മോഹന്‍ലാലിനെ പരോക്ഷമായി വിമര്‍ശിച്ച് മോഹന്‍ലാല്‍ ഫാന്‍സ് ജനറല്‍ സെക്രട്ടറി വിമല്‍ കുമാര്‍. മോഹന്‍ലാലിന്റെ പേരെടുത്ത് പറയാതെയാണ് വിമലിന്റെ പോസ്റ്റ്. മനുഷ്യമനസുകള്‍ കീഴടക്കിയ പ്രതിഭാശാലികളായ നടന്മാരെ ഇഷ്ടപ്പെട്ടുകൊണ്ട് അവരുടെ ആരാധകരായത് ശരിയാണോ, തെറ്റാണോ. ശരിയാണെങ്കില്‍ വീണ്ടും വീണ്ടും നല്ല കഥാപാത്രങ്ങള്‍ ചെയ്യുകയെന്ന് വിമല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
‘സിനിമ ഒരുവിനോദോപാധിയാണ്, കലയാണ്, വ്യവസായമാണ്. ഇതുകൊണ്ട് ജീവിക്കുന്ന ഒരുപാട് മനുഷ്യന്മാര്‍ ഉണ്ട്. കഥാപാത്രങ്ങളിലൂടെ മനുഷ്യമനസുകള്‍ കീഴടക്കിയ പ്രതിഭാശാലികളായ നടന്മാര്‍ പ്രേക്ഷക സമൂഹത്തില്‍ ഇടം നേടിയ നടന്മാരെ ഇഷ്ടപ്പെട്ടുകൊണ്ട് അവരുടെ ആരാധകരായി. അവരെ ഇഷ്ടപ്പെട്ടത് ശരിയാണോ, തെറ്റാണോ.
ശരിയാണെങ്കില്‍ വീണ്ടും വീണ്ടും നല്ല കഥാപാത്രങ്ങള്‍ ചെയ്യുക. തെറ്റാണെങ്കില്‍ ഈ പാത പിന്തുടരുക. നിങ്ങളെ ഞങ്ങള്‍ പതിയെ പതിയെ വിസ്മരിക്കും,’ വിമല്‍ കുറിച്ചു.
വൈകാത തന്നെ വിമല്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ വിമലിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വിമലിന്റെ കുറിപ്പിനെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്. വിമലിന്റെ കുറിപ്പിനോട് വിയോജിപ്പ് രേഖപ്പെടുത്തി പലരും കുറിപ്പിട്ടു.
നേരത്തേയും വിവാദപോസ്റ്റിലൂടെ വിമല്‍ കുമാര്‍ ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിന്റെ പശ്ചാത്തലത്തില്‍ മമ്മൂട്ടി സാറിന് തുറന്ന കത്ത് എന്ന് പറഞ്ഞ് വിമല്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് വിവാദമായത്.
‘മലയാള സിനിമ വ്യവസായത്തെ പരിപോഷിപ്പിക്കാന്‍ പോകുന്ന വേളയില്‍, അതിന്റെ യാത്രാപഥങ്ങള്‍ എല്ലാവരും കൂടെ നില്‍ക്കേണ്ട സമയത്ത് ‘അങ്ങേ ഇഷ്ടപ്പെടുന്ന ആള്‍ക്കാര്‍’ എന്ന് സ്വയം ചിന്തിക്കുന്ന ആള്‍ക്കാര്‍ മലയാള സിനിമയോട് കാണിക്കുന്ന ഹീനമായ പ്രവര്‍ത്തികളോട് മൗനം വെടിയണം, ഞങ്ങള്‍ക്ക് കഴിയും ചെളി വാരി എറിയാന്‍. ഞങ്ങളെ അതിന് പ്രാപ്തരാക്കരുത്,’ എന്നായിരുന്നു വിമലിന്റെ പോസ്റ്റ്.
വിവാദമായതിന് പിന്നാലെ വിമല്‍ ഈ പോസ്റ്റും ഡിലീറ്റ് ചെയ്തിരുന്നു.
Content Highlight: Mohanlal Fans General Secretary Vimal Kumar indirectly criticized Mohanlal