സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി മോഹന്‍ലാല്‍. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകളില്‍ പൗരന്മാര്‍ ദേശീയ പതാക ഉയര്‍ത്തുന്ന ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായാണ് മോഹന്‍ലാല്‍ എളമക്കരയിലെ തന്റെ വീട്ടില്‍ പതാക ഉയര്‍ത്തിയത്.
രാജ്യസ്‌നേഹം ഊട്ടിയുറപ്പിക്കാന്‍ ഈ മഹോത്സവത്തിന് സാധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ‘എല്ലാ പൗരന്മാരും വീടുകളില്‍ പതാക ഉയര്‍ത്തണമെന്നത് ഒരു ആഹ്വാനമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കും ഒന്നായി മുന്നേറാനും രാജ്യസ്‌നേഹം ഊട്ടിയുറപ്പിക്കാനുമൊക്കെ ഈ മഹോത്സവത്തിന് സാധിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.
20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയാണ് ഹര്‍ ഘര്‍ തിരംഗ പരിപാടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരും, കേന്ദ്രഭരണ പ്രദേശങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരും ഏകോപിപ്പിക്കും.
വിവിധ രാഷ്ടീയ നേതാക്കളുടെ വീടുകളിലും ദേശീയ പതാക ഉയര്‍ത്തി. വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും ധനമന്ത്രി കെ.എന്‍. ബാലഗോപാലും വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തി. നടന്‍ സുരേഷ് ഗോപിയും വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നു.
അതേസമയം, ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വല്‍ത്ത് മാനാണ് ഒടുവില്‍ പുറത്ത് വന്ന മോഹന്‍ലാല്‍ ചിത്രം. ഷാജി കൈലാസിന്റെ എലോണ്‍, വൈശാഖിന്റെ മോണ്‍സ്റ്റര്‍, പ്രിയദര്‍ശന്റെ ഓളവും തീരവും എന്നിവയാണ് ഇനി പുറത്ത് വരാനിരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍. മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ബാറോസിന്റെ ഷൂട്ട് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന റാമിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.
Content Highlight: Mohanlal hoisted the national flag at his home on the occasion of the 75th anniversary of independence