| Wednesday, 26th May 2021, 1:23 pm

ബിഗ് ബ്രദറിന്റെ ഹിന്ദി പതിപ്പിന് അഭിനന്ദന പ്രവാഹവും ദിവസങ്ങള്‍ക്കുള്ളില്‍ കോടിയിലേറെ കാഴ്ചക്കാരും; 'കുട്ടിമാമാ ഞാന്‍ ഞെട്ടിമാമാ' എന്ന് മലയാളികള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ വര്‍ഷമിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിന്റെ ഹിന്ദി പതിപ്പിന് യൂട്യൂബില്‍ അഭിനന്ദന പ്രവാഹം. മെയ് 16നാണ് ഹിന്ദി പതിപ്പ് യൂട്യൂബിലെത്തിയത്. ഒരാഴ്ചക്കുള്ളില്‍ ഒന്നര കോടിയിലേറെ പേരാണ് ചിത്രം കണ്ടത്.

മോഹന്‍ലാലിന്റെ ഏറ്റവും മികച്ച സിനിമയാണെന്നും ഇത്രയും ഇമോഷണലാക്കിയ ഒരു സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നുമെല്ലാം കമന്റുകളില്‍ പറയുന്നുണ്ട്. ആയിരക്കണക്കിന് കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.

സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ബിഗ് ബ്രദര്‍ കേരളത്തിലെ തിയേറ്ററുകളില്‍ പരാജയപ്പെട്ട ചിത്രമായിരുന്നു. ബോക്‌സ് ഓഫീസില്‍ ഒരു ചലനവും ചിത്രത്തിന് സൃഷ്ടിക്കാനായിരുന്നില്ല.

ഇപ്പോള്‍ ഉത്തരേന്ത്യയില്‍ ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത കണ്ട് കണ്ണു തള്ളിയിരിക്കുകയാണ് മലയാളികള്‍ക്ക്. നിരവധി പേരാണ് ഹിന്ദി പതിപ്പിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

കുട്ടി മാമ ഞാന്‍ ഈ കമന്റ് കണ്ട് ഞെട്ടി മാമ, എന്തായിരിക്കും ഈ സിനിമയില്‍ ഇവരെല്ലാം കണ്ടത് എന്ന് ചില കമന്റുകളില്‍ ചോദിക്കുന്നു. ഇത് അതേ ബിഗ് ബ്രദര്‍ തന്നെയല്ലേ, ബോളിവുഡിലിറങ്ങേണ്ട ചിത്രം മോളിവുഡിലിറങ്ങിയതായിരുന്നോ പ്രശ്‌നം എന്നിങ്ങനെയും ചില മലയാളി കമന്റുകളുണ്ട്.

നേരത്തെയും മലയാളത്തില്‍ പരാജയപ്പെട്ട പല ചിത്രങ്ങളും ഹിന്ദിയിലേക്ക് മൊഴിമാറ്റി യൂട്യൂബില്‍ റിലീസ് ചെയ്തപ്പോള്‍ ബോളിവുഡ് ആരാധകരില്‍ നിന്നും വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

മോഹന്‍ലാലിനൊപ്പം ബോളിവുഡ് താരം അര്‍ബാസ് ഖാനും ബിഗ് ബ്രദറില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അനൂപ് മേനോന്‍, ഹണി റോസ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, സര്‍ജാനോ ഖാലിദ്, സിദ്ദിഖ് എന്നിവരായിരുന്നു ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളായെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight:  Mohanlal’s  Malayalam movie Big Brother  Hindi remake gets praised on YouTube, Malayalees are shocked

We use cookies to give you the best possible experience. Learn more