അതുല്യ കലാകാരന്‍ നെടുമുടി വേണുവിന്റെ ദേഹവിയോഗത്തില്‍ വിതുമ്പുകയാണ് മലയാള സിനിമാ ലോകം. നിരവധിപേരാണ് അദ്ദേഹത്തിന് അനുശോചനങ്ങളും ആദരാഞ്ജലികളും അര്‍പ്പിക്കുന്നത്.
മലയാളത്തിന്റെ പ്രിയനടന് ആദരാഞ്ജലികളര്‍പ്പിക്കുകയാണ് മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തുന്നത്.
‘അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടന്‍ നമ്മെ വിട്ടുപിരിഞ്ഞു. നാടക അരങ്ങുകളില്‍ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേര്‍പാട് മലയാളത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ്. വ്യക്തിപരമായി എനിക്കതൊരു വലിയ വേദനയും.
ഒരു ജേഷ്ഠ സഹോദരനെപ്പോലെ, ചേര്‍ത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടന്‍ എനിക്ക്. എത്ര സിനിമകളില്‍ ഒന്നിച്ചു ഞങ്ങള്‍. മലയാളം നെഞ്ചോടുചേര്‍ത്ത എത്ര വൈകാരിക സന്ദര്‍ഭങ്ങള്‍ ഒന്നിച്ചു സമ്മാനിക്കാനായി ഞങ്ങള്‍ക്ക്.
ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എന്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നല്‍കാന്‍ ആവുന്നില്ല. കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിന്റെ സ്‌നേഹച്ചൂട് ഹൃദയത്തില്‍ നിന്ന് ഒരിക്കലും മായില്ല,’ എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ചിത്രം, താളവട്ടം, ബാലേട്ടന്‍, ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. മലയാളികള്‍ ഒരിക്കലും മറക്കാത്ത അഭിനയ മുഹൂര്‍ത്തങ്ങളാണ് ഇരുവരും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നത്.
കേരളത്തിലെ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. സാഹിത്യത്തെയും അഭിനയകലയെയും ഒരുപോലെ സ്നേഹിച്ച നെടുമുടി വേണുവിന്റെ നിര്യാണം നമ്മുടെ സാംസ്‌കാരികരംഗത്തിന് അപരിഹാര്യമായ നഷ്ടമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.
വിനീത് ശ്രീനിവാസന്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ് സുകുമാരന്‍ തുടങ്ങി മലയാളത്തിലെ നിരവധി താരങ്ങള്‍ ഈ അതുല്യകലാകാരനെ ഓര്‍മിച്ചുകൊണ്ട് കുറിപ്പുകള്‍ പങ്കുവെച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയോടെയാണ് നെടുമുടി വേണുവിന്റെ മരണവാര്‍ത്ത പുറത്ത് വരുന്നത്. ഉദരസംബന്ധമായ അസുഖങ്ങളുടെ തുടര്‍ന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ കഴിയവെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
കൊവിഡ് പോസിറ്റീവായിരുന്നെന്നും ഇതിനു പിന്നാലെയാണ് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് ആരോഗ്യപ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.
നാല് പതിറ്റാണ്ടായി മലയാള സിനിമയിലെ സജീവ സാന്നിധ്യമായ അദ്ദേഹം മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
തിയേറ്ററിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലും പ്രദര്‍ശനത്തിനെത്തിയ ‘ആണും പെണ്ണും’ എന്ന ആന്തോളജി ചിത്രമാണ് അദ്ദേഹത്തിന്റേതായി അവസാനം റിലീസ് ചെയ്തത്.
ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമല്‍ ഹാസന്റെ ‘ഇന്ത്യന്‍ 2’ ലും അദ്ദേഹം അഭിനയിക്കും എന്ന് വാര്‍ത്ത പുറത്ത് വന്നിരുന്നു.