|

മരക്കാര്‍ ഡബ് കഴിഞ്ഞ് മോഹന്‍ലാല്‍ എന്നെ വിളിച്ച്, അണ്ണാ ഞാന്‍ എങ്ങനെയുണ്ടെന്ന് ചോദിച്ചിരുന്നു: സിദ്ദീഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കുന്നതിനെ പറ്റി പറയുകയാണ് നടന്‍ സിദ്ദീഖ്. മമ്മൂട്ടിയുടെ ഒപ്പം അഭിനയിക്കുമ്പോള്‍ അദ്ദേഹം അധികം അഭിനന്ദിക്കാറില്ലെന്നും എന്നാല്‍ മോഹന്‍ലാല്‍ അങ്ങനെയല്ലെന്നും സിദ്ദീഖ് പറഞ്ഞു. തന്നെ അഭിനന്ദിക്കുന്നതിനൊപ്പം സ്വന്തം അഭിനയത്തെ പറ്റി അദ്ദേഹം അഭിപ്രായം ചോദിക്കാറുണ്ടെന്നും ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ദീഖ് പറഞ്ഞു.

‘ഇവരില്‍ നിന്നൊക്കെ കിട്ടുന്ന അഭിനന്ദനം ചിലപ്പോള്‍ വളരെ ചെറുതായിരിക്കും. മമ്മൂക്കയുടെ കൂടെ അഭിനയിക്കുന്ന സമയത്ത് നീ കലക്കാനായി എന്നൊന്നും പറയില്ല. ഏറ്റവും വലിയ അഭിനന്ദനമൊക്കെയായി കിട്ടുന്നത് കൊള്ളാല്ലോ നീ എന്നൊക്കെ പറയുന്നതാണ്. അത്രയൊക്കെ ഉണ്ടാവുകയുള്ളൂ. പക്ഷേ അതൊക്കെ വലിയ നിധിയാണ്. മോഹന്‍ലാല്‍ പിന്നെയും സിനിമ കണ്ടിട്ട് എന്നെ വിളിക്കാറുണ്ട്. സിദ്ദീഖ് നന്നായിട്ടുണ്ട് കേട്ടോ എന്ന് പറയും. പിന്നെ ഞാന്‍ അന്ന് ഉറങ്ങില്ല. അതൊക്കെ വലിയ കാര്യമാണ്.

കുഞ്ഞാലി മരക്കാര്‍ ഡബ് കഴിഞ്ഞ് മോഹന്‍ലാല്‍ എന്നോട് വിളിച്ച് അണ്ണാ ഞാന്‍ എങ്ങനെയുണ്ട് എന്ന് ചോദിച്ചിട്ടുണ്ട്. മോഹന്‍ലാലിനെ പോലെ ലോകം അംഗീകരിച്ച കംപ്ലീറ്റ് ആക്ടര്‍ എന്ന് പറയുന്ന ഒരാള്‍ എന്നോട് ചോദിക്കുകയാണ് അദ്ദേഹം എങ്ങനെയുണ്ടായിരുന്നുവെന്ന്. നമുക്കാണ് പുറത്ത് നിന്ന് നോക്കുമ്പോള്‍ ഇവര്‍ സൂപ്പര്‍ താരങ്ങളാണെന്ന് തോന്നുന്നത്. അവര്‍ക്ക് അങ്ങനെ ഒന്നുമില്ല,’ സിദ്ദീഖ് പറഞ്ഞു.

‘രാവിലെ എഴുന്നേറ്റ് ഞാന്‍ ഷൂട്ടിങ്ങിന് പോകുമ്പോള്‍ എന്തിനാണ് ഇങ്ങനെ കിടന്ന് വെപ്രാളപ്പെടുന്നത് എന്ന് ഭാര്യയും മക്കളും ചോദിക്കാറുണ്ട്. അവിടെ വെച്ച സാധനമെവിടെ അതെവിടെ ഇതെവിടെ എന്ന് പറഞ്ഞ് എന്നും ഞാന്‍ വെപ്രാളപ്പെടും.

എന്നാല്‍ അത് വെപ്രാളമല്ലെന്ന് എനിക്ക് അറിയാം. എനിക്ക് എങ്ങനെയെങ്കിലും ആ ലൊക്കേഷനില്‍ ഒന്ന് എത്തിയാല്‍ മതി. രാവിലെ കുളിച്ചൊരുങ്ങി ലൊക്കേഷനിലേക്ക് പോവുക എന്നുള്ളതാണ് ജീവിതത്തിലെ ഏറ്റവും വലിയ എന്‍ജോയ്‌മെന്റ്. അതിപ്പോള്‍ ഷൂട്ടിന് മാത്രമല്ല, ഡബിങ്ങിനാണെങ്കിലും അങ്ങനെയാണ്. സിനിമയുമായി ബന്ധപ്പെട്ട് എന്ത് കാര്യത്തിന് പോകുന്നതിനും എനിക്ക് ഇഷ്ടമാണ്,’ സിദ്ദീഖ് പറഞ്ഞു.

എന്നാലും ന്റെളിയാ ആണ് ഒടുവില്‍ റിലീസ് ചെയ്ത സിദ്ദീഖിന്റെ ചിത്രം. ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ഗായത്രി അരുണ്‍, ലെന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Mohanlal called me after Marakaar dub and asked me how was his perfomance, says  Siddique