എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. ഒരു കലാകാരന്‍ എന്ന നിലയില്‍ തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ ആശയത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
ഇത്തരത്തിലുള്ള വിഷയങ്ങൾ നിര്‍ബന്ധമായും എമ്പുരാനിൽ നിന്ന് നീക്കം ചെയ്യാന്‍ തങ്ങള്‍ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞുവെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു.
‘ലൂസിഫര്‍’ ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നുവന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ തന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞു. അതുകൊണ്ട് തന്നെ തന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്നും മോഹന്‍ലാല്‍ അറിയിച്ചു.
കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് താന്‍ സിനിമാ ജീവിതം നയിച്ചതെന്നും നിങ്ങളുടെ സ്‌നേഹവും വിശ്വാസവും മാത്രമാണ് തന്റെ ശക്തിയെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതില്‍ കവിഞ്ഞൊരു മോഹന്‍ലാല്‍ ഇല്ല എന്ന് വിശ്വസിക്കുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു.
വിവാദങ്ങളിൽ എമ്പുരാൻ ടീമിൽ നിന്നുള്ള ആദ്യ പ്രതികരണമാണ് മോഹൻലാലിൽ നിന്ന് നിലവിൽ ഉണ്ടായിരിക്കുന്നത്.
മലയാളത്തിലെ എക്കാലത്തെയും ബിഗ്ബഡ്ജറ്റ് ചിത്രമായ എമ്പുരാന്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജാണ് സംവിധാനം ചെയ്തത്. മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത് വെറും 48 മണിക്കൂറിനുള്ളില്‍ 100 കോടി ക്ലബ്ബില്‍ കയറാനും എമ്പുരാന് കഴിഞ്ഞിരുന്നു.
എന്നാല്‍ വ്യാപകമായ സംഘപരിവാര്‍ ആക്രമണമാണ് സിനിമയ്ക്ക് നേരെ ഉണ്ടായത്. പിന്നാലെ സിനിമയിലെ 17ലധികം വരുന്ന ഭാഗങ്ങളില്‍ മാറ്റം വരുത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വില്ലന്റെ ബജ്റംഗി എന്ന പേര് മാറ്റിയും ചില ഭാഗങ്ങള്‍ മ്യൂട്ട് ചെയ്തുമായിരിക്കും ഇനി സിനിമ തിയേറ്ററിലെത്തുക. വ്യാഴാഴ്ചയോടെ എഡിറ്റിങ് പൂര്‍ത്തിയാകുമെന്നാണ് വിവരം. സിനിമയിലെ കലാപ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ എഡിറ്റ് ചെയ്യും.
അതേസമയം സിനിമക്കെതിരായ സംഘപരിവാറിന്റെ സൈബര്‍ ആക്രമണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവരും യുവജന-വിദ്യാര്‍ത്ഥി സംഘടനകളും ആരാധകരില്‍ ഒരു വിഭാഗവും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കെയാണ് മോഹന്‍ലാലിന്റെ പ്രതികരണം വരുന്നത്.
Content Highlight: Mohanlal expresses regret over Empuran controversies