| Thursday, 18th November 2021, 1:12 pm

കാവലിന്റെ പോസ്റ്റര്‍ മറച്ച് മരക്കാര്‍ പോസ്റ്റര്‍ സ്ഥാപിച്ച് മോഹന്‍ലാല്‍ ഫാന്‍സ്; തമ്പാനേയും പേടിക്കുന്നുണ്ടെന്ന് നിര്‍മാതാവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ നാളത്തെ ഇടവേളക്ക് ശേഷം സുരേഷ് ഗോപിയുടെ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന സിനിമയാണ് ‘കാവല്‍’. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 25 ന് തിയേറ്ററിലെത്തുകയാണ്.

ഡിസംബര്‍ 2 ന് മരക്കാര്‍ റിലീസ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കാവലിന്റെ റിലീസ് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ ചിലര്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ അത്തരമൊരു ആലോചന പോലും തങ്ങള്‍ക്കില്ലെന്നും 25 ന് തന്നെ സിനിമ റിലീസ് ചെയ്യുമെന്നും നിര്‍മാതാവ് ജോബി ജോര്‍ജ് അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു വീഡിയോ ആണ് ജോബി ജോര്‍ജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

കാവല്‍ സിനിമയുടെ പോസ്റ്റര്‍ മോഹന്‍ലാല്‍ ഫാന്‍സ് മറക്കുകയും പകരം മരക്കാര്‍ സിനിമയുടെ പോസ്റ്റര്‍ വെക്കുകയും ചെയ്യുന്ന വിഡിയോയാണ് ഇത്. മരക്കാര്‍ പോസ്റ്റര്‍ വെച്ചതിന് പിന്നാലെ ആരാധകര്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതും വിഡിയോയില്‍ കാണാം.

‘അപ്പോള്‍ തമ്പാനെയും ആന്റണിയെയും പേടിക്കുന്നുണ്ട്. നടക്കെട്ടെ… കാവല്‍ 25 മുതല്‍,’ എന്ന കുറിപ്പോടെയായിരുന്നു ജോബി ജോര്‍ജ് വീഡിയോ പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം ജോബി ജോര്‍ജ് പോസ്റ്റ് ചെയ്ത കാവലിന്റെ പോസ്റ്ററിന്‌ന് താഴെ ‘മരക്കാര്‍’ ഇറങ്ങുന്നതോടെ ഈ സിനിമയൊക്കെ തിയേറ്റര്‍ വിടേണ്ടി വരും എന്ന തരത്തിലുള്ള കമന്റുകളും വന്നിരുന്നു. ‘ജോബിച്ചായോ ഈ കൊച്ചു പടമൊക്കെ ഇത്ര ബന്ധപ്പെട്ട് തീയേറ്ററില്‍ ഇറക്കണ്ട വല്ല കാര്യവും ഉണ്ടാരുന്നോ. ഡിസംബര്‍ 2 ആകുമ്പോള്‍ എന്തായാലും അടിച്ചു വെളിയില്‍ ചാടിക്കും. ഇനിയും സമയമുണ്ട് നല്ല തീരുമാനങ്ങള്‍ എടുക്കാന്‍,’ എന്നായിരുന്നു കമന്റ്.

‘മരക്കാറിന് മുന്നില്‍ പിടിച്ചു നില്‍ക്കാനുള്ള ആമ്പിയര്‍ ഒക്കെ ഈ ഐറ്റത്തിന് ഉണ്ടോ?’ എന്നായിരുന്നു മറ്റൊരു ചോദ്യം.

‘അതൊന്നും എനിക്കറിയില്ല. ഞാന്‍ പഠിച്ചിട്ടുണ്ട് ഒരു പൊട്ടനുറുമ്പ് ഒരു ആനയെ വീഴ്ത്തിയ കഥ’ എന്നായിരുന്നു ഇതിന് ജോബി ജോര്‍ജ് നല്‍കിയ മറുപടി.

ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലൊരുക്കിയ കാവല്‍ ഒരു ആക്ഷന്‍ ഫാമിലി ഡ്രാമയാണ്. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. നിഖില്‍ എസ് പ്രവീണ്‍ ആണ് ഛായാഗ്രഹണം. രണ്‍ജി പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണന്‍ രാജന്‍ പി. ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായര്‍, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാര്‍വ്വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more