| Tuesday, 18th January 2022, 2:34 pm

പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് ഹിസ് ഹൈനസ് അബ്ദുള്ള ഉണ്ടായത്, സമാനമായി പുതിയൊരു ഭാവം കൊണ്ടു വരുകയാണ് ഹൃദയം: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നീണ്ട ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. സംഗീതത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ 15 ഗാനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. വര്‍ഷങ്ങള്‍ക്ക് ശേഷം കാസറ്റിലും ഒരു മലയാളസിനിമയുടെ ഗാനങ്ങള്‍ റിലീസ് ചെയ്തിരിക്കുകയാണ്. മോഹന്‍ലാലായിരുന്നു ഹൃദയം ഓഡിയോ ലോഞ്ച് ചെയ്തത്.

1990 ല്‍ പുറത്തിറങ്ങിയ ഹിസ് ഹൈനസ് അബ്ദുള്ളയുടെ ഓര്‍മകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു മോഹന്‍ലാല്‍ ഓഡിയോ ലോഞ്ച് ചെയ്ത്.

‘തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ ഗാനമേഖല ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്തായിരുന്നു ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമ ഉണ്ടായത്. സംഗീതത്തിന് ഏറ്റവുമധികം പ്രാധാന്യം കൊടുത്തുകൊണ്ട് ചെയ്ത സിനിമയായിരുന്നു അത്. ആ സമയത്ത് ഏറ്റവുമധികം കാസറ്റ് ചിലവായ സിനിമയുമായിരുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.

‘അതിനു ശേഷം ഞങ്ങള്‍ ചെയ്ത ഒരുപാട് സിനിമകള്‍, ഭരതം, കമലദളമൊക്കെ സംഗീതത്തിന് പ്രാധാന്യമുള്ളവയായിരുന്നു. പിന്നീട് മലയാള സിനിമ സംഗീതത്തെക്കുറിച്ച് മറ്റൊരു ആശയത്തിലേക്ക് പോയി. അതിനെ പുതിയൊരു ഭാവത്തോടെ കൊണ്ടുവരികയാണ് ഹൃദയം എന്ന സിനിമ എന്നത് വലിയ സന്തോഷം നല്‍കുന്നു. ഒരുപാട് പ്രത്യേകതകള്‍ ഉള്ള സിനിമയാണ് എനിക്കിത്.

ഇതിന്റെ പിന്നിലുള്ളവരെല്ലാം എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നവര്‍ തന്നെയാണ്. എന്റെ മകന്‍ അഭിനയിക്കുന്നു എന്നതിലുപരി എന്റെ സുഹൃത്തുക്കളുടെ കുട്ടികളാണ് ഇത് നിര്‍മ്മിക്കുന്നതും അഭിനയിക്കുന്നതും സംവിധാനം ചെയ്യുന്നതുമൊക്കെ. ഇത് ഏറ്റവും വലിയ വിജയമാവട്ടെയെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു’, മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ജനുവരി 21 നാണ് ഹൃദയം റിലീസ് ചെയ്യുന്നത്. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും
കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും വിനീത് ശ്രീനിവാസന്‍ തന്നെയാണ്.
അജു വര്‍ഗ്ഗീസ്,അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെറിലാന്റ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍.’

ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: mohanlal about hridayam

We use cookies to give you the best possible experience. Learn more