| Tuesday, 1st November 2022, 6:35 pm

ഊഹത്തില്‍ തന്നെ കിടന്നോട്ടെ, ഞാന്‍ അറിയാതെ പറഞ്ഞുപോയേനെ; ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള ചിത്രത്തെ പറ്റി മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിജോ ജോസ് പെല്ലിശ്ശേരിയുമൊത്തുള്ള ചിത്രത്തെ പറ്റി ആദ്യമായി പ്രതികരിച്ച് മോഹന്‍ലാല്‍. ജീത്തു ജോസഫ് ചിത്രമായ റാമിന് ശേഷം ലിജോയുടെ ചിത്രം ചെയ്യുമെന്ന് റേഡിയോ സുനോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.

ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന സിനിമയുടെ പേര് റാമെന്നാണ്. അതിന്റെ ബാക്കി ഷൂട്ടിങ് ടുണീഷ്യയിലാണ്. അതുകഴിഞ്ഞ് ജനുവരി 10 മുതല്‍ ലിജോയ്‌ക്കൊപ്പമുള്ള സിനിമ ചെയ്യും. ലിജോയുടെ അച്ഛനുമായി വളരെയധികം അടുത്ത ബന്ധമുണ്ടായിരുന്നു. ആ സിനിമയുടെ പേര് അനൗണ്‍സ് ചെയ്‌തോ എന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ ഇല്ല ഊഹാപോഹങ്ങള്‍ ഉണ്ടെന്നായിരുന്നു അവതാരകരുടെ മറുപടി. അപ്പോള്‍ ആ ഊഹത്തില്‍ തന്നെ കിടന്നോട്ടെ, ഞാന്‍ അറിയാതെ പറഞ്ഞുപോയേനെ എന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ഇതുപോലെ വേറെ ഡ്രീം പോജക്ടുകളുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എല്ലാം ഡ്രീമല്ലേയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. നമ്മളൊക്കെ ഡ്രീമിലല്ലേ ജീവിക്കുന്നത്. എല്ലാ സിനിമകളും ഡ്രീം പ്രോജക്ടുകള്‍ തന്നെയാണ്. ലിജോയുടെ സിനിമയുണ്ട്. ലൂസിഫര്‍ എന്ന സക്‌സസ്ഫുള്‍ സിനിമയുടെ സീക്വല്‍ നമ്മള്‍ തുടങ്ങുകയാണ്. അതിന്റെ പേര് എമ്പുരാനെന്നാണ്. ഇത് കഴിഞ്ഞാല്‍ അതിലേക്ക് പോവുകയാണ്. സ്‌ക്രിപ്‌റ്റൊക്കെ ലോക്ക് ചെയ്തു. പുറത്തെ ഒരുപാട് രാജ്യങ്ങളില്‍ ഷൂട്ട് ചെയ്യേണ്ട സിനിമയാണ്, മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് മാറ്റിവെക്കപ്പെട്ട റാമിന്റെ ചിത്രീകരണം പിന്നീട് പുനരാരംഭിക്കുകയായിരുന്നു. റാം ഏതാണ്ട് 50 ശതമാനം പൂര്‍ത്തിയായെന്ന് ജീത്തു ജോസഫ് പറഞ്ഞതായി ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തിരുന്നു. അടുത്ത വര്‍ഷം ജനുവരിയോടെ റാം പൂര്‍ത്തിയാകും. റാം ഒന്നും രണ്ടും ഭാഗങ്ങള്‍ ഒരുമിച്ചായിരിക്കും പൂര്‍ത്തിയാക്കുക എന്നും ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ചിത്രീകരണം 2023 പകുതിയോടെ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ആരംഭിക്കുന്ന ചിത്രം 2024 പകുതിയോടെയാകും തിയേറ്ററുകളില്‍ എത്തുക. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മാതാക്കള്‍ എമ്പുരാന്‍ വിഭാവനം ചെയ്യുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

Content Highlight: mohanlal funny comment on lijo jose pellisseri’s movie

We use cookies to give you the best possible experience. Learn more