| Monday, 9th September 2024, 2:07 pm

പുതിയ സംവിധായകര്‍ പലരും കഥയുമായി വരാറുണ്ട്, പക്ഷേ അവരിലെല്ലാം ഒരു പൊതു സ്വഭാവമുണ്ട്: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. നാലരപ്പതിറ്റാണ്ടായി ഓരോ സിനിമകളിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നടനാണ് മോഹന്‍ലാല്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 360ഓളം സിനിമകള്‍ ചെയ്ത മോഹന്‍ലാല്‍ കരിയറില്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. അഭിനയജീവിതം 45ാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ ബാറോസിലൂടെ ആദ്യമായി സംവിധായക കുപ്പായമണിയാനൊരുങ്ങുകയാണ് താരം.

കഴിഞ്ഞ കുറച്ചു കാലങ്ങളായി മോഹന്‍ലാല്‍ കേള്‍ക്കുന്ന ഒരു പഴിയാണ് പുതിയ സംവിധായകര്‍ക്ക് അവസരം നല്‍കുന്നില്ല എന്നത്. മമ്മൂട്ടി ഓരോ സിനിമയും പുതിയ സംവിധായകരുമായി കൈകോര്‍ക്കുമ്പോള്‍ മോഹന്‍ലാല്‍ തന്റെ സൗഹൃദവലയത്തിനുള്ളില്‍ സ്വയം തളച്ചിടുന്നു എന്നാണ് പറയുന്നത്. അത്തരം വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് മോഹന്‍ലാല്‍.

Mohanlal reacts to the Hema committee report

പല സംവിധായകരും തന്നോട് കഥ പറയാന്‍ വരാറുണ്ടെന്നും എന്നാല്‍ ആ കഥയിലെല്ലാം തന്റെ പഴയ സിനിമകളിലെ റഫറന്‍സ് ഉണ്ടാകാറുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. എപ്പോഴും ഫ്രഷ് ആയിട്ടുള്ള വേഷങ്ങള്‍ ചെയ്യാനാണ് താത്പര്യമെന്നും അത്തരത്തില്‍ ഒരു കഥയാണ് തരുണ്‍ മൂര്‍ത്തി തന്നോട് പറഞ്ഞതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

എട്ട് വര്‍ഷത്തോളമെടുത്താണ് തരുണ്‍ ഈ കഥ പൂര്‍ത്തിയാക്കിയതെന്നും ഇതുപോലുള്ള കഥകള്‍ക്കാണ് താന്‍ കാത്തിരിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പുതിയ സംവിധായകര്‍ക്ക് അവസരം കൊടുക്കാത്തത് മനഃപൂര്‍വമല്ല. പലരും എന്നോട് പലപ്പോഴായി കഥ പറയാന്‍ വന്നിട്ടുണ്ട്. അവരുടെയൊക്കെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് അതിയായ ആഗ്രഹവുമുണ്ട്. പക്ഷേ അവരുടെ കഥയിലൊക്കെ ഞാന്‍ മുമ്പ് ചെയ്ത കഥാപാത്രങ്ങളുടെ റഫറന്‍സ് വരുന്നുണ്ട്. ഒരു സിനിമ ചെയ്യുമ്പോള്‍ അതില്‍ എന്തെങ്കിലും പുതുമ വേണമല്ലോ. മുമ്പ് ചെയ്തതുപോലുള്ള വേഷം വീണ്ടും കൊണ്ടുവന്നാല്‍ പ്രേക്ഷകര്‍ക്ക് ബോറടിക്കില്ലേ.

ചെറിയ സിനിമകളും ഞാന്‍ ചെയ്യുന്നുണ്ട്. നേര് എന്ന സിനിമ ഞാന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലാത്ത തരത്തിലുള്ള ഒന്നായിരുന്നു. അത് വലിയ വിജയമായി മാറി. അതുപോലെ ഇപ്പോള്‍ ചെയ്യുന്ന തരുണ്‍ മൂര്‍ത്തിയുടെ സിനിമ. എല്ലാം ഫ്രഷ് സബ്ജക്ടാണ്. അങ്ങനെയുള്ള സിനിമകള്‍ ചെയ്യുമ്പോള്‍ മാത്രമേ നമുക്ക് നമ്മളെ മടുക്കാതിരിക്കുള്ളൂ. എട്ട് വര്‍ഷം കൊണ്ടാണ് തരുണ്‍ മൂര്‍ത്തി ഈ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. വളരെ പ്രതീക്ഷയുള്ള ചിത്രമാണിത്,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal explains why he not join hands with new directors

We use cookies to give you the best possible experience. Learn more