തന്റെ ബ്ലോഗിലെ പരാമര്‍ശങ്ങള്‍ ഇത്രവലിയ ചര്‍ച്ചയാക്കേണ്ടിയിരുന്നില്ലെന്ന് നടന്‍ മോഹന്‍ലാല്‍. തന്റെ ബ്ലോഗിലെ ചില വാചകള്‍ മാത്രം ക്വാട്ട് ചെയ്ത് അതിനെക്കുറിച്ച് ചര്‍ച്ച നടത്തുന്ന മാധ്യമങ്ങളെയും ലാല്‍ കുറ്റപ്പെടുത്തി. നെല്ല് എന്ന വെബ്‌സൈറ്റിലെ തന്റെ പ്രതിമാസ കോളത്തില്‍ കണ്ണുനീരിനെ വില്‍പ്പനക്ക് വെക്കരുത് എന്ന തലക്കെട്ടിലാണ് ലാല്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
“ഇന്ന് ഒരിക്കല്‍ കൂടി ഞാന്‍ ഇരയായി മാറുന്നു. എന്റെ ചെറിയ ചിന്തയില്‍ വീണ ഒരു സങ്കടം ബ്‌ളോഗിലെഴുതിയതിന് എന്തൊക്കെ പുകിലുകളാണ് നടക്കുന്നത്. എന്നെ ചില പക്ഷങ്ങളിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകുന്നു. ചാനലുകളില്‍ ഫ്‌ളാഷ് ന്യൂസുകളായി എന്റെ ബ്‌ളോഗിലെ ചില വാചകങ്ങള്‍ മാത്രം ക്വാട്ട് ചെയ്യപ്പെടുന്നു. ചര്‍ച്ചകള്‍ നടക്കുന്നു. വേണ്ടായിരുന്നു, എന്റെ പക്ഷം കണ്ടുപിടിക്കാന്‍ നിങ്ങള്‍ വിനിയോഗിച്ച ഊര്‍ജ്ജം കണ്ണീര്‍ തോരാത്ത അമ്മമാരെയും ഭാര്യമാരെയും മക്കളെയും സൃഷ്ടിക്കാന്‍ ഇനി ആരെയും അനുവദിക്കില്ല എന്ന് ഉറക്കെ വിളിച്ച് പറയാന്‍ ഉപയോഗിക്കാമായിരുന്നു.” ലേഖനത്തില്‍ ലാല്‍ പറയുന്നു.
ബ്ലോഗിലെ കുറിപ്പിലൂടെ താന്‍ കൊലപാതക രാഷ്ട്രീയത്തെയാണ് വിമര്‍ശിച്ചത്. ആര് എപ്പോള്‍ നടത്തിയാലും കൊലപാതകം എന്നത് തെറ്റാണ്. ഏത് രാഷ്ട്രീയപാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാലും അവരുടെ കണ്ണുനീര് ഒരേപോലെയാണെന്നും ലാല്‍ പറഞ്ഞു.
തന്റെ വഴികള്‍ ബുദ്ധന്റെ വഴികളായിരുന്നെന്ന് എവിടെയും പറഞ്ഞിട്ടില്ല. ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ മനസ് പല തലങ്ങളിലാണ് സഞ്ചരിക്കുക. ഇന്ന് പല കാര്യങ്ങള്‍ കാണുമ്പോഴും പ്രതികരിക്കണമെന്ന് തോന്നുന്നു. വല്ലതും നാലാള്‍ കേള്‍ക്കെ പറഞ്ഞാല്‍ കല്ലേറുറപ്പാണ്. അതിലും ഭേദം മിണ്ടാതിരിക്കുന്നതല്ലേ. മിക്കവരും അങ്ങനെയാണ് ചിന്തിക്കുന്നത്. ഉച്ചത്തില്‍ വിളിച്ച് പറയേണ്ടവരെ മഹാമൗനത്തിലേക്ക് ഒതുക്കി ഇരുത്തിയതിന്റെ ഉത്തരവാദികള്‍ ആരാണ്? – മോഹന്‍ലാല്‍ ചോദിക്കുന്നു.
തന്റെ കുറിപ്പ് വിവാദമാക്കിയ മാധ്യമങ്ങളെയും ലാല്‍ വിമര്‍ശിക്കുന്നുണ്ട്. “കണ്ണുനീരിനെ വില്‍പ്പനക്കുവെക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ പാത “എല്ലാവരും” ഉപേക്ഷിക്കണം ഇത് ഒരു മനുഷ്യസ്‌നേഹിയുടെ അപേക്ഷയാണ്. സ്‌നേഹവും നന്‍മയും പുഞ്ചിരിയും കിനാവുകളുമൊക്കെ നമ്മുടെ നാട്ടില്‍ തിരിച്ച് വരട്ടെ. ആക്രോശങ്ങള്‍ ഇനി നിര്‍ത്താം. അതല്ലേ എല്ലാവര്‍ക്കും നല്ലത്.”
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാവണം. ഭരിക്കുന്നവരെ നല്ല വഴികളിലൂടെ നടത്തുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. തൊട്ടതെല്ലാം കുറ്റം എന്ന് പറയുമ്പോള്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതും ഒരുക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തെ പരാമര്‍ശിച്ച് പിറന്നാല്‍ ദിനത്തില്‍ മോഹന്‍ലാല്‍ തന്റെ ബ്ലോഗിലെഴുതിയ വരികള്‍ കഴിഞ്ഞദിവസം ഏറെ ചര്‍ച്ച ചെയ്തിരുന്നു. മോഹന്‍ലാലിന്റെ കുറിപ്പ് ചാനലുകളും പത്രങ്ങളും ആഘോഷിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചയും നടന്നു. മോഹന്‍ലാലിനെ അനുകൂലിച്ചും ശക്തമായി എതിര്‍ത്തും അഭിപ്രായങ്ങളുയര്‍ന്നു. ഈ സാഹചര്യത്തിലാണ് മോഹന്‍ലാലിന്റെ പുതിയ ലേഖനം പുറത്തുവന്നിരിക്കുന്നത്.