| Saturday, 4th December 2021, 9:28 pm

'മമ്മൂട്ടി സാറിന് തുറന്ന കത്ത് എന്ന രീതിയില്‍ പരാമര്‍ശിക്കുകയുണ്ടായി'; മാപ്പ് പറഞ്ഞുകൊണ്ട് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിത്രത്തിന് സമിശ്രപ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടെ ചിത്രത്തിനെതിരെ മനപൂര്‍വ്വം ഡീഗ്രേഡിഗ് നടക്കുന്നുണ്ടെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

ഇതിനിടെ നടന്‍ മമ്മൂട്ടിയുടെ ആരാധകരാണ് ചിത്രത്തിനെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണം ഉന്നയിച്ച് ചില മോഹന്‍ലാല്‍ ആരാധകരും രംഗത്ത് എത്തിയിരുന്നു.

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍ കുമാറും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. മമ്മൂട്ടിക്കുള്ള തുറന്ന കത്ത് എന്ന നിലയില്‍ ഫേസ്ബുക്കിലൂടെയായിരുന്നു വിമല്‍ കുമാറിന്റെ പ്രതികരണം.

പോസ്റ്റ് വലിയ ചര്‍ച്ചയായതോടെ ക്ഷമ ചോദിച്ച് വിമല്‍ കുമാര്‍ പുതിയ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചു. മമ്മൂട്ടി സാറിന് തുറന്ന കത്ത് എന്ന നിലയിലായിരുന്നു കഴിഞ്ഞ ദിവസത്തെ പോസ്റ്റ്.

‘മമ്മൂട്ടി സാറിന് തുറന്ന കത്ത്.. ആമുഖമായി പറയാം എന്നോട് ക്ഷമിക്കുക. മലയാള സിനിമ വ്യവസായത്തെ പരിപോഷിപ്പിക്കാന്‍ പോകുന്ന വേളയില്‍, അതിന്റെ യാത്രാപഥങ്ങള്‍ എല്ലാവരും കൂടെ നില്‍ക്കേണ്ട സമയത്ത് ‘അങ്ങേ ഇഷ്ടപ്പെടുന്ന ആള്‍ക്കാര്‍’ എന്ന് സ്വയം ചിന്തിക്കുന്ന ആള്‍ക്കാര്‍ മലയാള സിനിമയോട് കാണിക്കുന്ന ഹീനമായ പ്രവര്‍ത്തികളോട് മൗനം വെടിയണം. ഞങ്ങള്‍ക്ക് കഴിയും ചെളി വാരി എറിയാന്‍. ഞങ്ങളെ അതിന് പ്രാപ്തരാക്കരുത്.’ ഇതായിരുന്നു പോസ്റ്റ്.

പിന്നീട് പോസ്റ്റ് വിവാദമായതോടെ വിമല്‍ കുമാര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പു പറഞ്ഞുകൊണ്ട് പുതിയ പോസ്റ്റ് പങ്കുവെച്ചത്.

‘AKMFCWA എന്ന മോഹന്‍ലാല്‍ സാറിനെ ഇഷ്ടപ്പെടുന്ന സംഘടന രൂപീകൃതമായത് പോലും മമ്മൂട്ടി സാര്‍ എന്ന മഹാനായ കലാകാരന്‍ താല്‍പര്യം എടുത്തത് കൊണ്ടാണ്. അദ്ദേഹത്തിന്റെ സ്‌നേഹവായ്പ് അടുത്തറിഞ്ഞ ഒരാളാണ് ഞാന്‍. ‘മമ്മൂട്ടി സാറിന് തുറന്ന കത്ത്’ എന്ന രീതിയില്‍ ഞാന്‍ എന്റെ മുഖപുസ്തകത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. ഞാന്‍ അതിന് ക്ഷമ ചോദിക്കുന്നു. മമ്മൂട്ടി സാറിനോട് ഉള്ള സ്‌നേഹവും ആദരവും തുടര്‍ന്നും ഉണ്ടാകും. ആരെയും വേദനിപ്പിക്കാന്‍ പറഞ്ഞതല്ല..’ എന്നാണ് പുതിയ പോസ്റ്റ്.

Mohanlal Fans Association General Secretary apologizes Facebook post about Mammootty 
We use cookies to give you the best possible experience. Learn more