയതിനെതിരെ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹന്‍ലാലിന്റെ ഹരജിയിലെ ആവശ്യം.

പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമവശവും പരിശോധിച്ചില്ലെന്നും തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്നും മോഹന്‍ലാലിന്റെ ഹരജിയില്‍ പറയുന്നു. മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

മോഹന്‍ലാലിന്റെ അപേക്ഷയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ നേരത്തെ
തീരുമാനിച്ചത്. വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ 2016 ജനുവരിയിലും 2019 സെപ്റ്റംബറിലും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.

2012 ജൂണില്‍ ആദായനികുതി വിഭാഗം മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. നാല് ആനക്കൊമ്പുകളാണ് ആയിരുന്നു ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.

ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.