ഗുണ്ടകളെ പോലെയാണ് അവര്‍ അന്ന് വീട്ടിലേക്ക് വന്നത്; അതൊന്നും ചെയ്യാന്‍ ലാലിന് പറ്റില്ലെന്നും പറഞ്ഞു: ഭരതന്‍
Entertainment news
ഗുണ്ടകളെ പോലെയാണ് അവര്‍ അന്ന് വീട്ടിലേക്ക് വന്നത്; അതൊന്നും ചെയ്യാന്‍ ലാലിന് പറ്റില്ലെന്നും പറഞ്ഞു: ഭരതന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th February 2023, 10:02 am

ഇരുപത്തിയേഴ് വര്‍ഷത്തിന് ശേഷം ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം തിയേറ്ററുകളിലേക്ക് എത്തി. മോഹന്‍ലാല്‍ നായകനായെത്തിയ സിനിമക്ക് അന്നും ഇന്നും ഒരുപോലെ സ്വീകാര്യതയുണ്ട്. സിനിമ വീണ്ടും തിയേറ്ററിലെത്തിച്ചതിന്റെ കാരണം പറയുകയാണ് സംവിധായകന്‍ ഭദ്രന്‍.

മോഹന്‍ലാല്‍ ഫാന്‍സ് കാരണമാണ് ഇത്തരത്തില്‍ സിനിമ ചെയ്യുന്നതെന്നും പലരും തന്നോട് ഇക്കാര്യം അഭ്യര്‍ത്ഥിക്കാറുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിന്റെ ജന്മദിനങ്ങളില്‍ പ്രൊജക്ടര്‍ ഉപയോഗിച്ച് ചിലര്‍ സ്ഫടികം പ്രദര്‍ശിപ്പിക്കുമായിരുന്നു എന്നും ഭദ്രന്‍ പറഞ്ഞു. സിനിമയുടെ റീ റിലീസുമായി ബന്ധപ്പെട്ട് മോഹന്‍ലാലും ഭദ്രനും നടത്തിയ ഫേസ്ബുക്ക് ലൈവിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘സ്ഫടികം വീണ്ടും റിലീസ് ചെയ്യുന്നതിനുള്ള കാരണം നിങ്ങള്‍(മോഹന്‍ലാല്‍) തന്നെയാണ്. നിങ്ങളുടെ ജന്മദിനങ്ങളാണ അതിന്റെ പ്രധാന കാരണം. പാലാ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട മേഖലകളിലെ നിരവധി ആളുകള്‍ മുപ്പത് നാല്‍പ്പത് മോട്ടോര്‍ സൈക്കിളുകളില്‍ വീട്ടിലേക്ക് വരും. ഗുണ്ടകളെ പോലെയാണ് വരിക.

എന്നിട്ട് വൈറ്റ് സ്‌ക്രീനില്‍ സ്ഫടികം കാണിക്കണമെന്ന് എന്നോട് അഭ്യര്‍ത്ഥിക്കും. ഒരു കല്യാണ ചടങ്ങില്‍ വെച്ച്, തങ്ങളുടെ കയ്യില്‍ ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് ഫിലിം ഇരിപ്പുണ്ടെന്നും ഒരു തെങ്ങില്‍ തുണി വലിച്ചുകെട്ടി പ്രൊജക്ടറെല്ലാം സംഘടിപ്പിച്ച് കണ്ടോളാമെന്നും പറഞ്ഞു. ആ എനര്‍ജിയിലാണ് ഇങ്ങനെയൊരു തോന്നലുണ്ടായത്.

ചിത്രത്തില്‍ ഒരു ഫൈറ്റിനുശേഷം ഓടുന്ന റിക്ഷയ്ക്ക് മുകളിലൂടെ അപ്പുറത്തേക്ക് ലാല്‍ ചാടുന്ന സീനുണ്ട്. അങ്ങനെ ചെയ്യാന്‍ സാധിക്കുമോയെന്ന് ചിരിച്ചുകൊണ്ട് ലാല്‍ എന്നോട് ചോദിച്ചു. അന്ന് ഞാന്‍ മറുപടി പറഞ്ഞത് ഇങ്ങനെയാണ്, ലാലിന് പറ്റില്ലായിരിക്കും, പക്ഷേ തോമക്ക് പറ്റും. ഇന്ന് ആ സീനിന് പ്രേക്ഷകരുടെ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്,’ ഭദ്രന്‍ പറഞ്ഞു.

content highlight: mohanlal bhadran facebook live