സിനിമയിലെ നായകന്‍മാര്‍ എത്ര പ്രായക്കൂടുതലുള്ളവരാണെങ്കിലും നായികമാര്‍ ചെറുപ്പമായിരിക്കണമെന്നൊരു പൊതുധാരണ സിനിമാ മേഖലയിലുണ്ട്. മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ ഇത്തരം വിമര്‍ശനങ്ങള്‍ നേരിട്ടതുമാണ്. എന്നാല്‍ ഇത്തരം വിഷയത്തിലൊന്നും താരങ്ങള്‍ പ്രതികരണം നടത്താറില്ല. എന്നാല്‍ ഇത്തരമൊരു വിമര്‍ശനത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.
മകളേക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ കാമുകവേഷത്തില്‍ സ്വയമാവര്‍ത്തിച്ചത് പ്രായത്തിനൊത്ത കഥാപാത്രങ്ങളെ സ്വീകരിക്കാനുള്ള വൈമുഖം കൊണ്ടല്ലേയെന്ന മോഹന്‍ലാലിനോടുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
” സിനിമയില്‍ പണ്ടുമുതലേ ഹീറോമാര്‍ പ്രായമായാലും ചെറുപ്പക്കാരികളായ ഹീറോയിന്‍മാര്‍ക്കൊപ്പമഭിനയിക്കും. ലോകത്ത് മുഴുവന്‍ അങ്ങനെയാണ്. പക്ഷേ കഴിഞ്ഞ കുറേ വര്‍ഷമായി അങ്ങനെ ചെറുപ്പക്കാരികളുടെ നായകനായി ഞാനഭിനയിച്ചത് ഏത് സിനിമയാണെന്ന് പോലുമറിയില്ല.
പത്തുനാല്‍പ്പതുകൊല്ലമായി സിനിമയില്‍ നില്‍ക്കുന്ന ഒരാളെപ്പറ്റി പറയുമ്പോള്‍ അയാള്‍ അത്തരം ആരോപണങ്ങളില്‍ കൂടി സഞ്ചരിക്കണം. അല്ലെങ്കില്‍ പിന്നെ എന്താ രസം? ഞാനൊരിക്കല്‍ നമ്മുടെ മധുസാറുമായി സംസാരിക്കുകയായിരുന്നു. അപ്പോള്‍ ഈ കാര്യം ഞാന്‍സാറിനോടു ചോദിച്ചു. അപ്പോള്‍ സാര്‍ പറഞ്ഞു.”” എടോ നമ്മുടെ ജീവിതത്തില്‍ അങ്ങനെയും ചിലതൊക്കെ വേണ്ടേ? വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഒക്കെ ഓരോ ഘട്ടങ്ങളല്ലേ? “” ഇതായിരുന്നു ലാലിന്റെ പ്രതികരണം.
മംഗംളം പ്രസിദ്ധീകരണമായ കന്യകയിലെ മോഹനരാഗങ്ങള്‍ എന്ന അഭിമുഖ പരമ്പരയിലായിരുന്നു മോഹന്‍ലാല്‍ മനസുതുറന്നത്.