അഭിനയജീവിതത്തിന്റെ അമ്പതാം വര്‍ഷം പിന്നിട്ട മമ്മൂട്ടിക്ക് ഹൃദയം തൊടുന്ന ആശംസകളുമായി മോഹന്‍ലാല്‍. തന്റെ സഹോദരന്‍ അഭിനയത്തില്‍ 50 വര്‍ഷം പിന്നിട്ടിരിക്കുന്നുവെന്നായിരുന്നു മോഹന്‍ലാല്‍ ഫേസ്ബുക്കിലെഴുതിയത്.
മമ്മൂട്ടിക്കൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്.
‘ഇന്ന്, എന്റെ സഹോദരന്‍ സിനിമാലോകത്ത് അത്യുജ്വലമായ 50 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. അദ്ദേഹത്തോടൊപ്പം 55 സിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ എനിക്കേറെ അഭിമാനമുണ്ട്. കൂടുതല്‍ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ്. അഭിനന്ദനങ്ങള്‍, ഇച്ചാക്ക,’ എന്നായിരുന്നു മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇതിന് ഉടനടി മമ്മൂട്ടിയുടെ മറുപടി കമന്റുമെത്തി. ഒറ്റ വരിയില്‍ ‘താങ്ക്യു ഡിയര്‍ ലാല്‍’ എന്നായിരുന്നു ഒരു ചിരിക്കുന്ന ഇമോജിക്കൊപ്പം മമ്മൂട്ടിയുടെ കമന്റ്.
മോഹന്‍ലാലിന്റെ പോസ്റ്റും അതിന് മമ്മൂട്ടിയുടെ കമന്റും ഇരുവരുടെയും ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്. മമ്മൂട്ടി ആദ്യമായാണ് ഒരു പോസ്റ്റിന് മറുപടി നല്‍കുന്നത് കാണുന്നതെന്നും അത് ലാലേട്ടന് വേണ്ടിയായതില്‍ മലയാളികള്‍ ഏറെ സന്തോഷിക്കുകയാണെന്നും കമന്റുകളില്‍ പറയുന്നു.
1971 ഓഗസ്റ്റ് 6ന് റിലീസ് ചെയ്ത് അനുഭവങ്ങള്‍ പാളിച്ചകള്‍ ചിത്രത്തില്‍ ബഹുദൂറിന്റെ കൂടെ ഒരു സീനിലായിരുന്നു മമ്മൂട്ടി ആദ്യമായി അഭിനയിച്ചത്. തുടക്കത്തില്‍ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ച മമ്മൂട്ടി ആദ്യമായി സംഭാഷണം പറയുന്നത് 1973 ല്‍ അഭിനയിച്ച കാലചക്രത്തിലാണ് ആദ്യമായി മമ്മൂട്ടി ഡയലോഗ് പറഞ്ഞത്.
എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല.
അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷക ജോലിയില്‍ ഏര്‍പ്പെട്ട ശേഷമാണ് അഭിനയരംഗത്തേക്ക് കാര്യമായി മമ്മൂട്ടി എത്തുന്നത്.
സജിന്‍ എന്ന പേരിലായിരുന്നു മമ്മൂട്ടി സിനിമയില്‍ തുടക്കക്കാലത്ത് അഭിനയിച്ചിരുന്നത്. പിന്നീട് 1980 ല്‍ കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത മേളയാണ് മമ്മൂട്ടിക്ക് കരിയറില്‍ ബ്രേക്ക് നല്‍കുന്നത്.
പിന്നീട് പി.ജി വിശ്വംഭരന്‍, ഐ.വി ശശി, ജോഷി, സത്യന്‍ അന്തിക്കാട് തുടങ്ങി നിരവധി സംവിധായകരുടെ സിനിമയിലൂടെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ പട്ടം സ്വന്തമാക്കുകയായിരുന്നു.
50 വര്‍ഷത്തെ അഭിനയ കാലയളവില്‍ മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്.
1998ല്‍ ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. 2ഛ10 ജനുവരിയില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വര്‍ഷം ഡിസംബറില്‍ തന്നെ ഡോകടറേറ്റ് നല്‍കി കാലിക്കറ്റ് സര്‍വകലാ കലാശാലയും ആദരിച്ചു.
ഇതുവരെ നാന്നൂറിലധികം സിനിമകള്‍ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, കന്നട ഭാഷകളിലായി മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. പുഴു, ബിലാല്‍, ഭീഷ്മപര്‍വം എന്നീ സിനിമകളാണ് മമ്മൂട്ടിയുടെതായി ഇനി തിയേറ്ററുകളില്‍ എത്താനിരിക്കുന്ന സിനിമകള്‍.