| Sunday, 21st May 2017, 9:35 am

ദൈവവുമായി രഹസ്യധാരണയുള്ള മോഹന്‍ലാല്‍; പിറന്നാളാശംസയുമായി ബി ഉണ്ണികൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന് ഇന്ന് 57ാം പിറന്നാള്‍. ലാലേട്ടന് ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമാ ലോകവും ആരാധകരും.
മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും രംഗത്തെത്തി. മോഹന്‍ലാലിന് പിറന്നാള്‍ ആശംസ നേരുകയെന്നാല്‍ തന്നെപ്പോലെ മധ്യവയസ്സിലെത്തിനില്‍ക്കുന്ന ഒരു മലയാളി തിരിഞ്ഞ് നിന്ന് സ്വന്തം ജീവിതത്തില്‍ താന്‍ താണ്ടിയ ദൂരങ്ങളെ, ഇന്നേവരെ താനനുഭവിച്ച വൈകാരിക സൂക്ഷ്മതകളെ, തിരസ്‌ക്കാരങ്ങളെ, വേദനകളെ, ഹര്‍ഷോന്മാദങ്ങളെ, പ്രണയ സുഗന്ധങ്ങളെ, അക്രമോത്സുകതയെ, ചെറുത്തുനില്‍പ്പുകളെ, നൈരാശ്യങ്ങളെ, പൊട്ടിച്ചിരികളെ…എല്ലാറ്റിനേയും അഭിവാദ്യം ചെയ്യുക എന്നാണര്‍ത്ഥമെന്ന് ഉണ്ണികൃഷ്ണന്‍ കുറിക്കുന്നു.

ബി ഉണ്ണികൃഷ്ണന്‍ ഇന്നലെ രാത്രി ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ്

മണി 12 ആയിട്ടില്ല. എങ്കിലും, ഒരല്‍പ്പം നേരത്തെ, എന്റെ ഏറ്റവും പ്രിയപ്പെട്ട നടന് ജന്മദിനാശംസകള്‍ നേരുന്നു. മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേരുകയെന്നാല്‍, എന്നെപ്പോലെ ഇപ്പോള്‍ മധ്യവയസ്സിലെത്തിനില്‍ക്കുന്ന ഒരു മലയാളി തിരിഞ്ഞ് നിന്ന് സ്വന്തം ജീവിതത്തില്‍ താന്‍ താണ്ടിയ ദൂരങ്ങളെ, ഇന്നേവരെ താനനുഭവിച്ച വൈകാരിക സൂക്ഷ്മതകളെ, തിരസ്‌ക്കാരങ്ങളെ, വേദനകളെ, ഹര്‍ഷോന്മാദങ്ങളെ, പ്രണയ സുഗന്ധങ്ങളെ, അക്രമോത്സുകതയെ, ചെറുത്തുനില്‍പ്പുകളെ, നൈരാശ്യങ്ങളെ, പൊട്ടിച്ചിരികളെ…എല്ലാറ്റിനേയും അഭിവാദ്യം ചെയ്യുക എന്നര്‍ത്ഥം. ഒരുപക്ഷേ, നമ്മളില്‍ ഒരുപാടുപേരുടെ ജീവിതങ്ങളെ, നമ്മളേക്കാള്‍ മിഴിവോടെ “ജീവിച്ച് കാണിച്ചയാള്‍” മോഹന്‍ലാല്‍ ആയിരിക്കും.


Dont Miss പോര് മുറുകുന്നു; സെന്‍കുമാറിന്റെ വിവാദ ഉത്തരവുകള്‍ മരവിപ്പിച്ച് സര്‍ക്കാര്‍ 


ഏതൊരു സംവിധായകനേയും, എഴുത്തുകാരനേയും, കാണിയേയും അത്ഭുതപ്പെടുത്തുന്ന ഒരു മാജിക്ക് എപ്പോള്‍ വേണമെങ്കിലും മോഹന്‍ലാലില്‍ നിന്ന് സംഭവിക്കാം. “വില്ലനി”ല്‍ സിദ്ദിഖും മോഹന്‍ലാലും തമ്മിലുള്ള ഒരു സീനുണ്ട്. മുഴുവന്‍ സംഭാഷണങ്ങളും സിദ്ദിഖിന്റേതാണ്. ആ രംഗത്തുടനീളം, മോഹന്‍ലാല്‍ കണ്ണുകള്‍ നിലത്തുനിന്നുയര്‍ത്താതെയാണ് “റിയാക്റ്റ്” ചെയ്തിട്ടുള്ളത്. സീനിന്റെ അവസാനം ഒരു പ്രധാനപ്പെട്ട സഭാഷണം സിദ്ദിഖ് പറയുമ്പോള്‍, ഞാനടുത്ത് ചെന്ന് ലാല്‍ സാറിനോട് ചോദിച്ചു, ” ഇവിടെ സിദ്ദിഖിനെ നോക്കണമോയെന്ന്.” ” എനിക്ക് താഴെത്തന്നെ നോക്കാനാണ് തോന്നുന്നത്. വേണമെങ്കില്‍ ഞാന്‍ സിദ്ദിഖിന് നേരെ നോക്കാം” എന്നാണ് എന്നോട് മറുപടി പറഞ്ഞത്. ” വേണ്ടാ, അങ്ങനെ തോന്നുന്നെങ്കില്‍ താഴെത്തന്നെ നോക്കിയാല്‍ മതി” എന്ന് ഞാനും പറഞ്ഞു. അത്തരം നിമിഷങ്ങളില്‍ ഒരു വലിയ നടന്റെ “തോന്നലുകളെ” സംവിധായകന്‍ വിശ്വസിക്കണം. ഇപ്പോള്‍, ആ സീന്‍ എഡിറ്റ് ചെയ്തപ്പോള്‍, ആ നില്‍പ്പിന്റെ തീഷ്ണത കണ്ട് ഞാന്‍ അമ്പരന്ന് പോയി. ഇതൊന്നുമറിയാതെ, എന്റെ എഡിറ്റര്‍ ഷമീര്‍ പറഞ്ഞു, ” ലാല്‍ സാറ് പൊളിച്ചൂട്ടോ…” ഇത്, ഒരു പക്ഷേ മോഹന്‍ലാല്‍ പറയുന്ന പോലെ, അദ്ദേഹവും ദൈവവും തമിലുള്ള ഒരു രഹസ്യ ധാരണയായിരിക്കും. ഭ്രമരവും കിരീടവും, മണിച്ചിത്രത്താഴും, സ്ഫടികവും, സദയവും, ദശരഥവും, ചിത്രവും ഒക്കെ കണ്ട്, തീയറ്ററില്‍ കൈ അടിച്ചവരുടെ കൂട്ടത്തിലൊരാള്‍ ദൈവമായിരിക്കണം. ദൈവത്തിന്റെ കൈയടികള്‍ ഇനിയുമൊരുപാട് ഏറ്റ് വാങ്ങാന്‍ ശ്രീ.മോഹന്‍ലാലിന് കഴിയട്ടെ! നമ്മളിലെ നമ്മളെ, തന്റെ കഥാപാത്രങ്ങളിലൂടെ, നമ്മള്‍ക്കായി ഇനിയും ഇനിയും വെളിപ്പെടുത്തിതരാന്‍ അദ്ദേഹത്തിന് തരപ്പെടട്ടെ.

We use cookies to give you the best possible experience. Learn more