| Wednesday, 21st September 2016, 6:22 pm

ശത്രുവിന്റെ ആയുധം ചങ്കിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ അലസനായിരിക്കാന്‍ പാകത്തില്‍ യുദ്ധവിരുദ്ധനല്ല താന്‍: മോഹന്‍ലാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമര്‍ ജവാന്‍ അമര്‍ ഭാരത് എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്ന ബ്ലോഗില്‍  ഇന്ത്യക്കു നേരെ ആക്രമണം നടത്തുന്ന പാക്കിസ്ഥാന് ലജ്ജയില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു.


കാശ്മീരിലെ ഉറി സൈനിക ക്യാമ്പില്‍ നടന്ന ഭീകരാക്രമണത്തില്‍ 18 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ലഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍.

അമര്‍ ജവാന്‍ അമര്‍ ഭാരത് എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്ന ബ്ലോഗില്‍  ഇന്ത്യക്കു നേരെ ആക്രമണം നടത്തുന്ന പാക്കിസ്ഥാന് ലജ്ജയില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു.

ഇന്ത്യയെ ഉറങ്ങുമ്പോള്‍ മാത്രമേ ആക്രമിക്കാന്‍ സാധിക്കൂ എന്നത് കൊണ്ടായിരിക്കാം ഇതെന്നും ഇന്ത്യ ഉണര്‍ന്നാല്‍, അത് ആത്മീയമായിട്ടാണെങ്കിലും ഭൗതികമായിട്ടാണെങ്കിലും സൈനികമായിട്ടാണെങ്കിലും ലോകം തലകുനിക്കുമെന്നും ലാല്‍ തന്റെ ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

താന്‍ യുദ്ധക്കൊതിയനല്ലെന്നും എന്നാല്‍ പ്രതിരോധിക്കേണ്ട സമയത്ത് പ്രതിരോധിക്കണമെന്നും അതിന് ആദ്യം വേണ്ടത് ഐക്യമാണെന്നും ലാല്‍ പറഞ്ഞു.

ഞാനൊരു യുദ്ധക്കൊതിയനല്ല. എന്നാല്‍ ശത്രുവിന്റെ ആയുധം നമ്മുടെ ചങ്കിനുള്ളിലേക്ക് അഴ്ന്നിറങ്ങുമ്പോഴും അലസമായിരിക്കാന്‍ പാകത്തില്‍ യുദ്ധവിരുദ്ധനുമല്ല. പ്രതിരോധിക്കേണ്ട സ്ഥലത്ത് പ്രതിരോധിക്കുകയും തിരിച്ചടിക്കേണ്ട സമയത്ത് തിരിച്ചടിക്കുകയും ചെയ്യുക എന്നത് സൈന്യ സന്നദ്ധമായ ഒരു രാജ്യത്തിന്റെ അജണ്ടയിലുള്ള കാര്യമാണ്. ഇതിന് ആദ്യം വേണ്ടത് പ്രജകള്‍ ഒറ്റക്കെട്ടായി ഒരേവീര്യത്തോടെ രാജ്യത്തിന് പിറകില്‍ അണിനിരക്കുക എന്നതാണ്. ലാല്‍ കുറിക്കുന്നു.

എതിരെ ശത്രു വന്ന് നില്‍ക്കുമ്പോഴും തുച്ഛമായ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ചേരി തിരിഞ്ഞ് വാചകക്കസര്‍ത്തുകള്‍ നടത്തുന്നത് ഭീകര പ്രവര്‍ത്തനത്തോളം തന്നെ നാണം കെട്ട കാര്യമാണെന്ന് ലാല്‍ വിമര്‍ശിക്കുന്നു. എല്ലാ വ്യത്യാസങ്ങള്‍ക്കും ഉപരി ഇന്ത്യ എന്ന വലിയ വികാരത്തിന് പിന്നില്‍ ഒന്നായി അണിനിരക്കാന്‍ നാം ഇനിയും പഠിക്കേണ്ടതുണ്ടെന്നെന്നും ലാല്‍ കുറിച്ചു.

സൈനികര്‍ ആക്രമിക്കപ്പെടുന്ന അവസരത്തില്‍ ഉയരുന്ന വിഭിന്ന ശബ്ദങ്ങളില്‍ പ്രതിഷേധമുയര്‍ത്തുന്ന വിമര്‍ശനക്കാര്‍ ഒരു മണിക്കൂറെങ്കിലും ഈ അതിര്‍ത്തിപ്രദേശങ്ങളില്‍ വന്ന് നില്‍ക്കാന്‍ തയ്യാറാവുമോ എന്നും ലാല്‍ ചോദിക്കുന്നു.

വീരമൃത്യു വരിച്ച ഈ ജവാന്‍മാരുടെ ചിതാഗ്‌നിയില്‍ നിന്നായിരിക്കണം ഇന്ത്യ ഒറ്റക്കെട്ടായി ഉണരേണ്ടത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അവരോട് നമുക്ക് ചെയ്യാവുന്ന അവസാന നീതിയും നന്ദിയും ഭേദഭാവങ്ങളില്ലാതെ ധീരമായി ഈ രാജ്യത്തിന്റെ കൊടിക്ക് കീഴില്‍ അണിനിരക്കുക എന്നതാണ്. ഓരോരുത്തരും ഓരോ പടയാളികളാവുക, അമ്മയുടെ മക്കളാവുക. ഇപ്പോള്‍ രാജ്യം ആവശ്യപ്പെടുന്നത് അതാണ്. ലാല്‍ കുറിക്കുന്നു.

We use cookies to give you the best possible experience. Learn more