കൊച്ചി: പുതിയ ചിത്രങ്ങള്‍ ആരംഭിക്കരുതെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ഫിലിം ചേംബറിന്റെയും നിര്‍ദ്ദേശം തള്ളി മോഹന്‍ലാല്‍ ചിത്രവും. ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ട്‌കെട്ടില്‍ ഒരുങ്ങുന്ന ദൃശ്യം 2 ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.
ആദ്യ ഷെഡ്യൂള്‍ ഓഗസ്റ്റ് 17ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മനോരമന്യൂസാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. പുതിയ സിനിമകളുടെ ഷൂട്ട് തുടങ്ങരുതെന്ന നിര്‍മാതാക്കളുടെ തീരുമാനത്തില്‍ ‘അമ്മ’യ്ക്കും ഫെഫ്കയ്ക്കും വിയോജിപ്പുകളുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്.
ദൃശ്യത്തിന്റെ സംവിധായകനായ ജീത്തു ജോസഫ് തന്നെയാണ് ദൃശ്യം 2 ന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ആശീര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവാരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദൃശ്യം 2 ത്രില്ലിങ് സിനിമയായിരിക്കുമെന്നും സ്‌ക്രിപ്റ്റ് താന്‍ വായിച്ചുവെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
കേരളത്തിലാണ് ചിത്രത്തിന്റെ പൂര്‍ണമായും ഷൂട്ടിങ്. ലോക്ക്ഡൗണിന് ശേഷം തുടര്‍ച്ചയായ 60 ദിവസംകൊണ്ട് ഷൂട്ടിങ് പൂര്‍ത്തിയാക്കാനാണ് ആലോചന. ദൃശ്യം 2 പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഷൂട്ടിങ് നിര്‍ത്തിവെച്ച മറ്റ് ചിത്രങ്ങളില്‍ ലാല്‍ അഭിനയിക്കുക.
അതേസമയം ചിത്രത്തിന്‍റെ ഷൂട്ടിംഗ് നേരത്തെ തീരുമാനിച്ചതാണെന്നും അസോസിയേഷന് എതിര്‍പ്പ് പ്രകടിപ്പിക്കുകയാണെങ്കില്‍ ഷൂട്ടിംഗ് തിയ്യതി മാറ്റിയേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2013 ഡിസംബറില്‍ റിലീസ് ചെയ്ത ദൃശ്യം മലയാള സിനിമയില്‍ വന്‍ ഹിറ്റായിരുന്നു. പുലിമുരുകന് മുന്‍പ് മോഹന്‍ലാലിന്റെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമായിരുന്നു ദൃശ്യം.
ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്തിരുന്നു.
അതേസമയം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തിനെതിരെ നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു തുടങ്ങിയവര്‍ തങ്ങളുടെ പുതിയ സിനിമ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
തനിക്ക് ഇഷ്ടമുള്ള പ്ലാറ്റ് ഫോമില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നും കലാകാരന്മാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ നില്‍ക്കരുതെന്നും ലിജോ പറഞ്ഞിരുന്നു. തന്നെ സംബന്ധിച്ച് സിനിമ പണം സമ്പാദിക്കാനുള്ള യന്ത്രമല്ലെന്നും മറിച്ച് തന്റെ കാഴ്ചപ്പാട് പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമാണെന്നും പറഞ്ഞ ലിജോ സിനിമയില്‍ നിന്ന് സ്വരൂപിക്കുന്ന പണം മുഴുവന്‍ മികച്ച സിനിമയക്കായി വിനിയോഗിക്കുമെന്നും തനിക്ക് ശരിയാണ് എന്ന് തോന്നുന്നിടത്ത് സിനിമ പ്രദര്‍ശിപ്പിക്കുമെന്നും ലിജോ ജോസ് പറഞ്ഞിരുന്നു.
തന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് ജൂലായ് ഒന്നു മുതല്‍ ആരംഭിക്കുമെന്ന് നേരത്തെ ലിജോ ജോസ് പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റും ലിജോ പങ്കുവെച്ചിരുന്നു.സിനിമാ ചിത്രീകരണം തുടങ്ങരുതെന്ന ചലച്ചിത്ര സംഘടനകളുടെ നിര്‍ദ്ദേശം നിലനില്‍ക്കെ ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍ എന്ന് നേരത്തെ ലിജോ ജോസ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക